LiveTV

Live

Entertainment

എസ്.പി.ബിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് കമല്‍ഹാസന്‍; തനിക്കായി പാടിയ പാട്ടുകള്‍ക്ക് നന്ദി അറിയിച്ച് സല്‍മാന്‍ ഖാന്‍

എസ്.പി.ബിക്ക് എത്രയും പെട്ടെന്ന് ഭേദമാകാന്‍ പ്രാര്‍ത്ഥനയിലാണ് സിനിമാ ലോകം

എസ്.പി.ബിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് കമല്‍ഹാസന്‍; തനിക്കായി പാടിയ പാട്ടുകള്‍ക്ക് നന്ദി അറിയിച്ച് സല്‍മാന്‍ ഖാന്‍

പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമായെന്നും വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിയുന്നതെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു. എസ്.പി.ബിക്ക് എത്രയും പെട്ടെന്ന് ഭേദമാകാന്‍ പ്രാര്‍ത്ഥനയിലാണ് സിനിമാ ലോകം. ചെന്നൈ എംജിഎം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എസ്.പി.ബിയെ നടന്‍ കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.

''ജീവന്‍ രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നത്. അത് എത്രത്തോളം ഫലവത്താണെന്ന് പറയാന്‍ സാധിക്കില്ല. അദ്ദേഹത്തിന്‍റെ ആരോഗ്യത്തിനായി എല്ലാവരും ദൈവത്തോട് പ്രാര്‍ത്ഥിക്കുക'' കമല്‍ഹാസന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എസ്.പി.ബി തന്‍റെ ഓണ്‍ സ്ക്രീന്‍ ശബ്ദമാണെന്ന് ഒരു ട്വിറ്ററില്‍ അദ്ദേഹം കുറിച്ചു. കമല്‍ഹാസന്‍റെ സിനിമകളിലെ നിരവധി ഹിറ്റ് പാട്ടുകള്‍ക്ക് ശബ്ദം നല്‍കിയത് ബാലസുബ്രഹ്മണ്യമാണ്. മാറുഗോ മാറുഗോ, നീലവാന ഓടയില്‍, മഴൈക്കാല മേഘം, സാന്തു പൊട്ട് എന്നിവ അവയില്‍ ചിലത് മാത്രം.

അതേസമയം, തന്‍റെ ശബ്ദമായതിന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ എസ്.പി.ബിക്ക് നന്ദി അറിയിച്ചു.. അദ്ദേഹത്തിന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നു സൽമാൻ ഖാൻ ആശംസിച്ചു. തനിക്കുവേണ്ടി പാടിയ ഓരോ ഗാനത്തിനും സൽമാൻ ഖാൻ നന്ദിയും പറയുന്നു. ‘ബാല സുബ്രഹ്മണ്യം സർ. എന്‍റെ ഹൃദയത്തിന്‍റെ അടിത്തട്ടിൽ നിന്നും താങ്കൾക്ക് വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു. നിങ്ങൾ എനിക്കായി പാടിയ ഓരോ ഗാനത്തിനും നന്ദി’- സൽമാൻ ഖാൻ കുറിച്ചു.

കോവിഡ് പോസറ്റീവായതിനെ തുടര്‍ന്നാണ് ആഗസ്ത് 5നാണ് എസ്.പി.ബിയെ ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് സെപ്​തംബർ ഏഴിന്​​ കോവിഡ്​ നെഗറ്റീവാകുകയും ചെയ്​തിരുന്നു.