LiveTV

Live

Entertainment

തുര്‍ക്കിയുടെ പ്രഥമ വനിതയുമായി കൂടിക്കാഴ്ച: ആമിര്‍ ഖാനെതിരെ സൈബര്‍ ആക്രമണം

തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാന്‍റെ ഭാര്യ എമിനെ ഉര്‍ദുഗാനുമായി നടത്തിയ കൂടിക്കാഴ്ചയെ ചൊല്ലിയാണ് വിവാദം.

തുര്‍ക്കിയുടെ പ്രഥമ വനിതയുമായി കൂടിക്കാഴ്ച: ആമിര്‍ ഖാനെതിരെ സൈബര്‍ ആക്രമണം

ഒരു കൂടിക്കാഴ്ചയുടെ പേരിൽ വിദ്വേഷ പ്രചാരണം നേരിടുകയാണ് ആമിർ ഖാനും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ലാൽ സിങ് ഛദ്ദയും. തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാന്‍റെ ഭാര്യ എമിനെ ഉര്‍ദുഗാനുമായി നടത്തിയ കൂടിക്കാഴ്ചയെ ചൊല്ലിയാണ് വിവാദം.

ലാല്‍ സിങ് ഛദ്ദയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ആമിര്‍ ഖാന്‍ തുര്‍ക്കിയില്‍ എത്തിയത്. ഒക്ടോബറിലാണ് തുര്‍ക്കിയിലെ ചിത്രീകരണം. അതിനിടെയാണ് തുര്‍ക്കി പ്രഥമ വനിതയുമായി കൂടിക്കാഴ്ച നടത്തിയത്.

ആമിര്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ച സംബന്ധിച്ച് എമിനെ ഉര്‍ദുഗാന്‍ തന്നെയാണ് ട്വീറ്റ് ചെയ്തത്. ആമിറിനൊപ്പമുളള ചിത്രങ്ങളും ട്വീറ്റ് ചെയ്തു. പിന്നാലെയാണ് ആമിര്‍ ഖാനെതിരെ സംഘപരിവാര്‍ അനകൂലികള്‍ സൈബര്‍ ആക്രമണം ആരംഭിച്ചത്. ലാല്‍ സിങ് ഛദ്ദ ബഹിഷ്കരിക്കുമെന്നാണ് ഭീഷണി.

തുര്‍ക്കി ഇന്ത്യയുടെ ശത്രുപക്ഷത്തുളള രാജ്യമാണെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ പറയുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഡല്‍ഹി കലാപത്തിന് പിന്നാലെ ഉര്‍ദുഗാന്‍ ഇന്ത്യയെ വിമര്‍ശിച്ചിരുന്നു. ഹിന്ദുക്കള്‍ മുസ്‍ലിംകളെ കൂട്ടക്കൊല ചെയ്യുകയാണെന്നാണ് അദ്ദേഹം ആരോപിച്ചത്. കശ്മീരിന് പ്രത്യേക അധികാരം നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെയും തുര്‍ക്കി നിലപാട് വ്യക്തമാക്കിയിരുന്നു.

ആമിര്‍ ദേശവിരുദ്ധനാണെന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ ആക്ഷേപിക്കുന്നത്. ചിലര്‍ ലാൽ സിങ് ഛദ്ദയുടെ ട്രെയിലറിന് ഡിസ് ലൈക്ക് അടിച്ചും പ്രതിഷേധിക്കുന്നു. അടുത്ത കാലത്ത് സഡക്ക് 2 എന്ന സിനിമയ്ക്കും ഡിസ്‍ലൈക്ക് പെരുമഴയായിരുന്നു. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെ തുടര്‍ന്ന് ബോളിവുഡിലെ സ്വജനപക്ഷപാതം ചര്‍ച്ചയായതിന് പിന്നാലെയാണ് ആലിയ ഭട്ട് നായികയായ സഡക്ക് 2വിനെതിരെ ഹെയ്റ്റ് ക്യാമ്പെയിന്‍ നടന്നത്. സഡക്കിനെ എങ്ങനെയാണോ 'സ്വീകരിച്ചത്' അതേ 'സ്വീകരണം' ലാൽ സിങ് ഛദ്ദയുടെ പുതിയ ട്രെയിലര്‍ ഇറങ്ങുമ്പോള്‍ നല്‍കണമെന്ന ആഹ്വാനവും കാണാം