LiveTV

Live

Entertainment

മക്കളെ ചെളിയിൽ ഇറക്കിയപ്പോ, പഴങ്കഞ്ഞി കൊടുത്തപ്പോ, നീ എന്തൊരു അമ്മയാണെന്ന്: വൈറലായി സാന്ദ്ര തോമസിന്‍റെ കുറിപ്പ്

തന്‍റെ കുഞ്ഞുങ്ങളെ ഇങ്ങനെ വളര്‍ത്താന്‍ തനിക്ക് പ്രചോദനമായത് സ്വന്തം കുട്ടികളെ മഴയത്തും വെയിലത്തും ഇറക്കാതെ അവര്‍ക്ക് മൊബൈല്‍ ഫോണും കൊടുത്ത് ഇരുത്തുന്ന ചില മാതാപിതാക്കള്‍ ആണെന്ന് സാന്ദ്ര

മക്കളെ ചെളിയിൽ ഇറക്കിയപ്പോ, പഴങ്കഞ്ഞി കൊടുത്തപ്പോ, നീ എന്തൊരു അമ്മയാണെന്ന്: വൈറലായി സാന്ദ്ര തോമസിന്‍റെ കുറിപ്പ്

കുഞ്ഞുങ്ങള്‍ പ്രകൃതി അറിഞ്ഞ് വളരണമെന്ന് ആഗ്രഹിക്കുകയും, മഴ കൊണ്ടാല്‍ പനി വരുമോ, ചളിയിലിറങ്ങിയാല്‍ കീടാണു ആക്രമിക്കുമോ എന്നൊക്കെ ആധി പിടിക്കുന്നവരാണ് ഇന്നത്തെ കാലത്തെ മാതാപിതാക്കള്‍. കുഞ്ഞുങ്ങളുടെ ലോകം യൂട്യൂബും, വീഡിയോ ഗെയിമുകളും മാത്രമായി ഒതുങ്ങിപ്പോകുന്നു.. കളിസ്ഥലങ്ങളില്ലാതെയായി... ഉള്ളവയെ പോലും കോവിഡ് കാലം അടച്ചുപൂട്ടി.. പഠനം പോലും വീടിനകത്തായി.. കുട്ടികള്‍ പുറത്തേ ഇറങ്ങാതെയായി..

എന്നാലിതാ, ഒരു അമ്മ, പ്രകൃതിയെ അറിഞ്ഞ് തന്‍റെ കുഞ്ഞുങ്ങള്‍ എങ്ങനെയാണ് വളരുന്നതെന്ന് എഫ് ബി പോസ്റ്റുകളിലൂടെ നമുക്ക് കാണിച്ചു തരുന്നു.. അതിലും വിമര്‍ശം കാണുന്നവരോട്, നീ എന്തൊരു അമ്മയാണ് എന്ന് ചോദിക്കുന്നവരോട് തനിക്ക് പറയാനുള്ള കാര്യങ്ങള്‍ തുറന്നു പറയുകയാണ് നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ്. തന്‍റെ കുഞ്ഞുങ്ങളെ ഇങ്ങനെ വളര്‍ത്താന്‍ തനിക്ക് പ്രചോദനമായത് സ്വന്തം കുട്ടികളെ മഴയത്തും വെയിലത്തും ഇറക്കാതെ അവര്‍ക്ക് മൊബൈല്‍ ഫോണും കൊടുത്ത് ഇരുത്തുന്ന ചില മാതാപിതാക്കള്‍ ആണെന്നാണ് സാന്ദ്ര തുറന്നു പറയുന്നത്.

നീ എന്തൊരു അമ്മയാണ് !!! എന്റെ മക്കളുടെ ആരോഗ്യത്തിൽ വ്യാകുലരായ എല്ലാവർക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോനുന്നു. ഈ...

Posted by Sandra Thomas on Saturday, August 8, 2020

സാന്ദ്രയുടെ ഫെയ്‍സ്ബുക്ക് കുറിപ്പ് വായിക്കാം

നീ എന്തൊരു അമ്മയാണ് !!!

എന്റെ മക്കളുടെ ആരോഗ്യത്തിൽ വ്യാകുലരായ എല്ലാവർക്കും വേണ്ടി ഇതിവിടെ പറയണമെന്ന് തോനുന്നു.

ഈ വർഷത്തെ മുഴുവൻ മഴയും നനഞ്ഞു ആസ്വദിച്ച കുട്ടികൾ ആണവർ. ആ കുളിയിൽ അവർക്കു ശ്വാസം മുട്ടിയില്ല എന്ന് മാത്രമല്ല പിന്നെയും പിന്നെയും ഒഴിക്കമ്മേ എന്നാണ് അവർ പറഞ്ഞു കൊണ്ടിരുന്നത്. നല്ല തണുത്ത വെള്ളത്തിൽ കുളിച്ചു ശീലിച്ച കുട്ടികൾ ആണവർ.

ഞാൻ ആദ്യം അവരെ മഴയത്തു ഇറക്കിയപ്പോ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞു പിള്ളാരെ മഴ നനയിക്കാമോ എന്ന്.

ഞാൻ ആദ്യം അവരെ ചെളിയിൽ ഇറക്കിയപ്പോ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു വളം കടിക്കുമെന്ന്.

ഞാൻ അവർക്കു പഴങ്കഞ്ഞി കൊടുത്തപ്പോൾ എല്ലാവരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു ആരേലും പഴയ ചോറ് കൊടുക്കുമോ എന്ന്.

ഞാൻ അവരെ തന്നെ വാരി കഴിക്കാൻ പഠിപ്പിച്ചപ്പോൾ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് കുഞ്ഞുങ്ങൾക്കു എല്ലാവരും കാക്കയെ കാണിച്ചും പൂച്ചയെ കാണിച്ചും വാരി കൊടുക്കാറാണ് പതിവെന്ന്.

ഞാൻ അവർക്കു മലയാളം അക്ഷരമാല പഠിപ്പിച്ചു കൊടുത്തപ്പോൾ എല്ലാരും പറഞ്ഞു നീ എന്തൊരു അമ്മയാണ് അവർക്കു ഇംഗ്ലീഷ് alphabets പറഞ്ഞു കൊടുക്കു എന്ന്.

ഞാൻ അവർക്കു അഹം ബ്രഹ്‌മാസ്‌മി എന്ന് പറഞ്ഞു കൊടുത്തപ്പോൾ എല്ലാവരും പറഞ്ഞു ദൈവം മതങ്ങളിൽ ആണെന്ന്.

ഇപ്പോൾ എല്ലാവരും അഭിമാത്തോടെ പറയും ഇങ്ങനെ വേണം കുട്ടികൾ എന്ന്.

എന്റെ കുട്ടികളെ ഇതുപോലെ വളർത്താൻ എനിക്ക് പ്രചോദനം ആയതു മഴയത്തും വെയിലത്തും ഇറക്കാതെ അവർക്കു മൊബൈൽ ഫോണും കൊടുത്തു ഇരുത്തുന്ന ചില മാതാപിതാക്കൾ ആണ്. എന്തായാലും അങ്ങനെ ഒരമ്മയാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വേണ്ടത് പ്രകൃതിയെ അറിഞ്ഞു മനുഷ്യനെ സ്നേഹിച്ചു സ്വയംപര്യാപ്തരായി വളർന്നു വരേണ്ട കുട്ടികളെയാണ്. ശുഭം !