LiveTV

Live

Entertainment

കരിഞ്ഞണ്ടിനെ യു ട്യൂബില്‍ നിന്നും നീക്കം ചെയ്തു

സംവിധായകന്‍ സനല്‍ പാടിക്കാനം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്


കരിഞ്ഞണ്ടിനെ യു ട്യൂബില്‍ നിന്നും നീക്കം ചെയ്തു

വിവാദമായതിനെ തുടര്‍ന്ന് കരിഞ്ഞണ്ട് എന്ന മ്യൂസിക് ആല്‍ബം യു ട്യുബില്‍ നിന്നും നീക്കം ചെയ്തു. സംവിധായകന്‍ സനല്‍ പാടിക്കാനം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

''സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയ്ക്ക് വിധേയമായ 'കരിഞ്ഞണ്ട്, എന്ന ഫോക്ക് മുസിക്കൽ ആൽബം യൂറ്റുബിൽ നിന്നും റിമോവ് ചെയ്തിരിക്കുന്നു. ആയതിനാൽ ഇതിൻമ്മേലുള്ള ചർച്ചകൾ അവസാനിക്കുമെന്ന് കരുതുന്നു'' സനല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിലെ ഗ്രോത്ര വിഭാഗങ്ങള്‍ക്കിടയില്‍ പ്രചാരത്തിലുള്ള രീ..രീ..രീ എന്ന ഗാനത്തിന്‍റെ ദൃശ്യാവിഷ്കരണമായിരുന്നു കരിഞ്ഞണ്ടിലുള്ളത്. എന്നാല്‍ ഈ വീഡിയോ വലിയതോതില്‍ വിമര്‍ശങ്ങള്‍ക്ക് കാരണമായി. ആദിവാസികളെ വംശീയമായി അധിക്ഷേപിക്കുന്നതാണെന്നായിരുന്നു വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയത്. ആദിവാസികളെന്നാല്‍ വികൃതരാണെന്ന ഒരു ഇമേജാണ് പൊതുസമൂഹത്തില്‍ പ്രചരിപ്പിക്കുന്നതെന്നുമായിരുന്നു സോഷ്യല്‍ മീഡിയയുടെ മറ്റൊരു വിമര്‍ശനം. ആല്‍ബത്തിനെതിരെ ട്രോളുകളും വ്യാപകമായി പ്രചരിച്ചിരുന്നു.

സനല്‍ പാടിക്കാനത്തിന്‍റെ കുറിപ്പ്

ക്ഷമിക്കണം ,ആരെയും അപമാനിക്കാൻ വേണ്ടി ചെയ്ത വീഡിയോ ആൽബമല്ല കരിഞ്ഞണ്ട്. മന: പൂർവ്വം കറുപ്പ് നിറം ഉപയോഗിച്ചതുമില്ല. ഞാനും ഈ സമൂഹത്തിൽ ജീവിക്കുന്നവനല്ലെ. തെറ്റായിട്ട് ചിത്രീകരിക്കാൻ എനിക്കും സാധിക്കില്ല., ആദ്യം പിക്കോക്ക് നീലയും, ചുവപ്പും ഗ്രീനും ചെയ്താലോ എന്ന ആലോചനയിൽ ആയിരുന്നു. വിഷ്യൽ ബ്യൂട്ടിക്ക് വേണ്ടി. എന്നാൽ ഞങ്ങളുടെ എല്ലാവരുടേയും തീരുമാന പ്രകാരം കറുപ്പിലേക്ക് മാറ്റുകയാണ് ഉണ്ടായത്.ഇതിനൊരു പ്രൊഡ്യൂസർ ഇല്ല. എല്ലാവരും ഷെയർ ചെയ്തെടുത്ത ക്യാഷ് കൊണ്ടാണ് വർക്ക് മുഴുവനും തീർത്തത്, കറുപ്പിലേക്കെത്താൻ ഒരു കാര്യവും കൂടിയുണ്ട്. കാഞ്ഞങ്ങാട് നാടൻ കലകളിൽ പെട്ട ആലാമിക്കളി ഇന്നും കരിതേച്ചാണ് അടി തിമിർക്കുന്നത്. മറിച്ച് ഏതൊരു ആദിമവാസികളേയും ഞാനും, എൻ്റെ ക്രുവും ഉദ്ദേശിച്ചിട്ടില്ല. മനസു വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് അപേക്ഷിക്കുകയാണ്. ഒരു കൂട്ടം കാലാകാരന്മാരുടെ കലയെ മാത്രമാണ് ഞാൻ മുൻപോട്ട് വെച്ചത് ക്ഷമിക്കണം. തെറ്റുപറ്റിയതിൽ. വീഡിയോ റിമൂവ് ചെയ്യാം. ഒരു സ്വപ്നമെന്നോണമാണ് ഈ ആൽബം ചെയ്തിരിക്കുന്നത്. ക്ഷമിക്കണം വീഡിയോ റിമൂവ് ചെയ്യുന്നതായരിക്കും. അറിഞ്ഞ് കൊണ്ട് ഒന്നും ചെയ്തില്ല.

ഒന്നു കൂടെ നവ മാധ്യമ സുഹൃത്തുക്കളോട് പറയുവാൻ ആഗ്രഹിക്കുന്നു. കുറച്ച് ദിവസത്തെ അധ്വാനം കലാകാരന്മാർ എന്ന നിലയിലെങ്കിലും അംഗീകരിക്കണമെന്ന് വിനീതമായ് അപേക്ഷിക്കുന്നു. മാപ്പ് മാപ്പ് മാപ്പ്,,,,,,