LiveTV

Live

Entertainment

ഓണ്‍ലൈന്‍ പഠനത്തിന് നെറ്റ്‍‍‍ വര്‍ക്കിനായി വിദ്യാര്‍ഥികള്‍ മരത്തില്‍; സോനു സൂദ് ടവര്‍ സ്ഥാപിച്ചുനല്‍കി

നെറ്റ് വര്‍ക്ക് ലഭിക്കാന്‍ മരത്തിന് മുകളില്‍ കയറിയിരിക്കുന്ന വിദ്യാര്‍ഥികളുടെ ദൃശ്യം സോഷ്യല്‍ മീഡിയ വഴിയാണ് സോനു സൂദിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.


ഓണ്‍ലൈന്‍ പഠനത്തിന് നെറ്റ്‍‍‍ വര്‍ക്കിനായി വിദ്യാര്‍ഥികള്‍ മരത്തില്‍; സോനു സൂദ് ടവര്‍ സ്ഥാപിച്ചുനല്‍കി

മൊബൈല്‍ നെറ്റ് വർക്ക് ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം തടസ്സപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ടവര്‍ സ്ഥാപിച്ച് നല്‍കി നടന്‍ സോനു സൂദ്. ഹരിയാനയിലെ ദാപന ഗ്രാമത്തിലെ വിദ്യാര്‍ഥികള്‍ക്കാണ് നടന്‍ സഹായമെത്തിച്ചത്. നെറ്റ് വര്‍ക്ക് ലഭിക്കാന്‍ മരത്തിന് മുകളില്‍ കയറിയിരിക്കുന്ന വിദ്യാര്‍ഥികളുടെ ദൃശ്യം സോഷ്യല്‍ മീഡിയ വഴിയാണ് സോനു സൂദിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. സോനു സൂദ് സുഹൃത്ത് കരണ്‍ ഗില്‍ഹോത്രക്കൊപ്പം ചേര്‍ന്നാണ് ഗ്രാമത്തില്‍ മൊബൈല്‍ ടവര്‍ എത്തിച്ചത്.

'കുട്ടികള്‍ നാളെയുടെ വാഗ്ദാനമാണ്. അവര്‍ക്ക് നല്ലൊരു ഭാവിക്കായി അവസരങ്ങളുണ്ടാവണം. കുട്ടികളെ സഹായിക്കാന്‍ കഴിയുന്നത് തന്നെ ബഹുമതിയായി കരുതുന്നു. ഇനി അവര്‍ക്ക് മൊബൈല്‍ സിഗ്നലിനായി മരത്തില്‍ കയറേണ്ടിവരില്ല'- സോനു സൂദ്.

'പഠിക്കാന്‍ അടിസ്ഥാന സൌകര്യങ്ങള്‍ പോലുമില്ലാത്ത വിദ്യാര്‍ഥികളുടെ അവസ്ഥ വേദനിപ്പിക്കുന്നതാണ്. അവര്‍ക്കായി നമ്മളെ കൊണ്ട് പറ്റുന്നതൊക്കെ ചെയ്യണം. കുട്ടികളുടെ ബുദ്ധിമുട്ട് അറിഞ്ഞ് ഇന്‍ഡസ് ടവര്‍, എയര്‍ടെല്‍ പ്രതിനിധികളുമായി സംസാരിച്ചു. അവര്‍ പ്രദേശത്ത് ടവര്‍ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തി ഗ്രാമത്തില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് ഉറപ്പാക്കി. ഇനി കുട്ടികള്‍ക്ക് വീട്ടില്‍ സുരക്ഷിതരായി ഇരുന്ന് പഠിക്കാം- കരണ്‍ ഗില്‍ഹോത്ര പറഞ്ഞു.

കോവിഡ് പ്രതിസന്ധിയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കും കഷ്ടപ്പെടുന്നവര്‍ക്കും ഏറെ സഹായങ്ങളെത്തിച്ചിരുന്നു സോനു സൂദ്. ലോക് ഡൗണിൽ പലയിടങ്ങളിലായി കുടുങ്ങിയ തൊഴിലാളികള്‍ക്ക് അവരുടെ വീട്ടിലെത്താന്‍ നിരവധി ബസ്സുകള്‍ സോനു സൂദ് ഏര്‍പ്പാടാക്കി. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ഫോണില്ലാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് ഫോണ്‍ നല്‍കി. ഇതിനിടെയുണ്ടായ വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കും സഹായം എത്തിച്ചു.