LiveTV

Live

Entertainment

448 എപ്പിസോഡുകളുള്ള 'എർത്തുഗ്രുൽ' നാല്‍പത് ദിവസം കൊണ്ട് കണ്ട് പൂര്‍ത്തിയാക്കിയെന്ന് ഷാഹിദ് അഫ്രീദി

സീരീസില്‍ എർത്തുഗ്രുലിന്‍റെ അടുത്ത സുഹൃത്തായി വേഷമിട്ട ചെങ്കിസ് ചോസ്ക്കുനാണ് അഭിമുഖം നടത്തിയത്

448 എപ്പിസോഡുകളുള്ള 'എർത്തുഗ്രുൽ' നാല്‍പത് ദിവസം കൊണ്ട് കണ്ട് പൂര്‍ത്തിയാക്കിയെന്ന്  ഷാഹിദ് അഫ്രീദി

448 എപ്പിസോഡുകളായി പുറത്തിറങ്ങിയ ജനപ്രിയ തുര്‍ക്കിഷ് ചരിത്ര സീരീസായ 'ഡിറിലിസ് എർത്തുഗ്രുൽ ഗാസി' നാല്‍പത് ദിവസം കൊണ്ട് കണ്ടുപൂര്‍ത്തിയാക്കിയെന്ന് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. ഒരു സ്വകാര്യ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അഫ്രീദി തന്‍റെ കാഴ്ച്ചാനുഭവം തുറന്നുപറഞ്ഞത്. സീരീസില്‍ എർത്തുഗ്രുലിന്‍റെ അടുത്ത സുഹൃത്തായി വേഷമിട്ട ചെങ്കിസ് ചോസ്ക്കുനാണ് അഭിമുഖം നടത്തിയത്.

ഒന്നര വര്‍ഷം മുമ്പാണ് താന്‍ ഈ സീരീസ് കാണുന്നതെന്നും ഇതിന്‍റെ കടുത്ത ആരാധകനാണ് താനെന്നും നാല്‍പത് ദിവസം കൊണ്ട് മുഴുവന്‍ കണ്ടുപൂര്‍ത്തിയാക്കിയെന്നും ഷാഹിദ് അഫ്രീദി അഭിമുഖത്തില്‍ പറഞ്ഞു. നിലവില്‍ പെണ്‍മക്കള്‍ക്കൊപ്പം സീരീസ് വീണ്ടും കാണുകയാണെന്നും എർത്തുഗ്രുൽ ഗാസിയെ അവതരിപ്പിച്ച എന്‍ഗിന്‍ അല്‍താന്‍ ദുസിയതാന്‍ ഭാര്യ ഹലീമ സുല്‍ത്താന്‍റെ മരണത്തില്‍ കരയുമ്പോള്‍ വീട്ടിലെ എല്ലാവരും തന്നെ കരഞ്ഞു പോയെന്ന് ഷാഹിദ് അഫ്രീദി പറഞ്ഞു.

അഭിമുഖത്തിനിടെ സീരീസില്‍ വേഷമിട്ട ചെങ്കിസ് ചോസ്ക്കുന് നിരവധി പ്രണയാഭ്യര്‍ത്ഥനകളും വന്നു. എന്നാല്‍ താന്‍ വേറൊരാളുമായി വളരെ നീണ്ട പ്രണയത്തിലാണ് എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്. കോവിഡ് അവസാനിച്ചതിന് ശേഷം അഫ്രീദിയോട് തുര്‍ക്കി സന്ദര്‍ശിക്കാനും തന്നെ ക്രിക്കറ്റ് പഠിപ്പിക്കാനും ചെങ്കിസ് ചോസ്ക്കുന്‍ ആഗ്രഹം പ്രകടിപ്പിച്ചു.

1299 മുതൽ 1923 വരെ നിലനിന്നിരുന്ന ഓട്ടോമൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഉസ്മാൻ ഒന്നാമന്റെ പിതാവ് എർത്തുഗ്രുൽ ഗാസിയുടെ വീരസാഹസിക കൃത്യങ്ങളിലൂന്നിയുള്ള ടിവി സീരീസാണ് 'ഡിറിലിസ് എർത്തുഗ്രുൽ ഗാസി'. 2014 ലാണ് നെറ്റ്ഫ്ലിക്സ് ഡിറിലിസ് എര്‍ത്തുഗ്രുല്‍ ആദ്യ എപ്പിസോഡ് പുറത്തിറക്കിയത്. 2014 ഡിസംബര്‍ പത്തിനാണ് ടി.ആര്‍.ടി 1 എന്ന തുര്‍ക്കിഷ് ചാനലിലൂടെ ഡിറിലിസ് എര്‍ത്തുഗ്രുല്‍ ആദ്യ എപ്പിസോഡ് പുറത്തിറങ്ങിയത്. 2015, 16,17,18 കാലയളവുകളില്‍ അഞ്ച് സീസണുകളിലായി 448 എപ്പിസോഡുകള്‍ ആണ് ഇത് വരെ പുറത്തിറങ്ങിയത്. 2019 മെയ് 29 നാണ് അവസാന എപ്പിസോഡ് പുറത്തിറങ്ങിയത്.