LiveTV

Live

Entertainment

മോഹന്‍ലാലിനെ പറ്റിച്ച വിശ്വനാഥന്‍റെ മകനാവില്ലേ 'തണ്ണീർമത്തനി'ലെ രവി പദ്മനാഭൻ?

ഒന്നാന്തരം അല്പനാണ് അയാൾ. വർഷത്തിൽ ഒരിക്കൽ സിഗരറ്റു വലിക്കുന്നതും ഒരു ഗ്ളാസ് ബിയർ കുടിച്ചതും ഒക്കെ വലിയ കാര്യമായി പറഞ്ഞു നടക്കുന്ന ആൾ

മോഹന്‍ലാലിനെ പറ്റിച്ച വിശ്വനാഥന്‍റെ മകനാവില്ലേ 'തണ്ണീർമത്തനി'ലെ രവി പദ്മനാഭൻ?

മുകന്ദേട്ടാ സുമിത്ര വിളിക്കുന്നൂ..മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ 1988ല്‍ പുറത്തിറങ്ങിയ ഈ ചിത്രം കാണാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ലാലിനും രഞ്ജിനിക്കും പുറമെ ശ്രീനിവാസനും നെടുമുടി വേണുവും ജഗതിയുമൊക്കെ തകര്‍ത്തഭിനയിച്ച ചിത്രം ചിരിയുടെ പൊടിപൂരമാണ് ഒരുക്കിയത്. ലാലു രഞ്ജിനിയും ടൈറ്റില്‍ കഥാപാത്രങ്ങളായെത്തിയപ്പോള്‍ അവര്‍ക്കിടയിലേക്ക് വില്ലനായി എത്തിയത് ശ്രീനിവാസനായിരുന്നു. ലോകത്തിലെ സകല ഉഡായിപ്പുകളും അറിയാവുന്ന വിശ്വനാഥനായി ശ്രീനിവാസന്‍ ചിത്രത്തില്‍ നായകനെക്കാള്‍ സ്കോര്‍ ചെയ്യുകയായിരുന്നു. മുകുന്ദനും സുചിത്രയും ഒന്നിക്കുന്ന ക്ലൈമാക്സ് കണ്ട് മലയാളിയുടെ മനസ് നിറഞ്ഞപ്പോള്‍ വിശ്വനാഥന് എന്ത് സംഭവിച്ചിരിക്കാമെന്ന എന്ന ചിന്ത മുന്നോട്ട് വയ്ക്കുകയാണ് മിനേഷ് രാമനുണ്ണി എന്ന ആസ്വാദകന്‍. ഒരുപക്ഷേ വിശ്വനാഥന്‍റെ മകനായിരിക്കാം തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ വില്ലന്‍ രവി പദ്മനാഭനെന്ന സംശയവും മിനേഷ് മുന്നോട്ട് വയ്ക്കുന്നുണ്ട്.

മിനേഷ് രാമനുണ്ണിയുടെ കുറിപ്പ്

വിശ്വനാഥന് എന്ത് സംഭവിച്ചു കാണും എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. അതിനൊരു കാരണമുണ്ട്. മുകുന്ദ കൃഷ്ണന്‍റെയും സുമിത്രയുടെയും ഭാവി നമുക്ക് എളുപ്പത്തിൽ പ്രവചിക്കാവുന്നതേ ഉള്ളൂ . മുകുന്ദകൃഷ്ണൻ സുമിത്രയെ വിവാഹം കഴിച്ചതിന് ശേഷം പിന്നെയും മോണിക്ക ഷൂവിൽ ജോലി ചെയ്തു കാണും . പ്രമോഷൻ ഒക്കെ ആയി പരമാവധി ഒരു മാനേജർ പോസ്റ്റിൽ എത്തിക്കാണും. രണ്ടു പേർക്കും കുട്ടികൾ ഉണ്ടാവുകയും അവിടുത്തെ ഏതെങ്കിലും ഇംഗ്ളീഷ് മീഡിയത്തിൽ പഠിപ്പിച്ചു ഡോക്ടറോ എഞ്ചിനിയറോ ആക്കണം എന്ന സ്വപ്നത്തിനു പിറകിൽ ഓടി ഹോം ലോൺ, കാർ ലോൺ ഒക്കെ അടച്ചു ജീവിതം മുന്നോട്ടു കൊണ്ടു പോയിക്കാണും .

ഇതിനിടയിൽ അവർ ആ തെരുവിൽ നിന്ന് കുറച്ചു കൂടി വലിയ സ്ഥലത്തേക്ക് മാറിക്കാണും. വിശ്വനാഥൻ അയാളെ പറ്റിച്ചതും അയാളുടെ സത്യസന്ധത ബോധ്യപ്പെട്ടതും എല്ലാം അവസരം കിട്ടുമ്പോഴൊക്കെ അയാൾ പറഞ്ഞു നടക്കാനും സാധ്യതയുണ്ട്. ഇത്തരം ഒരു സാധാരണ ജീവിതം മാത്രമേ അയാളെ സംബന്ധിച്ചിടത്തോളം സാധ്യതയുള്ളൂ.

എന്നാൽ വിശ്വനാഥന്‍റെ കാര്യം അതല്ല. അനന്തസാധ്യതകൾ ആണ് വിശ്വനാഥന്‍റെ മുന്നിലുള്ളത്. അവസാനം നാം അയാളെ കാണുമ്പോൾ മുകുന്ദന്‍റെ മർദ്ദനമേറ്റ്, അയാൾ കീറിയെറിഞ്ഞ വിമാന ടിക്കറ്റുമായി എയർപോർട്ടിൽ ദുബായ് വിമാനം പറന്നുയരുന്നതും നോക്കി നിൽക്കുകയാണ് .

അയാളുടെ കഥ അവിടെ തീരും എന്ന് വിശ്വസിക്കാൻ അയാളെ അറിയുന്ന ആർക്കെങ്കിലും സാധിക്കുമോ ?

റെയിൽവേ സ്റ്റേഷനിൽ ചുമടെടുത്തും സൈക്കിൾ റിക്ഷ ചവിട്ടിയും റോഡിൽ പച്ചമരുന്ന് വിറ്റുമൊക്കെ ജീവിച്ച ആളാണ് അയാൾ. അവിടുന്നൊക്കെ പിടിക്കപ്പെടുകയും പല തവണ മർദനമേൽക്കുകയും ചെയ്തിട്ടുണ്ട് . എന്നിട്ടും വലിയ പ്ലാനുകളിലേക്കാണ് അയാൾ മുന്നോട്ടു നീങ്ങിയത്. അയാളുടെ സ്വഭാവം സൂക്ഷിച്ചു നോക്കിയാൽ ഒരു കാര്യം വ്യക്തമാണ് . പെട്ടെന്നൊന്നും തോൽവി സമ്മതിക്കുന്ന ആളല്ല അയാൾ . ഒപ്പം സമൂഹത്തിന്റെ മനഃശാസ്ത്രം മനസിലാക്കി മനുഷ്യരുടെ ദൗർബല്യങ്ങളെ സമർത്ഥമായി ഉപയോഗപ്പെടുത്തി സ്വന്തം ജീവിതത്തിൽ നേട്ടമുണ്ടാക്കാൻ കൃത്യമായി അറിയുന്ന ആളാണ് വിശ്വനാഥൻ. അയാൾ പറ്റിച്ചിട്ടുള്ള ആളുകളെ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. അവർക്കൊക്കെ പല ദൗർബല്യങ്ങളും ഉണ്ടായിരുന്നു .

മുകുന്ദന്‍റെ തന്നെ കാര്യമെടുക്കാം

ഒന്നാന്തരം അല്പനാണ് അയാൾ. വർഷത്തിൽ ഒരിക്കൽ സിഗരറ്റു വലിക്കുന്നതും ഒരു ഗ്ളാസ് ബിയർ കുടിച്ചതും ഒക്കെ വലിയ കാര്യമായി പറഞ്ഞു നടക്കുന്ന ആൾ. വലിയവരുമായുള്ള സൗഹൃദം ഒക്കെ പൊങ്ങച്ചം പറഞ്ഞു നടക്കാൻ ഇഷ്ടമുള്ള ആളാണ്. വിശ്വനാഥനെ പെങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത് പോലും 'മിനിസ്റ്ററുടെയും എന്റെയും സുഹൃത്ത്' എന്ന് പറഞ്ഞാണ്. അങ്ങനെയുള്ള ഒരാൾ പറ്റിക്കപ്പെടാൻ വളരെ എളുപ്പമാണ്. ഗൾഫിലുള്ള മകന്റെ ശമ്പളവും പൊങ്ങച്ചം പറഞ്ഞു നടക്കുന്ന മിലട്ടറിക്കാരനും എളുപ്പത്തിൽ ജോലി കിട്ടും എന്ന് കരുതി കൈക്കൂലി കൊടുക്കാൻ തയ്യാറായ ചെറുപ്പക്കാരനും ഒരു ലോക്കൽ ക്ലബിൽ കളിക്കുകയായിരുന്നിട്ടും താൻ ഇവാൻ ലെൻഡലിന്റെ തനിപ്പകർപ്പാണ് എന്ന് ഒരു അപരിചിതൻ പുകഴ്ത്തിയപ്പോൾ വീണു പോയ കമ്പനി മുതലാളിയും കാശും പണവും ഒക്കെ ഉള്ള ഒരാളെ കണ്ടപ്പോൾ മകൾക്ക് വേണ്ടി വരാനായി ഊരും പേരും അറിയാത്ത ഒരാളെ വിവാഹ ആലോചിക്കാൻ വന്ന വീട്ടമ്മയും ഒക്കെ എത്രയോ എളുപ്പം പറ്റിക്കപ്പെടാൻ സാധ്യതയുള്ളവരാണ്. വിശ്വനാഥൻ അല്ലെങ്കിൽ മറ്റാരെങ്കിലും- ആട്, മാഞ്ചിയം, ഏലസ്സ് ടീമുകളോ വെള്ളിമൂങ്ങ മണി ചെയിൻ ടീമുകളോ- ഇവരെ പറ്റിക്കുമായിരുന്നു എന്ന് മാത്രം .

വീണ്ടും വിശ്വനാഥനിലേക്ക് വരാം

ടിക്കറ്റും വിസയും വലിച്ചു കീറിയാൽ അയാൾക്ക് എന്തെങ്കിലും സംഭവിക്കുമോ ? അയാളുടെ പ്രകൃതം വെച്ച് ആരെയെങ്കിലും പറ്റിച്ചു പുതിയ ടിക്കറ്റു എടുക്കും. വിസയുടെ കോപ്പി ഒരിക്കൽ കൂടി എടുത്ത് അയാൾ ഗൾഫിൽ എത്തിക്കാണും. ഗൾഫിൽ ഇതുപോലെ ദൗർബല്യങ്ങൾ ഉള്ളവരെ മുതലെടുത്ത് കാശുണ്ടാക്കാൻ സാധ്യതയുണ്ട് . അല്ലെങ്കിൽ പതിവ് നിർഭാഗ്യമെന്നു പോലെ പിടിക്കപ്പെട്ട നാട്ടിൽ എത്താനും സാധ്യതയുണ്ട്, നാട്ടിൽ വീണ്ടും എന്തെങ്കിലും സംരംഭങ്ങളിൽ ഏർപ്പെട്ടുകാണും. രണ്ടായിരത്തിനു ശേഷം റിയൽ എസ്റ്റേറ്റിൽ ഇറങ്ങാനും രണ്ടായിരത്തിപത്തിനൊക്കെശേഷം മൊബൈൽ/ഇമെയിൽ വഴിയുള്ള തട്ടിപ്പുകളിൽ പങ്കെടുക്കാനുമൊക്കെ സാധ്യതയുണ്ട്.

ഒരു പക്ഷെ നമുക്ക് ഇപ്പോൾ കിട്ടാറുള്ള ഇമെയിൽ ലോട്ടറികൾക്കോ ഓ ടി പിയും എ ടി എം പിന്നും ചോദിച്ചു കൊണ്ടുള്ള കോളുകളിൽ ചിലതിലോ പിന്നിൽ അയാളും കണ്ടേക്കാം. അതല്ലെങ്കിൽ ഉദയഭാനുവിന്റെ തിരക്കഥ മോഷ്ടിച്ച് സിനിമയിൽ താരമായ രാജപ്പൻ എന്ന പേരിൽ കോടമ്പാക്കത്ത് കറങ്ങിയതും അയാളാവും .

ഇടക്കിടെ പിടിക്കപ്പെടുന്ന വിശ്വനാഥൻ ആ പേരിൽ തന്നെ ശിഷ്ട കാലം കഴിയാനുള്ള സാധ്യത കുറവാണ്. ലോലഹൃദയനായ മുകുന്ദൻ തന്നെ നാടുമുഴുവൻ വിശ്വം തട്ടിപ്പുകാരനാണ് എന്ന് പറഞ്ഞു നടക്കാൻ ഉള്ളതിനാൽ അയാൾ പേര് മാറ്റി നടക്കാൻ സാധ്യതയുണ്ട്.

മറ്റൊരു കൗതുകകരമായ കാര്യം മുകുന്ദൻ കണ്ടെടുക്കുന്ന കത്തുകളിൽ ഒന്നിൽ വിശ്വനാഥൻ വിവാഹിതനായിരുന്നു എന്നും അയാൾക്ക് ഒരു ഭാര്യയും കുഞ്ഞുമുണ്ടെന്നും എന്നതുമാണ് . ഊഹിച്ചു നോക്കിയാൽ എൺപതുകളിൽ ജനിച്ച ആ കുഞ്ഞിനിപ്പോൾ പ്രായം മുപ്പതുകളിൽ ആയിരിക്കും എന്ന് ഊഹിക്കാം . അയാളും ഇപ്പോൾ നമുക്കിടയിൽ തന്നെയുണ്ടാവും.

ആ മകന് എന്ത് സംഭവിച്ചിരിക്കാം ?

അങ്ങനെ ആലോചിക്കുമ്പോൾ വിശ്വനാഥന്റേതിന് സമാനമായ ജീവിതം നയിച്ച ഒരു ചെറുപ്പക്കാരന്റെ മുഖം ഓർമ്മവരും. ജെയ്സന്റെയും കീർത്തിയുടെയും ജീവിതത്തിൽ വില്ലനായ, അശ്വതി ടീച്ചറെ വിവാഹം കഴിക്കാൻ പ്ലാൻ ഇട്ട, ലോല ഹൃദയനായ ഒരു സ്കൂൾ പ്രിൻസിപ്പലിനെയും അധ്യാപകരെയും എല്ലാം പറ്റിച്ച ഒരാളുടേത് .

എൺപതുകളിൽ വിശ്വനാഥൻ എന്ന പേരിൽ ജീവിച്ചിരുന്ന ആ മനുഷ്യൻ പിന്നീട് പദ്മനാഭൻ എന്ന പുതിയൊരു പേരിൽ പുതിയൊരു വേഷം സ്വീകരിക്കുകയും അയാളുടെ മകനല്ല നാമൊക്കെ അറിയുന്ന രവി പദ്മനാഭൻ എന്ന് ഉറപ്പിച്ചു പറയാനാവുമോ ?