LiveTV

Live

Entertainment

'സുശാന്ത്, ദിഷ കേസിലേക്ക് വലിച്ചിഴച്ച് എന്നെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു': സൂരജ് പഞ്ചോളി

സുശാന്ത് ആത്മഹത്യ ചെയ്തതാണോ കൊല്ലപ്പെട്ടതാണോ എന്ന് തനിക്ക് അറിയില്ല. പക്ഷേ ഈ സംഭവവുമായി തന്നെ ബന്ധിപ്പിച്ച് ആളുകൾ തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നാണ് സൂരജിന്റെ പ്രതികരണം.

'സുശാന്ത്, ദിഷ കേസിലേക്ക് വലിച്ചിഴച്ച് എന്നെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു': സൂരജ് പഞ്ചോളി

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുതിന്റെയും സുശാന്തിന്റെ മാനേജരായിരുന്ന ദിഷ സാലിയാന്റെയും മരണത്തിന് പിന്നാലെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി സൂരജ് പഞ്ചോളി. സുശാന്ത് ആത്മഹത്യ ചെയ്തതാണോ കൊല്ലപ്പെട്ടതാണോ എന്ന് തനിക്ക് അറിയില്ല. പക്ഷേ ഈ സംഭവവുമായി തന്നെ ബന്ധിപ്പിച്ച് ആളുകൾ തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നാണ് സൂരജിന്റെ പ്രതികരണം.

സുശാന്തിന്റെ മരണത്തിന് തലേദിവസം അതായത് ജൂൺ 13ന് സൂരജ് വീട്ടിൽ ഒരു പാർട്ടി നടത്തിയിരുന്നുവെന്നും അതിൽ പ്രമുഖരായ പലരും പങ്കെടുത്തിരുന്നുവെന്നും ആ പാർട്ടി എന്തിനായിരുന്നുവെന്ന് അന്വേഷിക്കണമെന്നുമാണ് ആവശ്യം ഉയർന്നത്. എന്നാൽ ഒരേ മേഖലയിൽ ജോലി ചെയ്യുന്നവർ എന്ന ബന്ധമേ സുശാന്തുമായുള്ളൂ, ദിഷയെ ജീവിതത്തിൽ കണ്ടിട്ടേ ഇല്ല, തന്റെ വീട്ടിൽ അങ്ങനൊരു പാർട്ടി നടന്നിട്ടില്ലെന്നും സൂരജ് പറയുന്നു. സോഷ്യൽ മീഡിയയിൽ വരുന്നതൊക്കെ വാർത്താ ചാനലുകൾ ഉൾപ്പെടെ അതേപടി ഏറ്റെടുക്കുകയാണ്. സുശാന്ത്, ദിഷ, ആദിത്യ താക്കറെ തുടങ്ങിയവർ താൻ നടത്തിയ പാർട്ടിയിൽ പങ്കെടുത്തെന്ന സന്ദേശം ഒരു അടിസ്ഥാനവുമില്ലാതെ വാട്സ് ആപ്പിൽ പ്രചരിക്കുകയാണ്. 30 തവണയെങ്കിലും സുശാന്ത് കേസുമായി ബന്ധപ്പെടുത്തി തനിക്കെതിരെ ചാനലുകൾ വാർത്ത നൽകി. എന്ത് അടിസ്ഥാനത്തിലാണിത്? എന്ത് തെളിവാണുള്ളത്? 21 വയസ്സുള്ളപ്പോഴാണ് ഒരു കേസിൽ ആദ്യമായി കോടതിയിൽ പോകുന്നത്. 8 വർഷമായി നിയമ പോരാട്ടം തുടരുകയാണെന്ന് ജിയ ഖാൻ ആത്മഹത്യാകേസ് ചൂണ്ടിക്കാട്ടി സൂരജ് പറഞ്ഞു. തന്നെ ബലിയാടാക്കുകയാണ്. ഇപ്പോൾ ഒരു കാരണവുമില്ലാതെ സുശാന്ത് കേസിലും തന്നെ വലിച്ചിഴച്ചിഴക്കുകയാണെന്ന് സൂരജ് അവകാശപ്പെട്ടു.

'ഞാൻ ഇപ്പോൾ പോസിറ്റാവായി ഇരിക്കാൻ ശ്രമിക്കുകയാണ്. അതുകൊണ്ട് തന്നെ ആരോപണങ്ങളൊന്നും എന്റെ കുടുംബവുമായി ചർച്ച ചെയ്യുന്നില്ല. അവർ ഇപ്പോൾ തന്നെ എന്നെ ഓർത്ത് തകർന്നിരിക്കുകയാണ്. എന്നെക്കുറിച്ച് മാത്രമാണ് അവരുടെ ചിന്ത. ഞാൻ എന്നെ തന്നെ അവസാനിപ്പിക്കുമോ എന്നാണ് അമ്മയുടെ പേടി. അമ്മ എന്നോട് ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തു. നിന്റെ മനസ്സിലുള്ളത് എന്താണെങ്കലും ഞങ്ങളോട് തുറന്നു പറയൂ, ഇങ്ങനെ നിശബ്ദനായി ഇരിക്കരുത് എന്നാണ് അമ്മ പറയുന്നത്. പ്രശ്നങ്ങളുണ്ടാകുമ്പോൾ പൊതുവേ ഞാൻ അധികം സംസാരിക്കാറില്ല'- സൂരജ് പറഞ്ഞു.

സിനിമയിൽ ജീവിതം പടുത്തുയർത്താനാണ് ശ്രമിക്കുന്നത്. അത് ഉപേക്ഷിക്കാനാവില്ല. കാരണം അതാണ് തന്റെ സ്വപ്നം. അതിനായി കഠിനമായി പ്രയത്നിക്കുന്നുമുണ്ട്. ആളുകള്‍ കരുതുന്നത് പെട്ടെന്നൊരു ദിവസം കിടക്കയിൽ നിന്ന് എഴുന്നേറ്റ് സിനിമാ സെറ്റിലെത്തിയ ആളാണെന്നാണ്. എന്നാല്‍ സത്യം അങ്ങനെയല്ല. കഠിനമായി പ്രയത്നിച്ചിട്ടുണ്ട്. രണ്ട് സിനിമകളുടെ സഹസംവിധായകനായാണ് തുടക്കം. അഭിനയം പഠിച്ചിട്ടുമുണ്ട്. ആളുകൾ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് തന്റെ ജീവിതം തകർക്കുകയാണെന്നും ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും സൂരജ് പഞ്ചോളി ഇന്ത്യ ടുഡെക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.