LiveTV

Live

Entertainment

മലയാള സിനിമയില്‍ സ്വജനപക്ഷപാതവും അധികാരശ്രേണിയും ഉണ്ട്: നീരജിന് പിന്തുണയുമായി നടന്‍ വിഷ്ണുപ്രസാദ്

നീരജ് മാധവ് മലയാളത്തിലെ സ്വജനപക്ഷപാതത്തിനും അധികാരശ്രേണിയ്ക്കുമെതിരെ സംസാരിച്ചത് വളരെ ശരിയാണെന്നും താനതിന് ഇരയും സാക്ഷിയുമാണെന്ന് വിഷ്ണു തന്‍റെ ഫെയ്‍സ്ബുക്ക് പോസ്റ്റില്‍

മലയാള സിനിമയില്‍ സ്വജനപക്ഷപാതവും അധികാരശ്രേണിയും ഉണ്ട്: നീരജിന് പിന്തുണയുമായി നടന്‍ വിഷ്ണുപ്രസാദ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്‍പുതിന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ ബോളിവുഡിലെ വിവേചനത്തിനും സ്വജനപക്ഷപാതത്തിനും എതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മലയാളത്തിലും ചില അലിഖിത നിയമങ്ങളുണ്ടെന്ന് പറഞ്ഞ് നടന്‍ നീരജ് മാധവ് രംഗത്തെത്തിയത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. മലയാള സിനിമയില്‍ സീനിയർ നടന്മാർക് കുപ്പി ഗ്ലാസിലും ബാക്കിയുള്ളവർക്ക് സ്റ്റീൽ ഗ്ലാസിലും ചായ കൊടുക്കുന്നിടത്ത് തുടങ്ങുന്നു വേർതിരിവെന്നും പല അലിഖിത നിയമാവലിയും പാലിക്കാത്തതിനാല്‍ തന്നെ തനിക്ക് ഒരുപാട് തിരിച്ചടികള്‍ നേരിടേണ്ടി വന്നതായും നീരജ് മാധവ് ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തിയിരുന്നു.

ഇതില്‍ താരസംഘടനയായ അമ്മ, നീരജിനോട് വിശദീകരണം ചോദിക്കുകയും സിനിമാ മേഖലയില്‍ ഗൂഢസംഘമുണ്ടെന്ന് പറഞ്ഞത് അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് നീരജ് വിശദീകരണം നല്‍കുകയും ചെയ്തു. നീരജിന്‍റെ വിശദീകരണം അമ്മ ഫെഫ്കക്ക് കൈമാറി. മലയാള സിനിമക്കകത്ത് മാഫിയകൾ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് ഫെഫ്ക ആവശ്യപ്പെടുകയും ചെയ്തു.

ഇപ്പോഴിതാ താരസംഘടനയായ അമ്മ തനിക്ക് അംഗത്വം നിഷേധിച്ചത് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടൻ വിഷ്ണുപ്രസാദ്. നീരജ് മാധവ് മലയാളത്തിലെ സ്വജനപക്ഷപാതത്തിനും അധികാരശ്രേണിയ്ക്കുമെതിരെ സംസാരിച്ചത് വളരെ ശരിയാണെന്നും താനതിന് ഇരയും സാക്ഷിയുമാണെന്ന് വിഷ്ണു തന്‍റെ ഫെയ്‍സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വിഷ്ണു പ്രസാദിന്‍റെ ഫെയ്സ്‍ ബുക്ക് പോസ്റ്റ്

അമ്മ എന്ന സംഘടനയിൽ എനിക്ക് മെമ്പര്‍ഷിപ്പ് നിഷേധിച്ചു? എന്തുകൊണ്ട്? വർഷങ്ങൾക്ക് മുമ്പേ നടന്ന കാര്യമാണ്. എന്നാലും മനസ്സു തുറക്കാമെന്ന് വിചാരിച്ചു.

എന്‍റെ ഫസ്റ്റ് മൂവി തമിഴിലായിരുന്നു. വിനയൻ സർ സംവിധാനം ചെയ്ത കാശി. അതിനു ശേഷം ഫാസിൽ സാറിന്‍റെ കൈ എത്തും ദൂരത്ത്, ജോഷി സാറിന്‍റെ റൺവേ, മാമ്പഴക്കാലം, ലയൺ, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ്, പതാക, മാറാത്ത നാട്.... അമ്മ സംഘടനയിൽ അംഗത്വത്തിനായി അപേക്ഷിച്ചപ്പോൾ കൂടുതൽ സിനിമകൾ ചെയ്യൂവെന്നാണ് പറഞ്ഞത്. അതിനു ശേഷം വന്ന നടൻമാർ കുറച്ച് സിനിമകൾ ചെയ്ത ശേഷം പെട്ടെന്നു തന്നെ അംഗത്വം നേടുകയും ചെയ്തു.

അടുത്തിടെ എന്‍റെ സഹപ്രവർത്തകൻ നീരജ് മാധവ് മലയാളത്തിലെ സ്വജനപക്ഷപാതത്തിനും അധികാരശ്രേണിയ്ക്കുമെതിരെ സംസാരിച്ചത് വളരെ ശരിയാണ് എന്ന് തോന്നുന്നു. ഞാൻ അതിന് ഇരയും സാക്ഷിയുമാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നെ പറയാം...