LiveTV

Live

Entertainment

സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക സുപ്രീംകോടതിയിൽ

ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കോമ്പറ്റീഷന്‍ കമ്മീഷന് അധികാരമില്ലെന്ന് കാണിച്ചാണ് ഫെഫ്ക സുപ്രീംകോടതിയെ സമീപിച്ചത്

സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിനെതിരെ ഫെഫ്ക സുപ്രീംകോടതിയിൽ

സംവിധായകന്‍ വിനയന്റെ വിലക്കുമായി ബന്ധപ്പെട്ട കോമ്പറ്റീഷന്‍ കമ്മീഷന്റെ ഉത്തരവിനെതിരെ ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ സുപ്രീംകോടതിയെ സമീപിച്ചു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കോമ്പറ്റീഷന്‍ കമ്മീഷന് അധികാരമില്ലെന്ന് കാണിച്ചാണ് ഫെഫ്ക സുപ്രീംകോടതിയെ സമീപിച്ചത്. വിലക്ക് നീക്കി, സിനിമ രംഗത്തെ സംഘടനകൾക്ക് പിഴ ഈടാക്കിയതും കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെയും നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണലിന്റെയും നടപടിക്ക് എതിരെയാണ് ഫെഫ്ക സുപ്രീംകോടതിയെ സമീപിച്ചത്.

മലയാള സിനിമ സംഘടനകൾ ഏർപ്പെടുത്തിയ വിലക്കിനെതിരെ വിനയൻ നൽകിയ പരാതിയിൽ 2017 മാർച്ചിൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അമ്മയ്ക്ക് നാലുലക്ഷം രൂപയും ഫെഫ്കയ്ക്ക് 81,000 രൂപയും പിഴ ചുമത്തിയിരുന്നു. ഇതിനെതിരെ ബി ഉണ്ണിക്കൃഷ്ണന്‍റെ നേതൃത്വത്തില്‍ നാല് അപ്പീല്‍ നല്‍കിയിരുന്നെങ്കിലും നാഷണൽ കമ്പനി ലോ അപ്പലറ്റ് ട്രിബ്യൂണൽ ഈ അപ്പീലുകള്‍ തളളിക്കളയുകയും 2020 മാർച്ചിലെ പിഴശിക്ഷ ശരിവെക്കുകയുമായിരുന്നു. ഇതിനെതിരെയാണ് ഫെഫ്ക വീണ്ടും സൂപ്രീംകോടതിയില്‍ ചോദ്യം ചെയ്യുന്നത്.

അതെ സമയം വിനയനെ വിലക്കിയിട്ടില്ലെന്ന് ഫെഫ്ക ഭാരവാഹി സോഹന്‍ സിനുലാല്‍ അറിയിച്ചു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളെ വിലക്കല്‍ ആയി ചിത്രീകരിച്ചെന്നും ട്രേഡ് യൂണിയന്‍ ആക്ട് പ്രകാരമുളള പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും സോഹന്‍ സീനുലാല്‍ പറഞ്ഞു. മലയാള സിനിമാമേഖലയില്‍ താന്‍ വിലക്ക് നേരിട്ടിരുന്നെന്നും ഉണ്ണികൃഷ്ണന്റെ വ്യക്തി വൈരാഗ്യമാണ് എല്ലാറ്റിനും പിന്നിലെന്നും വിനയന്‍ പ്രതികരിച്ചു. വിലക്കിയിട്ടില്ലെന്ന് പുറത്ത് പറയുകയും അതിനെതിരായി പ്രവർത്തിക്കുകയും ചെയ്യുകയാണെന്നും വിനയന്‍ പറഞ്ഞു.