LiveTV

Live

Entertainment

ഫാന്‍സുകാര്‍ 'തമ്മിലടി; ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി ധൂം4

തങ്ങളുടെ ഇഷ്ടതാരത്തെ ധൂം4ലേക്ക് തെരഞ്ഞെടുത്ത് ആരാധകര്‍ ഇപ്പോഴെ ആഘോഷം തുടങ്ങി. ധൂം4 എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആവുകയും ചെയ്തു.

ഫാന്‍സുകാര്‍ 'തമ്മിലടി; ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയി ധൂം4

ബോളിവുഡിലെ പണംവാരി സിനിമകളിലൊന്നാണ് ധൂം. യാഷ് രാജ് ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന് ഇതുവരെ മൂന്ന് പതിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. മൂന്നും ഹിറ്റ്. നാലാം ഭാഗവും ഉണ്ടാവുമെന്ന് അണിയറക്കാര്‍ നേരത്തെ വ്യക്തമാക്കിയതാണ്. 2011ല്‍ ധൂം3 റിലീസായ ശേഷം അടുത്ത് തന്നെ ധൂം 4 പ്രഖ്യാപനവും ഉണ്ടാവും എന്ന് ആരാധകര്‍ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ഇപ്പോഴിതാ ആ ചര്‍ച്ചകള്‍ക്ക് ഒരിക്കല്‍ കൂടി ജീവന്‍വെച്ചിരിക്കുന്നു.

യാഷ് രാജ് ഫിലിംസ് തങ്ങളുടെ 50ാം വാര്‍ഷിക വേളയില്‍ ആ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാണ് ധൂം ചര്‍ച്ചകളെ സജീവമാക്കുന്നത്. എന്നാല്‍ ആരാവും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുക എന്ന് വെളിപ്പെടുത്തിയിട്ടില്ല. ഷാറൂഖ് ഖാന്‍ മുതല്‍ രണ്‍വീര്‍ സിങ് വരെയുള്ളവരുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നു. നാളെയാണ് വൈ.ആര്‍.എഫിന്റെ 50ാം പിറന്നാള്‍. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാവുമെന്നറിയുന്നു. തങ്ങളുടെ ഇഷ്ടതാരത്തെ ധൂം4ലേക്ക് തെരഞ്ഞെടുത്ത് ആരാധകര്‍ ഇപ്പോഴെ ആഘോഷം തുടങ്ങി. ധൂം4 എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആവുകയും ചെയ്തു.

ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, അജയ്‌ദേവ്ഗണ്‍, രണ്‍വീര്‍ സിങ് എന്നിവരുടെ ഫാന്‍സുകാരാണ് പോസ്റ്റര്‍ ഇറക്കിയും ട്രോളുകളിട്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാക്കുന്നത്. 2004-ലാണ് ധൂമിന്‍റെ ആദ്യ ചിത്രം പുറത്തുവന്നത്. സഞ്ജയ് ഗാധ്വി സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു. പിന്നാലെ എത്തിയ ധൂം-2ഉം, ധൂം-3ും ബോക്‌സ് ഓഫീസില്‍ തരംഗങ്ങള്‍ സൃഷ്ടിച്ചു. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ധൂമിന് നാലാം ഭാഗം വരുന്നത്. ജോണ്‍ എബ്രഹാം, ഋത്വിക് റോഷന്‍, അമീര്‍ ഖാന്‍ എന്നിവരായിരുന്നു ആദ്യ മൂന്ന് ഭാഗങ്ങളിലെ നായകന്‍മാര്‍. അഭിഷേക് ബച്ചനും ഉദയ് ചോപ്രയും മൂന്ന് ഭാഗങ്ങളിലുമുണ്ടായിരുന്നു. നാലാം ഭാഗത്തിലും ഇവരുണ്ടാകുമെന്നാണ് അറിയുന്നത്.