LiveTV

Live

Entertainment

റിയയെ മുംബൈ പൊലീസ് സഹായിക്കുന്നു: ബിഹാർ പൊലീസ് സുപ്രീംകോടതിയിൽ

തനിക്കെതിരായ കേസ് ബിഹാറിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റണമെന്നാണ് റിയയുടെ ആവശ്യം

റിയയെ മുംബൈ പൊലീസ് സഹായിക്കുന്നു: ബിഹാർ പൊലീസ് സുപ്രീംകോടതിയിൽ

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ മുംബൈ പൊലീസിനെതിരെ ബിഹാർ പൊലീസ് സുപ്രീംകോടതിയിൽ. ആരോപണ വിധേയയായ നടി റിയ ചക്രവർത്തിയെ മുംബൈ പൊലീസ് സഹായിക്കുകയാണെന്നാണ് ബിഹാർ പൊലീസ് സുപ്രീംകോടതിയെ അറിയിച്ചത്. തനിക്കെതിരായ കേസ് ബിഹാറിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറ്റണമെന്നാണ് റിയയുടെ ആവശ്യം. ബിഹാർ പൊലീസ് മുൻധാരണയോടെ തനിക്കെതിരെ നീങ്ങുന്നുവെന്ന് ആരോപണം ഉന്നയിക്കുന്നതല്ലാതെ റിയ ഇതിന് തെളിവൊന്നും കോടതിയിൽ സമർപ്പിച്ചിട്ടില്ലെന്നും ബിഹാർ പൊലീസ് വാദിച്ചു.

സുശാന്തിന്റെ പിതാവ് കെ കെ സിങ് നൽകിയ പരാതിയിലാണ് ബിഹാർ പൊലീസ് റിയക്കെതിരെ കേസെടുത്തത്. റിയ സുശാന്തിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്തെന്നാണ് കെ കെ സിങിന്റെ പരാതി. കോടികൾ റിയ സുശാന്തിന്റെ അക്കൗണ്ടിൽ നിന്ന് സ്വന്തമാക്കി, സുശാന്തിന്റെ മുൻ മാനേജർ ദിഷ സാലിയാന്റെ മരണത്തിൽ സുശാന്തിന് പങ്കുണ്ടെന്ന് വരുത്തിത്തീർക്കുമെന്ന് ഭീഷണിപ്പെടുത്തി തുടങ്ങിയ ​ഗുരുതര ആരോപണങ്ങളാണ് റിയക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് റിയക്കെതിരെ ബിഹാർ പൊലീസ് കേസെടുത്തത്. എന്നാൽ അന്വേഷണത്തിന് മുംബൈയിലെത്തിയ ബിഹാർ പൊലീസിന് റിയയെ ചോദ്യംചെയ്യാൻ പോലും സാധിച്ചില്ല. സുശാന്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും പരിശോധിക്കാൻ അനുവദിച്ചില്ല.

കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന പറ്റ്ന എസ്പി വിനയ് തിവാരിയെ മുംബൈ കോർപറേഷൻ നിർബന്ധിത ക്വാറന്റൈിൽ അയച്ചതും കയ്യിൽ ക്വാറന്റൈൻ സീൽ പതിച്ചതും വിവാദമായി. അഞ്ച് ദിവസം കഴിഞ്ഞ് ഇന്നാണ് വിനയ് തിവാരിയെ ക്വാറന്റൈനിൽ നിന്ന് മോചിപ്പിച്ചത്. വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിലായിരുന്നു എസ്പിയെന്ന് ബിഹാർ ഡിജിപി പരസ്യമായി പറയുന്ന സാഹചര്യമുണ്ടായി. അതിനിടെ കേസ് ബിഹാർ പൊലീസ് സിബിഐക്ക് കൈമാറി. റിയ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ സിബിഐ കേസെടുത്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ റിയയെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ചോദ്യം ചെയ്തു.