LiveTV

Live

Entertainment

സുശാന്ത് സിങ് കേസ് അന്വേഷിക്കാനെത്തിയ പറ്റ്ന എസ്പിക്ക് മുംബൈയിൽ നിർബന്ധിത ക്വാറന്റൈൻ

ക്വാറന്റൈൻ സീൽ പതിപ്പിച്ച വിനയ് തിവാരിയുടെ കൈയുടെ ഫോട്ടോയുമായി ബിഹാർ ഡിജിപി

സുശാന്ത് സിങ് കേസ് അന്വേഷിക്കാനെത്തിയ പറ്റ്ന എസ്പിക്ക് മുംബൈയിൽ നിർബന്ധിത ക്വാറന്റൈൻ

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം അന്വേഷിക്കാനെത്തിയ പാറ്റ്ന എസ്പി വിനയ് തിവാരിയെ മുംബൈ കോർപറേഷൻ 14 ദിവസത്തേക്ക് ക്വാറന്‍റീൻ ചെയ്തു. ഐപിഎസ് ഓഫീസറെ നിർബന്ധിച്ച് ക്വാറന്‍റൈൻ ചെയ്യുകയായിരുന്നെന്ന് ബിഹാർ ഡിജിപി ​ഗുപ്തേശ്വർ പാണ്ഡെ ട്വീറ്റ് ചെയ്തു. ക്വാറന്റൈൻ സീൽ പതിപ്പിച്ച കൈയുടെ ഫോട്ടോയും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.

ഐപിഎസ് ഓഫീസർ വിനയ് തിവാരി പറ്റ്നയിൽ നിന്ന് മുംബൈയിൽ എത്തി. അദ്ദേഹം ഔദ്യോ​ഗിക കൃത്യനിർവഹണത്തിന്റെ ഭാ​ഗമായാണ് എത്തിയത്. അദ്ദേഹത്തെ മുംബൈ കോർപറേഷൻ അധികൃതർ ഇന്നലെ രാത്രി 11 മണിയോടെ നിർബന്ധിച്ച് ക്വാറന്റൈൻ ചെയ്തു. അദ്ദേഹത്തിന് ഐപിഎസ് മെസ്സിൽ താമസ സൗകര്യം ഒരുക്കിയില്ല. മറിച്ച് ​ഗസ്റ്റ് ഹൗസിൽ താമസിക്കാനാണ് പറഞ്ഞത്- എന്നാണ് ഡിജിപി ഇന്നലെ രാത്രി ട്വീറ്റ് ചെയ്തത്.

സുശാന്തിന്റെ പിതാവ് കെ കെ സിങ് റിയ ചക്രവർത്തിക്കെതിരെ നൽകിയ പരാതി അന്വേഷിക്കാനാണ് ബിഹാർ പൊലീസ് മുംബൈയിലെത്തിയത്. ബിഹാർ പൊലീസിനെ അന്വേഷണത്തിൽ മുംബൈ പൊലീസ് സഹായിക്കുന്നില്ലെന്ന റിപ്പോർട്ടുകൾ തുടക്കം മുതലുണ്ടായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും കൈമാറിയില്ല. മുംബൈ പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നും മുംബൈ പൊലീസിലെ ചിലർ റിയയെ സഹായിക്കുകയാണെന്നും സുശാന്തിന്റെ കുടുംബ അഭിഭാഷകൻ വികാസ് സിങ് ഇതിനിടെ ആരോപിക്കുകയുണ്ടായി. എന്നാൽ മുംബൈ പൊലീസിനെതിരെ തെളിവുണ്ടെങ്കിൽ കൊണ്ടുവരൂ എന്നായിരുന്നു മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രതികരണം. മുഖ്യമന്ത്രിക്ക് നിയമം അറിയില്ലെന്നും പരാതിക്കാരനല്ല തെളിവ് ശേഖരിക്കേണ്ടതെന്നും അഭിഭാഷകൻ മറുപടി നൽകുകയുണ്ടായി.

അതിനിടെ കേസ് സിബിഐക്ക് വിടില്ലെന്നും മുംബൈ പൊലീസ് തന്നെ അന്വേഷിക്കുമെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പ്രതികരിച്ചു. സത്യം പുറത്തുകൊണ്ടുവരാൻ സംസ്ഥാന പൊലീസിന് കഴിയും. സുശാന്തിന്റെ മരണം രാഷ്ട്രീയ നേട്ടങ്ങൾക്കായി ചിലർ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും അനിൽ ദേശ്‍മുഖ് ആരോപിച്ചു.

ജൂൺ 14നാണ് സുശാന്ത് സിങിനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കൊലപാതകമാണെന്ന് കുടുംബത്തിലെ ചിലർ ആരോപിക്കുകയുണ്ടായി. എന്നാൽ ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പിന്നാലെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ സംബന്ധിച്ചായി ചർച്ച. ബോളിവുഡിലെ കിടമത്സരവും സ്വജനപക്ഷപാതവും കാരണം സിനിമകൾ മുടങ്ങിയതോടെ സുശാന്ത് മാനസികമായി തകർന്നുവെന്നും വിഷാദത്തിന് അദ്ദേഹം ചികിത്സ തേടിയിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. അതിനിടെയാണ് സുശാന്തിനൊപ്പം താമസിച്ചിരുന്ന റിയക്കെതിരെ പരാതി വരുന്നതും കേസെടുക്കുന്നതും.

റിയ സുശാന്തിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്തെന്നാണ് പിതാവിന്റെ പരാതി. ആത്മഹത്യാ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. റിയയുടെ മാതാപിതാക്കൾക്കും സഹോദരനുമെതിരെയും കേസുണ്ട്. മെയ് 2019 വരെ തന്റെ മകൻ പ്രൊഫഷനിൽ നല്ല നിലയിലായിരുന്നു. അപ്പോഴാണ് റിയയും ബന്ധുക്കളും പരിചയം ഭാവിച്ച് അടുത്ത് കൂടിയത്. സുശാന്തിന്റെ പണത്തിലായിരുന്നു അവരുടെ കണ്ണ്. ഒപ്പം ബോളിവുഡിൽ സുശാന്ത് വഴി ബന്ധങ്ങളുണ്ടാക്കാനും ശ്രമിച്ചു. റിയയും ബന്ധുക്കളും സുശാന്തിനെതിരെ ​ഗൂഢാലോചന നടത്തിയെന്നും പിതാവ് ആരോപിക്കുന്നു. നടന്‍റെ മരണത്തിന് പിന്നാലെ റിയ ചക്രവര്‍ത്തിയെ മുംബൈ പൊലീസ് ചോദ്യം ചെയ്‍തിരുന്നു. എന്നാൽ അന്വേഷണത്തിന് മുംബൈയിലെത്തിയ ബിഹാർ പൊലീസിന് റിയയെ ഇതുവരെ ചോദ്യംചെയ്യാനായിട്ടില്ല. ഈശ്വരനിലും നിയമത്തിലും വിശ്വാസമുണ്ടെന്നും തനിക്ക് നീതി ലഭിക്കുമെന്നും റിയ പറയുന്ന വീഡിയോ പിന്നീട് പുറത്തുവന്നു.

ബിഹാർ പൊലീസിന്റെ അന്വേഷണവുമായി മുംബൈ പൊലീസ് സഹകരിക്കുന്നില്ലെന്ന വിവാദം എസ്പിയുടെ ക്വാറന്റൈനോടെ മറ്റൊരു തലത്തിൽ എത്തിയിരിക്കുകയാണ്. നേരത്തെ പറ്റ്ന പൊലീസിലെ ഒരു സംഘം മുംബൈയിലെത്തിയിരുന്നെങ്കിലും അവർക്ക് ക്വാറന്റൈൻ ഉണ്ടായിരുന്നില്ല. ഉന്നത ഉദ്യോ​ഗസ്ഥനെ നിർബന്ധിച്ച് ക്വാറന്റൈൻ ചെയ്തതിനെ കുറിച്ച് ഇതുവരെ ഔദ്യോ​ഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ല.