LiveTV

Live

Entertainment

മാപ്പിള ഖലാസികളുടെ കഥ പറയാന്‍ രണ്ട് ബ്രഹ്മാണ്ഡ സിനിമകള്‍; ആരാണ് മാപ്പിള ഖലാസികള്‍?

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ തുറമുഖം കേന്ദ്രീകരിച്ച് ജോലിചെയ്യുന്ന കപ്പൽ നിർമ്മാണ തൊഴിലാളികളാണ് മാപ്പിള ഖലാസികൾ

മാപ്പിള ഖലാസികളുടെ കഥ പറയാന്‍ രണ്ട് ബ്രഹ്മാണ്ഡ സിനിമകള്‍; ആരാണ് മാപ്പിള ഖലാസികള്‍?

മാപ്പിള ഖലാസികളുടെ ചരിത്രം പറഞ്ഞുള്ള രണ്ട് സിനിമകളാണ് ഒറ്റ ദിവസം കൊണ്ട് മലയാളത്തില്‍ പ്രഖ്യാപിച്ചത്. ഒടിയനു ശേഷം വി.എ ശ്രീകുമാര്‍ 'മിഷന്‍ കൊങ്കണ്‍' എന്ന പേരില്‍ മാപ്പിള ഖലാസികളുടെ സാഹസിക കഥ പ്രഖ്യാപിച്ചതിന്‍റെ തൊട്ടുപിന്നാലെയാണ് ഇതേ പ്രമേയത്തില്‍ ദിലീപ് നായകനായി 'ഖലാസി' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത്. നടന്‍ ദിലീപ് ആണ് ഖലാസിയില്‍ നായകന്‍. വി.എ ശ്രീകുമാറിന്‍റെ 'മിഷന്‍ കൊങ്കണ്‍' ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചലച്ചിത്രമാകുമ്പോള്‍ 'ഖലാസി' മലയാളത്തില്‍ മാത്രമാകും പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വലിയ ഉരുവിന്‍റെ പശ്ചാത്തലത്തില്‍ അതിനെ കെട്ടികരക്കടുപ്പിക്കാന്‍ ശ്രമിക്കുന്ന ഖലാസിയുടെ കൈയും കയറുമാണ് ദിലീപ് നായകനായ 'ഖലാസിയുടെ ഫസ്റ്റ് ലുക്ക്. 'ഇത് ഒരു കെട്ടുകഥയല്ല, ഒരു കെട്ടിന്‍റെ കഥയാണ്'; എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ഗോകുലന്‍ ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം നവാഗതനായ മിഥ്ലാജാണ് സംവിധാനം ചെയ്യുന്നത്.

ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകര്‍ക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം, മലബാറിന്റെ അഭിമാനമായ മാപ്പിള ഖലാസികള്‍ പരാജയപ്പെടുത്തുന്നതാണ് വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന മിഷന്‍ കൊങ്കണിന്‍റെ പ്രമേയം. കൊങ്കണ്‍ റെയില്‍വേയുടെ പശ്ചാത്തലത്തിലാണ് സിനിമ യാഥാര്‍ത്ഥ്യമാകുന്നത്. ബോളിവുഡിലേയും മലയാളം, തമിഴ്, തെലുഗ് ഭാഷകളിലേയും പ്രമുഖ താരങ്ങളാണ് സിനിമയില്‍ കഥാപാത്രങ്ങളാകുന്നത്. ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും റെയില്‍വേ ചീഫ് കണ്‍ട്രോളറുമായിരുന്ന ടി.ഡി രാമകൃഷ്ണനാണ് മിഷന്‍ കൊങ്കണിന്‍റെ രചന.

ആരാണ് ഈ മാപ്പിള ഖലാസിക‍ള്‍?

കോഴിക്കോട് ജില്ലയിലെ ബേപ്പൂർ തുറമുഖം കേന്ദ്രീകരിച്ച് ജോലിചെയ്യുന്ന കപ്പൽ നിർമ്മാണ തൊഴിലാളികളാണ് മാപ്പിള ഖലാസികൾ. മലബാറിലെ മുസ്‍ലിംകളാണ് ഈ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ. അത് കൊണ്ട് തന്നെ ഇവരെ അറബിയിലുള്ള ഖലാസിയെന്നും മാപ്പിള ഖലാസി എന്നും വിളിക്കപ്പെട്ടു. കപ്പലിനേയും ഉരുവിനേയും അറ്റകുറ്റപണികൾക്കും നിർമ്മാണപ്രവർത്തനങ്ങൾക്കുമായി കരക്കടുപ്പിക്കുകയും പിന്നീട് പണിപൂർത്തിയാക്കി കരയിൽ നിന്ന് തിരികെ കടലിലേക്ക് തള്ളിനീക്കലുമാണ് പരമ്പരാഗതമായി ഇവരുടെ തൊഴിൽ.

കപ്പി, കയർ, റബ്ബർ തുടങ്ങിയ ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് മറ്റൊരു ആധുനിക യന്ത്രങ്ങളുമില്ലാതെയാണ് മാപ്പിള ഖലാസികള്‍ തങ്ങളുടെ ജോലികള്‍ ചെയ്തിരുന്നത്. കായികാധ്വാനത്തിലൂടെ മാത്രമുള്ള ഖലാസികളുടെ കൂട്ടായ ജോലി മികവ് അത്ഭുതകരമാണ്. മികച്ച മുങ്ങൽ വൈദഗ്ദ്യവും ഇവരെ ജോലിയില്‍ വേറിട്ടതാക്കി.

കേരളത്തിലേതുൾപ്പടെ ഇന്ത്യയിലെ പല വൻകിട നിർമ്മാണ പദ്ധതികളിലും മാപ്പിള ഖലാസികളുടെ സേവനം തേടിയിട്ടുണ്ട്. ഇടുക്കി ഡാം, ഫറോക്കിലെ പാലങ്ങളായ വടക്കുമ്പാടം, കല്ലായി പാലം, ഒറീസ്സയിലെ മഹാനദി പാലം , ഗോവയിലെ മാംഗനീസ് ഫാക്ടറി എന്നിവയുടെ നിര്‍മാണത്തില്‍ ഖലാസികള്‍ സജീവമായി പങ്കെടുത്തിട്ടുണ്ട്. പെരുമൺ തീവണ്ടി ദുരന്തത്തിൽ അഷ്ടമുടിക്കായലിൽ നിന്ന് യാത്രികർ കുടുങ്ങിക്കിടന്ന ഐലന്റ് എക്സ്പ്രസ്സിന്റെ ബോഗികൾ പുറത്തെടുക്കുന്നതിനായി മാപ്പിള ഖലാസികളുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. റെയില്‍വേയുടെ ക്രെയ്‌നുകള്‍ പരാജയപ്പെട്ടിടത്താണ്‌ 35 ഓളം വരുന്ന ഖലാസികളുടെ കായികമികവ്‌ വിജയിച്ചത്‌.

കോഴിക്കോട് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം അപകടത്തിലേക്ക് പതിച്ചപ്പോളും ഖലാസികള്‍ രക്ഷക്കെത്തിയിട്ടുണ്ട്. കോഴിക്കോട്‌ കരിപ്പൂര്‍ എയര്‍പോര്‍ട്ട് റണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനം തിരിച്ച്‌ റണ്‍വേയില്‍ എത്തിച്ചത്‌ ഇവരായിരുന്നു. ക്രെയിനുകളുടെ സഹായത്താല്‍ വിമാനം തിരിച്ച്‌ റണ്‍വേയില്‍ എത്തിക്കുന്നതിനുള്ള ശ്രമം വിഫലമായതിനെ തുടര്‍ന്നാണ്‌ എയര്‍ലൈന്‍സ്‌ അധികൃതര്‍ ഖലാസികളുടെ സഹായം തേടിയത്‌. മക്കയിലെ മക്ക റോയൽ ക്ലോക്ക് ടവറിന്റെ നിർമ്മാണത്തിലും കേരളത്തിൽ നിന്നുള്ള മാപ്പിള ഖലാസികൾ പങ്കാളികളായിട്ടുണ്ട്. യന്ത്രങ്ങള്‍ തോല്‍ക്കുന്നിടത്ത് രക്ഷകരായാണ് ഖലാസികളെ കണ്ടിരുന്നത്. ചില വന്‍കിട സ്ഥാപനങ്ങളില്‍ ഖലാസി എന്ന തസ്തികയും നിലവിലുണ്ടായിരുന്നു.

-വിവരങ്ങള്‍ക്ക് കടപാട്

ഇടവേളക്ക് ശേഷം മലയാളത്തില്‍ സിനിമാ യുദ്ധം; വി.എ ശ്രീകുമാറിന് പിന്നാലെ ഖലാസികളുടെ കഥയുമായി ദിലീപും
Also Read

ഇടവേളക്ക് ശേഷം മലയാളത്തില്‍ സിനിമാ യുദ്ധം; വി.എ ശ്രീകുമാറിന് പിന്നാലെ ഖലാസികളുടെ കഥയുമായി ദിലീപും