LiveTV

Live

Entertainment

22 വര്‍ഷങ്ങള്‍ക്ക് ശേഷം സിബിമലയിലും രഞ്ജിത്തും വീണ്ടും; ഇത്തവണ നായകന്‍ ആസിഫ് അലി

സമ്മര്‍ ഇന്‍ ബത്‌ലഹേം, ഉസ്താദ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുവരും 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു സിനിമക്കായി ഒന്നിക്കുന്നത്.

22 വര്‍ഷങ്ങള്‍ക്ക് ശേഷം സിബിമലയിലും രഞ്ജിത്തും വീണ്ടും;  ഇത്തവണ നായകന്‍ ആസിഫ് അലി

ഇരുപത്തിരണ്ട് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം രഞ്ജിത്തും സിബി മലയിലും ഒന്നിച്ച് ഒരു സിനിമ പുറത്തിറങ്ങുന്നു. സമ്മര്‍ ഇന്‍ ബത്‌ലഹേം, ഉസ്താദ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുവരും 22 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു സിനിമക്കായി ഒന്നിക്കുന്നത്. രഞ്ജിത്ത് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്.

'ഇരുപത്തിരണ്ട് വര്‍ഷം മുന്‍പ് ഈ ദിവസം ഇതിലൊരാള്‍ തിരക്കഥാകൃത്തും ഒരാള്‍ സംവിധായകനുമായി സമ്മര്‍ ഇന്‍ ബത്‍ലഹേം പുറത്തിറങ്ങി. ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അതിലൊരാള്‍ നിര്‍മാതാവും മറ്റൊരാള്‍ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വര്‍ഷം ആരംഭിക്കുകയാണ്’; രഞ്ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

സമ്മര്‍ ഇന്‍ ബത്‌ലഹേമിന്‍റെ സംവിധാനം സിബി മലയിലും തിരക്കഥ രഞ്ജിത്തുമായിരുന്നു. സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയിരുന്നത്. മോഹന്‍ലാല്‍ അതിഥി വേഷത്തില്‍ എത്തിയ ചിത്രം മികച്ച വിജയമായിരുന്നു നേടിയത്. അടുത്തിടെ തിയേറ്ററുകളില്‍ പുറത്തിറങ്ങി സൂപ്പര്‍ഹിറ്റായ അയ്യപ്പനും കോശിയും നിര്‍മിച്ചത് രഞ്ജിത്ത് ആയിരുന്നു. പുതിയ ചിത്രം രഞ്ജിത്ത് നിര്‍മിച്ച് സിബി മലയില്‍ സംവിധാനം ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ആസിഫ് അലിയാണ് പുതിയ ചിത്രത്തില്‍ നായകന്‍. ഇത് മൂന്നാം തവണയാണ് സിബി മലയിലും ആസിഫ് അലിയും ഒന്നിക്കുന്നത്. നേരത്തെ അപൂര്‍വ്വ രാഗം, വയലിന്‍, ഉന്നം എന്നീ സിനിമകള്‍ ആസിഫ് അലിയെ നായകനാക്കി ഒരുക്കിയത്.