LiveTV

Live

Entertainment

നടൻ സമീർ ശർമ വീട്ടിൽ മരിച്ചനിലയിൽ

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നി​ഗമനം

നടൻ സമീർ ശർമ വീട്ടിൽ മരിച്ചനിലയിൽ

നടനും മോഡലുമായ സമീർ ശർമയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ മലാഡിലെ അപാർട്മെന്റിലാണ് 44കാരനായ ടെലിവിഷൻ താരത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം.

അപാർട്മെന്റിലെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. വാച്ച്മാൻ ആണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. അപകട മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം പോസ്റ്റിമോർട്ടത്തിന് അയച്ചു. ഫെബ്രുവരിയിലാണ് സമീർ മലാഡിലെ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസം തുടങ്ങിയത്.

യേ റിഷ് തേ ഹേ പ്യാർ കി എന്ന സീരിയലിലൂടെ പ്രശസ്തനാണ് സമീർ. കഹാനി ഘർ ഘർ കി, ക്യൂംകി സാസ് ഭി കഭി ബഹു ഥി, ജ്യോതി, ഇസ് പ്യാർ കോ ക്യാ നാം ദു തുടങ്ങിയ ഷോകളിലും സീരീസുകളിലും സമീറുണ്ടായിരുന്നു. ഹസീ തോ ഫസീ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

സുശാന്ത് സിങ് രാജ്പുത്ത് അടക്കം മുംബൈയിൽ ഈ വർഷം ജീവിതം അവസാനിപ്പിച്ച താരങ്ങൾ ഏറെയാണ്. മൻമീത് ​ഗ്രേവാൾ, പ്രേക്ഷ മേത്ത തുടങ്ങിയവരും ജീവനൊടുക്കുകയായിരുന്നു. വരുൺ ധവാൻ, സിദ്ധാർഥ് മൽഹോത്ര തുടങ്ങിയ താരങ്ങൾ സമീറിന്റെ അകാലവിയോ​ഗത്തിൽ അനുശോചിച്ചു. നമുക്കിടയിലെ ആളുകളിൽ വർധിച്ചുവരുന്ന വിഷാദവും ആത്മഹത്യാ പ്രവണതയും സംബന്ധിച്ച് ​ഗൗരവമായി ആലോചിക്കണമെന്നും പരിഹാരം കാണണമെന്നും നടി ശ്വേത രോഹിറ പറഞ്ഞു.