LiveTV

Live

Entertainment

'ആ പൊളിക്കുന്നത് നിങ്ങളുടെ വീടാണെങ്കിലോ'; കങ്കണയെ പിന്തുണച്ച് അഹാന

'അന്യായമായി നിങ്ങളുടെ വീടിന്റെ ഒരു ഭാഗം പൊളിക്കപ്പെടുമ്പോള്‍ വീട്ടിലേക്ക് ആളുകള്‍ തള്ളിക്കയറുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ?'

'ആ പൊളിക്കുന്നത് നിങ്ങളുടെ വീടാണെങ്കിലോ'; കങ്കണയെ പിന്തുണച്ച് അഹാന

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം പൊളിക്കുന്നതിനെ എതിര്‍ത്തും കങ്കണയെ പിന്തുണച്ചും നടി അഹാന കൃഷ്ണ. മുംബൈ കോര്‍പറേഷന്‍ ആണ് കങ്കണയുടെ വീട് അനധികൃത കെട്ടിടമാണെന്ന് കാണിച്ച് പൊളിച്ചുനീക്കാന്‍ ആരംഭിച്ചത്.

കെട്ടിടം പൊളിച്ചുനീക്കുന്ന ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഹാന സംഭവത്തിലെ തന്റെ പ്രതികരണം അറിയിച്ചത്. ആ പൊളിഞ്ഞത് നിങ്ങളുടെ വീടാണെങ്കിലോയെന്നാണ് അഹാന ഇന്‍സ്റ്റാഗ്രാമിലൂടെ ചോദിച്ചത്.

'മാധ്യമങ്ങളെ ശാന്തരാകൂ, കങ്കണയുടെ പൊളിഞ്ഞ കെട്ടിടത്തിനകത്ത് എന്താണെന്നും എങ്ങനെയാണെന്നും ഞങ്ങള്‍ക്ക് കാണേണ്ടതില്ല. ഇത്തരത്തില്‍ ദൗര്‍ഭാഗ്യകരമായ ഒരു കാര്യം സംഭവിക്കുമ്പോള്‍, അത് നിങ്ങളുടെ വീടായിരുന്നെങ്കിലോ എന്ന് ചിന്തിക്കൂ. അന്യായമായി നിങ്ങളുടെ വീടിന്റെ ഒരു ഭാഗം പൊളിക്കപ്പെടുമ്പോള്‍ വീട്ടിലേക്ക് ആളുകള്‍ തള്ളിക്കയറുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ?'; ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ അഹാന ചോദിച്ചു.

അഹാനയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ്
അഹാനയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസ്

അതെ സമയം കെട്ടിടം പൊളിച്ച് നീക്കാനുള്ള നടപടിക്കെതിരെ കങ്കണ മുംബൈ ഹൈക്കോടതിയെ സമീപിച്ചതോടെ പൊളിച്ച് നീക്കല്‍ നടപടി കോടതി സ്‌റ്റേ ചെയ്തു. കെട്ടിടം പൊളിച്ച് മാറ്റുന്നത് താല്‍ക്കാലികമായാണ് സ്റ്റേ ചെയ്തത്.

നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് കങ്കണയും മഹാരാഷ്ട്ര സര്‍ക്കാറും പോര് തുടങ്ങിയത്. മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച കങ്കണക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാറും ശിവസേനയും പ്രതിഷേധവുമായെത്തി. കങ്കണ മുംബൈയില്‍ ജീവിക്കേണ്ടതില്ലെന്ന് ശിവസേന പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കങ്കണക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു.