LiveTV

Live

Entertainment

'ക്രിസ്തുമതത്തെ അപഹസിച്ച് ഇറങ്ങുന്ന സിനിമകള്‍ക്ക് പിന്നില്‍ ഷാഡോ പ്രൊഡ്യൂസേഴ്സ്'; കെ.സി.ബി.സി

'വാരിയംകുന്നത്തിനെ സ്വാതന്ത്രൃസമരത്തിലെ സൂര്യതേജസ്സായി ഉയര്‍ത്തികാണിക്കണോ, ആഗ്രഹം കൊണ്ട് ചരിത്രമുണ്ടാകുന്നില്ല'

'ക്രിസ്തുമതത്തെ അപഹസിച്ച് ഇറങ്ങുന്ന സിനിമകള്‍ക്ക് പിന്നില്‍ ഷാഡോ പ്രൊഡ്യൂസേഴ്സ്'; കെ.സി.ബി.സി

ക്രിസ്തുമതത്തെ അപഹസിച്ച് ഇറങ്ങുന്ന സിനിമകള്‍ക്ക് പിന്നില്‍ ഷാഡോ പ്രൊഡ്യൂസേഴ്സ് ആണെന്ന് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍. കെ.സി.ബി.സിയുടെ ജാഗ്രതന്യൂസിന്‍റെ പുതിയ പതിപ്പിലാണ് മലയാള സിനിമാമേഖലക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്. വാരിയംകുന്നത്തിനെ സ്വാതന്ത്രൃസമരത്തിലെ സൂര്യതേജസ്സായി ഉയര്‍ത്തികാണിക്കണോയെന്നും ആഗ്രഹം കൊണ്ട് ചരിത്രമുണ്ടാകുന്നില്ലായെന്നും കെ.സി.ബി.സി ഐക്യജാഗ്രതാ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ ലേഖനത്തില്‍ ആരോപിക്കുന്നു. ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്‍റ്​ കൂടിയാണ് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍.

ഇസ്‍ലാമിനെയും ഇസ്‍ലാമിക ജീവിതത്തെയും ഉദാത്തവത്കരിച്ചും ഇതരസമൂഹങ്ങളെ, പ്രത്യേകിച്ച് ക്രിസ്തുമതത്തെ, അപഹസിച്ചും അടുത്തകാലത്ത് പല സിനിമകളും ഉണ്ടായി. ഇവയ്ക്കെല്ലാം പിറകില്‍ 'ഷാഡോ പ്രൊഡ്യൂസേഴ്സ്' ഉണ്ടെന്ന സംശയം വെറും സംശയമല്ല എന്നാണ് അടുത്തകാലത്തെ സംഭവപരമ്പരകള്‍ തെളിയിക്കുന്നതെന്ന് കെ.സി.ബി.സി ലേഖനത്തിലൂടെ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ ആരോപിച്ചു.

മലബാര്‍കലാപത്തിന്‍റെ മുന്‍നിരക്കാരനായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് നാലു സിനിമകളാണ് ഒരേ ദിവസം പ്രഖ്യാപിക്കപ്പെട്ടത്. മലബാര്‍ കലാപം സ്വാതന്ത്ര്യസമരത്തിന്‍റെ ഭാഗമായിരുന്നോവെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതല്ലേയെന്നും ലേഖനത്തില്‍ ചോദിക്കുന്നു. മലബാര്‍ കലാപത്തിന്‍റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് വാരിയന്‍കുന്നത്തിന്‍റെ കഥയുമായി നാല് സിനിമകള്‍ ഒരേ ദിവസം പ്രഖ്യാപിക്കപ്പെട്ടതില്‍ യാദൃശ്ചികതയുടെ കൗതുകം ബാക്കിയാകുന്നെന്നും ലേഖനത്തില്‍ പറയുന്നു. വാരിയം കുന്നത്തിനും മലബാര്‍ വിപ്ലവത്തിനുമെതിരെ സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തുന്ന അതേ വാദങ്ങള്‍ തന്നെ കെ.സി.ബി.സിയില്‍ നിന്നും ഉയരുന്നത് കത്തോലിക്ക സഭാധികാരികള്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിനൊപ്പം നീങ്ങുന്നതിന്‍റെ സൂചനയാണെന്നും നിരീക്ഷണമുണ്ട്.

മലബാര്‍കലാപം ജന്മിമാരുടെ ചൂഷണത്തിനെതിരേ നടന്ന കര്‍ഷകമുന്നേറ്റമായിരുന്നു. വാരിയന്‍കുന്നത്ത് തുര്‍ക്കിയിലെ ഖിലാഫത്ത് പുനഃസ്ഥാപനത്തിനായി പടയ്ക്കിറങ്ങിയ ആളാണ്. ഖാലിഫേറ്റിനെ തോല്‍പ്പിച്ചില്ലാതാക്കിയത് ബ്രിട്ടീഷുകാരാണ്. ഖിലാഫത്തിനായുള്ള ഒരു ഐക്യനിര ബ്രിട്ടീഷുകാര്‍ക്കെതിരേ ഉയര്‍ത്തിക്കൊണ്ടുവരാന്‍ വാരിയന്‍കുന്നത്തിനു സാധിച്ചു. ആ ഒറ്റ കാരണത്താല്‍ മലബാര്‍കലാപം ഇന്ത്യയിലെ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള സ്വാതന്ത്ര്യസമരത്തിന്‍റെ സ്വാഭാവിക ഭാഗം എന്ന് എങ്ങനെ പറയാനൊക്കുമെന്നും കെ.സി.ബി.സി ലേഖനം ചോദിക്കുന്നു.

മുസ്‍ലിം ലീഗിനെതിരെയും ശക്തമായ വിമര്‍ശനമാണ് ലേഖനത്തില്‍ ഉന്നയിക്കുന്നത്. കേരളത്തിലെ മുസ്‍ലിം ലീഗ് മതേതര വേഷം അഴിച്ചുമാറ്റുന്ന പ്രക്രിയയിലാണെന്നും ഇക്കാലം വരെ തീവ്രവാദികളെന്നു പറഞ്ഞ് പ്രത്യക്ഷത്തില്‍ അകറ്റിനിര്‍ത്തിയിരുന്ന തീവ്രവാദഗ്രൂപ്പുമായി തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ ഔദ്യോഗികമായി ധാരണ ഉണ്ടാക്കിയതായി അറിയാന്‍ കഴിഞ്ഞതായും ഇത് സ്വന്തം അണികളുടെ കൊഴിഞ്ഞുപോക്കിനു തടയിടാനോ കൂടുതല്‍ രാഷ്ട്രീയാധികാരം നേടാനോ ആവാം എന്നും കെ.സി.ബി.സി ആരോപിച്ചു. മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍ക്കും തീവ്രവാദപ്രസ്ഥാനങ്ങള്‍ക്കുമിടയില്‍ പരസ്പരസഹായത്തിന്‍റെ 'സജീവമായ ഒരു അന്തര്‍ധാര' നിലനില്‍ക്കുന്നുണ്ടെന്നും കെ.സി.ബി.സി ലേഖനം ആരോപിച്ചു.