LiveTV

Live

Entertainment

'മിഥുന്‍ മാനുവലുമായി തമിഴ് ചിത്രം, ഒതളങ്ങ തുരുത്ത്, അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം'; മൂന്ന് പുതിയ ചിത്രങ്ങള്‍ പ്രഖ്യാപിച്ച് അന്‍വര്‍ റഷീദ്

മുന്‍ ചിത്രം ട്രാന്‍സ് സിനിമക്ക് വേണ്ടി ഛായാഗ്രഹകന്‍ അമല്‍ നീരദോ നടന്‍ ഫഹദ് ഫാസിലോ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അന്‍വര്‍ റഷീദ് പറഞ്ഞു.

'മിഥുന്‍ മാനുവലുമായി തമിഴ് ചിത്രം, ഒതളങ്ങ തുരുത്ത്, അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം'; മൂന്ന് പുതിയ ചിത്രങ്ങള്‍ പ്രഖ്യാപിച്ച് അന്‍വര്‍ റഷീദ്

ട്രാന്‍സിന് ശേഷം മൂന്ന് പുതിയ ചിത്രങ്ങള്‍ പ്രഖ്യാപിച്ച് മലയാളത്തിന്‍റെ ഹിറ്റ് സംവിധായകന്‍ അന്‍വര്‍ റഷീദ്. അഞ്ചാം പാതിരക്ക് ശേഷം മിഥുന്‍ മാനുവല്‍ തിരക്കഥയൊരുക്കുന്ന തമിഴ് ചിത്രമായിരിക്കും തന്‍റെ അടുത്ത സംവിധാനം ചിത്രമെന്ന് അന്‍വര്‍ റഷീദ് ഓണ്‍മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കൈതി ഫെയിം അർജുൻ ദാസ് ആയിരിക്കും തമിഴ് ചിത്രത്തില്‍ നായകന്‍. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രം, ഒതളങ്ങ തുരുത്തിന്‍റെ ബിഗ് സ്ക്രീന്‍ അഡാപ്റ്റേഷന്‍ എന്നിവയായിരിക്കും അടുത്ത നിര്‍മാണ ചിത്രങ്ങളെന്നും അന്‍വര്‍ റഷീദ് പറഞ്ഞു. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അദ്ദേഹം തന്നെയായിരിക്കും തിരക്കഥയാരുക്കുകയെന്നും നേരത്തെ പ്രഖ്യാപിച്ച മ്യൂസിക്കല്‍ പ്രൊജക്ട് അല്ല ഇതെന്നും അന്‍വര്‍ റഷീദ് പറഞ്ഞു. ഒതളങ്ങ തുരുത്ത് സിനിമയാക്കുമ്പോള്‍ യൂ ട്യൂബ് സീരീസിന്‍റെ പകര്‍പ്പായിരിക്കില്ലെന്നും പുതിയ കഥയില്‍ അതേ അഭിനേതാക്കളും പശ്ചാത്തലവും ഉപയോഗിച്ചെടുക്കുന്നതാകുമെന്നും അന്‍വര്‍ റഷീദ് പറഞ്ഞു. അംബുജി തന്നെയായിരിക്കും ചിത്രം സംവിധാനം ചെയ്യുക.

പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന മൂന്ന് ചിത്രങ്ങളും തിയേറ്ററുകളിലായിരിക്കും റിലീസ് ചെയ്യുകയെന്നും അന്‍വര്‍ റഷീദ് വ്യക്തമാക്കി. താന്‍ ഒ.ടി.ടി പ്ലാറ്റ്ഫോമിന് എതിരായത് കൊണ്ടല്ല ഇത്തരമൊരു തീരുമാനമെന്നും അങ്ങനെ സിനിമ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അങ്ങനെ റിലീസ് ചെയ്യാനുള്ള അവകാശമുണ്ടെന്നും മലയാള സിനിമക്ക് ഒ.ടി.ടി റിലീസിലൂടെ മാത്രം സിനിമ റിലീസ് സാധ്യമല്ലെന്നും അന്‍വര്‍ റഷീദ് പറഞ്ഞു.

അന്‍വര്‍ റഷീദിന്‍റെ അവസാന ചിത്രം ട്രാന്‍സ് പ്രേക്ഷകര്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം സൃഷ്ടിച്ച സിനിമയായിരുന്നു. തന്‍റെ മുന്‍ സിനിമകളെ അപേക്ഷിച്ച് ട്രാന്‍സില്‍ എന്‍റര്‍ടെയിന്‍മെന്‍റ് ക്വാഷന്‍റ് കുറവായിരുന്നെന്ന് അന്‍വര്‍ റഷീദ് പറഞ്ഞു. തമിഴ് സംവിധായകന്‍ കെ.വി ആനന്ദ്, അരുവി സംവിധാകന്‍ അരുണ്‍ പ്രഭു, തെലുഗു സിനിമാ സംവിധായകരായ പൂരി ജഗനാഥ് എന്നിവര്‍ ട്രാന്‍സ് കണ്ട് അഭിനന്ദിച്ചതായി അന്‍വര്‍ റഷീദ് പറഞ്ഞു. ട്രാന്‍സ് സിനിമക്ക് വേണ്ടി ഛായാഗ്രഹകന്‍ അമല്‍ നീരദോ നടന്‍ ഫഹദ് ഫാസിലോ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അന്‍വര്‍ റഷീദ് പറഞ്ഞു. ആദ്യ ടേക്കില്‍ തന്നെ മികച്ച അഭിനയം കാഴ്ച്ചവെക്കുന്ന താരമാണ് ഫഹദ് ഫാസിലെന്നും അമല്‍ നീരദ് അതുല്യ ഛായാഗ്രഹകനാണെന്നും ട്രാന്‍സിന്‍റെ ടെക്നിക്കല്‍ വിജയത്തിന് പിന്നില്‍ അമല്‍ നീരദ് മുഖ്യ പങ്കുവഹിച്ചെന്നും അന്‍വര്‍ റഷീദ് പറഞ്ഞു.