LiveTV

Live

Entertainment

ആ 50 പേരല്ല; ഈ പത്ത് പേരാണ് യഥാര്‍ത്ഥ താരങ്ങള്‍

ഈ സാഹചര്യത്തില്‍ 2019ലെ ഏറ്റവും ആകര്‍ഷകത്വമുള്ള താരങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് ബ്ലാക്ക് ഇങ്ക് ബ്ലോട്ട്‌സ് എന്ന ഗ്രൂപ്പ്

ആ 50 പേരല്ല; ഈ പത്ത് പേരാണ് യഥാര്‍ത്ഥ താരങ്ങള്‍

ദി ടൈംസ് പുറത്തിറക്കിയ ഏറ്റവും ആകര്‍ഷകത്വമുള്ള 50 ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ നമ്മുടെ ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും പൃഥ്വിരാജുമെല്ലാം ഇടംപിടിച്ചത് ആരാധകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു. ബോളിവുഡ് താരം ഷാഹിദ് കപൂറായിരുന്നു ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ചത്. രണ്‍വീര്‍ സിംഗ് രണ്ടാമതും തെലുങ്ക് താരം വിജയ് ദേവരക്കൊണ്ട മൂന്നാമതുമായിരുന്നു.

ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും തെലുങ്ക് നടന്‍ റാണാ ദഗുബതിയുമെല്ലാം ലിസ്റ്റില്‍ ഇടം കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ പട്ടികയിലൊന്നും ഒരു കറുത്ത താരം ഇടം പിടിച്ചില്ലായെന്ന് ചൂണ്ടിക്കാട്ടുകയാണ് സോഷ്യല്‍ മീഡിയ. ഇത് വര്‍ണ്ണവിവേചനമാണെന്ന വിമര്‍ശവും ഉയരുന്നുണ്ട്. ഇരുണ്ട നിറമുള്ളവര്‍ക്കെന്താ ആകര്‍ഷണം കുറവാണോ എന്നും അവര്‍ക്ക് സൌന്ദര്യമില്ലേയെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഈ സാഹചര്യത്തില്‍ 2019ലെ ഏറ്റവും ആകര്‍ഷകത്വമുള്ള താരങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാണ് ബ്ലാക്ക് ഇങ്ക് ബ്ലോട്ട്‌സ് എന്ന ഗ്രൂപ്പ് .അവരുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്. ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുള്ളത് അനായാസമായ അഭിനയത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടന്‍ വിനായകനാണ്. തമിഴ് താരം ധനുഷും വിജയ് സേതുപതിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നു.

നടന്‍ വിജയും ഫുട്ബോള്‍ താരങ്ങളായ സന്ദേശ് ജിങ്കനും സി.കെ വിനീതുമെല്ലാം പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയാണ് പത്താം സ്ഥാനത്ത്. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ധിഖി, സംഗീത സംവിധായകന്‍ യുവാന്‍ ശങ്കര്‍രാജ, ലൂസിഫര്‍ അടക്കുമുള്ള സിനിമകളില്‍ തിളങ്ങിയ നടന്‍ മുരുകന്‍ മാര്‍ട്ടിന്‍ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റ് താരങ്ങള്‍.