LiveTV

Live

Entertainment

'അല്‍ഫോണ്‍സ് പുത്രനെയോര്‍ത്ത് ലജ്ജിക്കുന്നു'; രൂക്ഷ വിമര്‍ശനവുമായി വി.കെ പ്രകാശ്

2013ല്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അല്‍ഫോണ്‍സ് പുത്രന്‍റെ അഭിമുഖമാണ് വി.കെ പ്രകാശിനെ പ്രകോപിപ്പിച്ചത്

'അല്‍ഫോണ്‍സ് പുത്രനെയോര്‍ത്ത് ലജ്ജിക്കുന്നു'; രൂക്ഷ വിമര്‍ശനവുമായി വി.കെ പ്രകാശ്

പ്രേമം, നേരം സിനിമകളിലൂടെ പ്രശസ്തനായ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ വി.കെ പ്രകാശ്. വികെ പ്രകാശ്-അനൂപ് മേനോന്‍ ചിത്രം ട്രിവാന്‍ഡ്രം ലോഡ്ജിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ചാണ് വി.കെ പ്രകാശ് ഫേസ്ബുക്കില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചത്. അല്‍ഫോണ്‍സ് പുത്രനെയോര്‍ത്ത് താന്‍ ലജ്ജിക്കുന്നുവെന്നും, സ്വന്തം മേഖലയോടുള്ള അനാദരവാണ് അദ്ദേഹം കാട്ടിയതെന്നും വി.കെ പ്രകാശ് കുറിച്ചു.

2013ല്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖമാണ് വി.കെ പ്രകാശിനെ പ്രകോപിപ്പിച്ചത്. 'നല്ല സിനിമകള്‍ക്ക് വേണ്ടിയാണ് മലയാള സിനിമ മാറിയിരിക്കുന്നതെന്നും, ഏതാനും ചില ചിത്രങ്ങളില്‍ മാത്രമാണ് മോശം ഘടകങ്ങള്‍ ഉള്ളതെന്നുമായിരുന്നു അനൂപ് മേനോന്‍ തിരക്കഥയെഴുതിയ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ ചിത്രങ്ങളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടുള്ള അല്‍ഫോണ്‍സ് പുത്രന്‍റെ പരാമര്‍ശം.

'ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രം യു സര്‍ട്ടിഫിക്കറ്റ് കൊടുത്ത് വിട്ടതാണ് ഒരു പ്രശ്നം. അതിലായിരുന്നു ഇത്തിരി 'എ' ഡയലോഗ്സുണ്ടായിരുന്നത്. അത് 'യു' സര്‍ട്ടിഫിക്കറ്റ് കൊടുത്തത് സെന്‍സറുക്കാരോട് ചോദിക്കേണ്ട കാര്യമാണ്. രണ്ടാമത് പറഞ്ഞത് ഹോട്ടല്‍ കാലിഫോര്‍ണിയ, അനൂപ് മേനോന്‍റെ സിനിമകള്‍ക്കാണല്ലോ പൊതുവേ ഈ ലേബലുള്ളത്. ആഷിഖ് അബുവിന്‍റെ സിനിമകള്‍ക്കോ, സമീര്‍ താഹിറിന്‍റെ സിനിമകളിലോ വിനീത് ശ്രീനിവാസന്‍റെ സിനിമകളിലോ വൃത്തികേടില്ല, ഈ അനൂപ് മേനോന്‍റെ സിനിമകള്‍ മാത്രമല്ലല്ലോ ന്യൂ ജനറേഷന്‍ സിനിമകള്‍. ഈ മൂന്ന് നാല് സിനിമകള്‍ വെച്ച് മലയാള സിനിമ തരം താഴ്ന്നു പോയി എന്ന് പറയുന്നവരോട് എനിക്കും വലിയ താല്‍പര്യമില്ല'- എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ മുന്‍പ് പറഞ്ഞിരുന്നത്.

ട്രിവാന്‍ഡ്രം ലോഡ്ജ് സിനിമക്ക് 'യു' സര്‍ട്ടിഫിക്കറ്റല്ല, യു.എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരുന്നതെന്നും ഈ ചിത്രത്തിന് എന്തിനാണ് യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ആ സമയത്ത് തന്നെ സെന്‍സര്‍ ഓഫീസര്‍ വ്യക്തമാക്കിയതായും വി.കെ പ്രകാശ് മറുപടി നല്‍കി. ചില സിനിമകള്‍ സംവിധായകന്‍റെ പേരിലും, മറ്റു ചില സിനിമകള്‍ തിരക്കഥാകൃത്തിന്‍റെ പേരിലും അറിയപ്പെടുന്നത് എങ്ങനെയാണെന്നും തികച്ചും അനാദരവാണ് സ്വന്തം മേഖലയോട് അല്‍ഫോണ്‍സ് പുത്രന്‍ കാണിച്ചതെന്നും അദ്ദേഹത്തെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും വി.കെ.പി തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഈ അഭിമുഖം എപ്പോള്‍ പുറത്തുവന്നതാണെന്ന് അറിയില്ലെന്നും, എപ്പോഴായാലും അത് മോശമായിപ്പോയെന്നും അദ്ദേഹം പറയുന്നുണ്ട്.