LiveTV

Live

Entertainment

'മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നിയമം അറിയില്ല'.. സുശാന്തിന്റെ കുടുംബ അഭിഭാഷകൻ

മുംബൈ പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ച ഉണ്ടെങ്കിൽ തെളിവ് കൊണ്ടുവരൂ എന്ന ഉദ്ധവിന്റെ പരാമർശത്തിനെതിരെയാണ് അഭിഭാഷകൻ വികാസ് സിങ് രം​ഗത്തെത്തിയത്

'മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നിയമം അറിയില്ല'.. സുശാന്തിന്റെ കുടുംബ അഭിഭാഷകൻ

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ രൂക്ഷ വിമർശനവുമായി സുശാന്തിന്റെ കുടുംബ അഭിഭാഷകൻ. മുംബൈ പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ച ഉണ്ടെങ്കിൽ തെളിവ് കൊണ്ടുവരൂ എന്ന ഉദ്ധവിന്റെ പരാമർശത്തിനെതിരെയാണ് അഭിഭാഷകൻ വികാസ് സിങ് രം​ഗത്തെത്തിയത്-

‘മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് നിയമം അറിയില്ല. തെളിവ് കൊണ്ടുവരൂ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വിചിത്രമാണ്. ക്രിമിനൽ കേസിൽ പ്രോസിക്യൂഷനാണ് തെളിവു ശേഖരിക്കേണ്ടത്, പരാതിക്കാരല്ല. മുംബൈ പൊലീസ് അന്വേഷണം സത്യത്തിന് അരികിൽ പോലും എത്തിയിട്ടില്ല ’- വികാസ് സിങ് പ്രതികരിച്ചു. കുറ്റക്കാരെ ശിക്ഷിക്കുമെന്ന് പറഞ്ഞ ഉദ്ധവ്, മുംബൈ പൊലീസിന്റെ അന്വേഷണത്തിൽ സംശയം പ്രകടിപ്പിച്ചവരോടാണ് തെളിവ് കൊണ്ടുവരാൻ പറഞ്ഞത്.

മുംബൈ പൊലീസിനെ കൂടാതെ ബിഹാർ പൊലീസും നിലവിൽ കേസ് അന്വേഷിക്കുന്നുണ്ട്. സുശാന്തിന്റെ പിതാവ് കെ കെ സിങ് റിയ ചക്രവർത്തിക്കെതിരെ നൽകിയ പരാതിയിലാണ് അന്വേഷണം. റിയ സുശാന്തിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്തെന്നാണ് പിതാവിന്റെ പരാതി. ആത്മഹത്യാ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. റിയയുടെ മാതാപിതാക്കൾക്കും സഹോദരനുമെതിരെയും കേസുണ്ട്.

'മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് നിയമം അറിയില്ല'.. സുശാന്തിന്റെ കുടുംബ അഭിഭാഷകൻ

മെയ് 2019 വരെ തന്റെ മകൻ പ്രൊഫഷനിൽ നല്ല നിലയിലായിരുന്നു. അപ്പോഴാണ് റിയയും ബന്ധുക്കളും പരിചയം ഭാവിച്ച് അടുത്ത് കൂടിയത്. സുശാന്തിന്റെ പണത്തിലായിരുന്നു അവരുടെ കണ്ണ്. ഒപ്പം ബോളിവുഡിൽ സുശാന്ത് വഴി ബന്ധങ്ങളുണ്ടാക്കാനും ശ്രമിച്ചു. റിയയും ബന്ധുക്കളും സുശാന്തിനെതിരെ ​ഗൂഢാലോചന നടത്തിയെന്നും പിതാവ് ആരോപിക്കുന്നു. നടന്‍റെ മരണത്തിന് പിന്നാലെ റിയ ചക്രവര്‍ത്തിയെ മുംബൈ പൊലീസ് വിശദമായി ചോദ്യം ചെയ്‍തിരുന്നു. എന്നാൽ അന്വേഷണത്തിന് മുംബൈയിലെത്തിയ ബിഹാർ പൊലീസിന് റിയയെ ഇതുവരെ ചോദ്യംചെയ്യാനായിട്ടില്ല. ഈശ്വരനിലും നിയമത്തിലും വിശ്വാസമുണ്ടെന്നും തനിക്ക് നീതി ലഭിക്കുമെന്നും റിയ പറയുന്ന വീഡിയോ പിന്നീട് പുറത്തുവന്നു. കേസ് അന്വേഷണത്തില്‍ ബിഹാര്‍ പൊലീസിനെ സഹായിക്കുന്നത് സംബന്ധിച്ച് മുംബൈ പൊലീസ് നിയമോപദേശം തേടി. കോടതിയുടെ അനുവാദത്തോടെ മാത്രമേ ബിഹാര്‍ പൊലീസിന് മുംബൈ പൊലീസ് ശേഖരിച്ച വിവരങ്ങള്‍ പരിശോധിക്കാനാവൂ.

ജൂൺ 14നാണ് സുശാന്ത് സിങിനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കൊലപാതകമാണെന്ന് കുടുംബത്തിലെ ചിലർ ആരോപിച്ചു. എന്നാൽ ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പിന്നാലെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ സംബന്ധിച്ചായി ചർച്ച. ബോളിവുഡിലെ കിടമത്സരവും സ്വജനപക്ഷപാതവും കാരണം സിനിമകൾ മുടങ്ങിയതോടെ സുശാന്ത് മാനസികമായി തകർന്നുവെന്നും വിഷാദത്തിന് അദ്ദേഹം ചികിത്സ തേടിയിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. അതിനിടെയാണ് സുശാന്തിനൊപ്പം താമസിച്ചിരുന്ന റിയക്കെതിരെ പരാതി വരുന്നതും കേസെടുക്കുന്നതും.