LiveTV

Live

Entertainment

യഥാര്‍ഥ കുറുവച്ചന്‍ ഇടഞ്ഞു: പൃഥ്വിരാജ്, സുരേഷ് ഗോപി ചിത്രങ്ങള്‍ക്ക് തിരിച്ചടി

തന്നെ അവതരിപ്പിക്കാൻ ഏറ്റവും യോജിച്ചത് മോഹൻലാലാണെന്ന് കുറുവച്ചന്‍

യഥാര്‍ഥ കുറുവച്ചന്‍ ഇടഞ്ഞു: പൃഥ്വിരാജ്, സുരേഷ് ഗോപി ചിത്രങ്ങള്‍ക്ക് തിരിച്ചടി

കടുവാകുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി രണ്ട് സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നതിനിടെ എതിര്‍പ്പുമായി യഥാര്‍ഥ കുറുവച്ചന്‍ രംഗത്ത്. പാലാ സ്വദേശിയായ കുറുവച്ചന്‍ എന്ന ജോസ് കുരുവിനാക്കുന്നേല്‍ ആണ് ഇരു സിനിമകള്‍ക്കും താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയത്. വർഷങ്ങൾക്ക് മുൻപ് തന്‍റെ കഥ സിനിമയാക്കാന്‍ രൺജി പണിക്കർക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും കുറുവച്ചന്‍ പറഞ്ഞു.

"നാട്ടുകാരനായ രഞ്ജി പണിക്കർ എന്നെ വന്നുകണ്ടിരുന്നു. അദ്ദേഹത്തോട് കാര്യങ്ങളെല്ലാം സംസാരിച്ചിരുന്നു. അദ്ദേഹവുമായി മാത്രമാണ് കഥ സിനിമയാക്കാൻ വാക്കാൽ കരാറിലേർപ്പെട്ടത്. അതിനനുസരിച്ച് അദ്ദേഹം കഥയുടെ രചന തുടങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്. സംവിധായകൻ ഷാജി കൈലാസും വന്നുകണ്ടിരുന്നു. സുരേഷ് ഗോപിയുമായും ബന്ധപ്പെട്ടിട്ടുണ്ട്. ആര് ചെയ്താലും എന്റെ അനുമതി വേണം. എന്നെ അവതരിപ്പിക്കാൻ ഏറ്റവും യോജിച്ചത് മോഹൻലാലാണ്. എന്നാൽ ആകാര സൗഷ്ടവവും സംഭാഷണവും യോജിക്കുന്നത് സുരേഷ് ഗോപിക്കാണ്. ആര് ചെയ്താലും സ്ക്രിപ്റ്റ് എനിക്ക് ഇഷ്ടമാവണം"- കുരുവിനാക്കുന്നേൽ കുറുവച്ചൻ വ്യക്തമാക്കി.

പൊലീസ് സേനയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനുമായി കുരുവിനാക്കുന്നേൽ കുറുവച്ചൻ നടത്തിയ നിയമ പോരാട്ടമാണ് സിനിമകള്‍ക്ക് ആധാരം. പൃഥ്വിരാജ് നായകനായ സിനിമ ഷാജി കൈലാസാണ് സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്‍റെ പേര് കടുവ എന്നാണ്. ജിനു എബ്രഹാമിന്‍റേതാണ് തിരക്കഥ. സുരേഷ് ഗോപി നായകനാകുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിക്കുന്നത്. മാത്യു തോമസാണ് ഈ ചിത്രത്തിന്‍റെ സംവിധായകന്‍.

സുരേഷ് ഗോപി ചിത്രത്തിനെതിരെ കടുവയുടെ നിര്‍മാതാവ് ജിനു എബ്രഹാം പകര്‍പ്പാവകാശ ലംഘനം ആരോപിച്ച് കോടതിയെ സമീപിച്ചു. കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ജിനു എബ്രഹാം കോടതിയില്‍ ഹാജരാക്കി. കഥാപാത്രത്തിന്റെ പേരും കടുവ എന്ന ചിത്രത്തിന്റെ തിരക്കഥയുടെ എല്ലാ സീനുകളും രജിസ്റ്റര്‍ ചെയ്തതായും കോടതിയെ അറിയിച്ചു. ഇതോടെ എറണാകുളം ജില്ലാ കോടതി സുരേഷ് ഗോപി ചിത്രത്തിന് സ്റ്റേ നല്‍കി. പിന്നാലെയാണ് രണ്ട് സിനിമകള്‍ക്കുമെതിരെ യഥാര്‍ഥ കുറുവച്ചന്‍ രംഗത്തെത്തിയത്.