LiveTV

Live

Entertainment

അനധികൃത നിര്‍മാണം നിര്‍ത്തണം: കങ്കണക്ക് മുംബൈ കോര്‍പറേഷന്‍റെ നോട്ടീസ്

തന്‍റെ ഓഫീസ്​ പൊളിക്കുമെന്ന് കോര്‍പറേഷന്‍ അധികൃതർ ഭീഷണിപ്പെടുത്തിയെന്ന് കങ്കണ

അനധികൃത നിര്‍മാണം നിര്‍ത്തണം: കങ്കണക്ക് മുംബൈ കോര്‍പറേഷന്‍റെ നോട്ടീസ്

നടി കങ്കണ റണാവത്തും ശിവസേനാ നേതാക്കളും തമ്മിലെ വാക് പോരിന് പിന്നാലെ കങ്കണക്ക് മുംബൈ കോര്‍പറേഷന്‍റെ നോട്ടീസ്.​ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന് കങ്കണയുടെ ഓഫീസിന് മുന്‍പില്‍ മുംബൈ കോര്‍പറേഷന്‍ നോട്ടീസ് പതിപ്പിച്ചു‍.

നഗരസഭയുടെ അനുമതിയില്ലാതെയാണ് കെട്ടിടത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് എന്ന് കാണിച്ചാണ് നോട്ടീസ് പതിച്ചത്​. സബര്‍ബന്‍ ബാന്ദ്രയിലെ പാലി ഹില്‍ ബംഗ്ലാവിലാണ് നഗരസഭ അധികൃതരെത്തി നോട്ടീസ് പതിച്ചത്. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നും കങ്കണയോട് കോര്‍പറേഷന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ തന്‍റെ ഓഫീസ്​ പൊളിക്കുമെന്ന് കോര്‍പറേഷന്‍ അധികൃതർ ഭീഷണിപ്പെടുത്തിയെന്ന് കങ്കണ ആരോപിക്കുന്നു. ഇന്ന് ബുൾഡോസർ കൊണ്ടുവന്ന്​ ഓഫീസ്​ തകർത്തില്ല, പകരം നോട്ടീസ്​ പതിച്ചെന്ന് കങ്കണ ട്വീറ്റ് ചെയ്തു. താന്‍ അനധികൃതമായി ഒരു നിര്‍മാണവും നടത്തിയിട്ടില്ലെന്നും കങ്കണ അവകാശപ്പെട്ടു. എന്നാല്‍ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരായ സ്വാഭാവിക നടപടിയുടെ ഭാഗമായാണ് നോട്ടീസ് പതിച്ചതെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.

സുശാന്ത് സിങ് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് കങ്കണ മഹാരാഷ്ട്ര സര്‍ക്കാരിനും മുംബൈ പൊലീസിനുമെതിരെ നിരന്തരം വിമര്‍ശനം ഉന്നയിച്ചിരുന്നു. മുംബൈയെ പാക്​ അധീന കശ്മീരുമായി താരതമ്യപ്പെടുത്തി കൊണ്ടുള്ള നടിയുടെ പ്രസ്താവനക്കെതിരെ​ ശിവസേന നേതാക്കൾ പരസ്യമായി രംഗത്തെത്തി​. മുംബൈയില്‍ പ്രവേശിച്ചാല്‍ കങ്കണയുടെ കാല് തല്ലിയൊടിക്കുമെന്ന് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് ഭീഷണിപ്പെടുത്തി. എന്നാല്‍ മുംബൈയിലേക്ക് എത്തുമെന്നും ധൈര്യമുള്ളവര്‍ തടയാന്‍ വരട്ടെയെന്നും കങ്കണ വെല്ലുവിളിച്ചു. കങ്കണയുടെ ജീവന് ഭീഷണിയുണ്ട് എന്ന കുടുംബത്തിന്‍റെ പരാതിക്ക് പിന്നാലെ, കേന്ദ്രസര്‍ക്കാര്‍ നടിക്ക്​ വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു.