LiveTV

Live

Entertainment

''ഇത്തരം പരീക്ഷകളെ മനുനീതി ടെസ്റ്റുകള്‍ എന്നാണ് വിളിക്കേണ്ടത്''; നീറ്റ് പരീക്ഷ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് നടന്‍ സൂര്യ

സര്‍ക്കാരിനെക്കൂടാതെ, കോടതികളും ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തണമെന്ന് സൂര്യ പറഞ്ഞു

''ഇത്തരം പരീക്ഷകളെ മനുനീതി ടെസ്റ്റുകള്‍ എന്നാണ് വിളിക്കേണ്ടത്''; നീറ്റ് പരീക്ഷ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് നടന്‍ സൂര്യ

നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിനായി തയാറെടുത്തുകൊണ്ടിരുന്ന മൂന്ന് തമിഴ്നാട് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് നീറ്റ് പരീക്ഷകള്‍ക്കെതിരെ നടന്‍ സൂര്യ. നീറ്റ് പരീക്ഷകള്‍ അവസാനിച്ച് മണിക്കൂറുകള്‍ക്കകമാണ് സൂര്യയുടെ പ്രതികരണം. ഇത്തരം എന്‍ട്രന്‍സ് പരീക്ഷകളെ മനുനീതി ടെസ്റ്റുകള്‍ എന്നാണ് വിളിക്കേണ്ടത് എന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. ഇത്തരം പരീക്ഷകളെ ബഹിഷ്കരിക്കുന്നതിനായി ഏവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏവരുടെയും ജീവന് ഭീഷണിയാകുന്ന ഈ മഹാമാരി കാലത്ത് പോലും വിദ്യാര്‍ഥികള്‍ തങ്ങളുടെ യോഗ്യത തെളിയിക്കാനായി പരീക്ഷകളെഴുതേണ്ടി വരുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇത്തരം നിയമങ്ങളെ പിന്താങ്ങുന്ന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നതിനോടൊപ്പം, ഇന്ന് നാം പിന്തുടരുന്ന വിദ്യാഭ്യാസ നയങ്ങള്‍ നിര്‍മ്മിച്ചത് താഴെത്തട്ടിലുള്ള പാവപ്പെട്ടവരെക്കുറിച്ച് ഒന്നും അറിയാത്തവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാരിനെക്കൂടാതെ, കോടതികളും ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തണമെന്ന് സൂര്യ പറഞ്ഞു. കോവിഡ് 19ന്‍റെ സാഹചര്യത്തില്‍ നീതി നടപ്പിലാക്കുന്നത് പോലും വീഡിയോ കോണ്‍ഫറന്‍സിങ്ങിലാകുമ്പോള്‍ എന്തുകൊണ്ട് പരീക്ഷകളും ഇന്‍റര്‍നെറ്റിലൂടെ, എവിടെയാണോ വിദ്യാര്‍ഥികള്‍, അവിടെയിരുന്ന് എഴുതാനുള്ള സംവിധാനമുണ്ടാക്കിക്കൂടാ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നീറ്റ് പരീക്ഷക്കെതിരെ ശബ്ദമുയര്‍ത്തിയ വളരെ കുറച്ച് പ്രമുഖരിലൊരാളാണ് സൂര്യ. രണ്ടുദിവസത്തിനുള്ളില്‍ തുടരെത്തുടരെ നീറ്റ് പരീക്ഷക്കായി തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തത് തമിഴ്നാട്ടില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതോടൊപ്പം നീറ്റ് പരീക്ഷക്കെതിരെ ജനവികാരം രൂപപ്പെടാനും ഈ ആത്മഹത്യകള്‍ കാരണമായി.