LiveTV

Live

Entertainment

കങ്കണയുടെ ഓഫീസ് പൊളിക്കുന്നതിന് സ്റ്റേ; ശിവസേനയുടെ പ്രതിഷേധത്തിനിടെ മുംബൈയിലെത്തി

ബോംബെ ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്.

കങ്കണയുടെ ഓഫീസ് പൊളിക്കുന്നതിന് സ്റ്റേ; ശിവസേനയുടെ പ്രതിഷേധത്തിനിടെ മുംബൈയിലെത്തി

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം പൊളിക്കുന്നതിന് സ്റ്റേ. ബോംബെ ഹൈക്കോടതിയാണ് സ്റ്റേ ചെയ്തത്. കെട്ടിടം മുംബൈ കോര്‍പറേഷന്‍ പൊളിച്ച് നീക്കുന്നതിനിടെയാണ് കോടതി നടപടി.

മഹാരാഷ്ട്ര സര്‍ക്കാറുമായുള്ള തര്‍ക്കം നിലനില്‍ക്ക കങ്കണ റണാവത്ത് മുംബൈയിലെ വസതിയിലെത്തി. കങ്കണക്ക് പിന്തുണയുമായി കര്‍ണിസേനയും പ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകരും വിമാനത്താവളത്തിലെത്തിയിരുന്നു. പ്രതിഷേധക്കാർ ഉള്ള ഗേറ്റ് ഒഴിവാക്കി മറ്റൊരു ഗേറ്റിലൂടെയാണ് കങ്കണയെ വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. ജനാധിപത്യത്തിന്റെ അന്ത്യമെന്ന് തകർന്ന കെട്ടിടത്തിന്റെ ദൃശ്യം പങ്ക് വെച്ച് കങ്കണ ട്വീറ്റ് ചെയ്തു.

മുംബൈ ഘര്‍ വെസ്റ്റിലുള്ള കങ്കണയുടെ ഓഫീസിനോട് ചേര്‍ന്ന കെട്ടിടമാണ് ബ്രിഹന്‍സ് മുംബൈ കോര്‍പറേഷന്‍ പൊളിക്കാന്‍ തുടങ്ങിയത്. അനധികൃത നിര്‍മാണം നടത്തിയെന്ന് ആരോപിച്ച് 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാന്‍ കങ്കണക്ക് ബിഎംസി നോട്ടീസ് നല്‍കിയിരുന്നു. വിശദീകരണം നല്‍കാത്ത സാഹചര്യത്തിലാണ് ഇന്ന് കെട്ടിടം പൊളിച്ചുതുടങ്ങിയത്.

രാഷ്ട്രീയ വൈരം തീര്‍ക്കുകയാണെന്ന് കങ്കണ ആരോപിച്ചു. രാമക്ഷേത്രത്തോടാണ് കങ്കണ തന്‍റെ ഓഫീസിനെ താരതമ്യം ചെയ്തത്. ബാബറിന്‍റെ ആളുകളെ പോലെ മുംബൈ കോര്‍പറേഷന്‍ അധികൃതര്‍ തന്‍റെ ഓഫീസ് തകര്‍ത്തു. ആ 'രാമക്ഷേത്രം' താന്‍ പുനര്‍നിര്‍മിക്കുമെന്നും കങ്കണ ട്വീറ്റ് ചെയ്തു. പൊളിക്കല്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണയുടെ അഭിഭാഷകന്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് കങ്കണയും മഹാരാഷ്ട്ര സര്‍ക്കാറും പോര് തുടങ്ങിയത്. മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച കങ്കണക്കെതിരെ മഹാരാഷ്ട്ര സര്‍ക്കാറും ശിവസേനയും പ്രതിഷേധവുമായെത്തി. കങ്കണ മുംബൈയില്‍ ജീവിക്കേണ്ടതില്ലെന്ന് ശിവസേന പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കി. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കങ്കണക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കുകയും ചെയ്തു.