LiveTV

Live

Entertainment

കെ. പി. കേശവമേനോന്‍റെ രാഷ്ട്രീയ ജീവിതം പറഞ്ഞ് 'സ്വാതന്ത്ര്യത്തിന്‍റെ തിരയിളക്കം'; ഡോക്യുമെന്‍ററി വീഡിയോ കാണാം

ഡോക്യുമെന്‍ററി ഫിലിം സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലന്‍ റിലീസ് ചെയ്തു

കെ. പി. കേശവമേനോന്‍റെ രാഷ്ട്രീയ ജീവിതം പറഞ്ഞ് 'സ്വാതന്ത്ര്യത്തിന്‍റെ തിരയിളക്കം'; ഡോക്യുമെന്‍ററി വീഡിയോ കാണാം

സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന കെ. പി. കേശവമേനോനെകുറിച്ചുള്ള ഡോക്യുമെന്‍ററി ഫിലിം സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലന്‍ റിലീസ് ചെയ്തു. മന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഡോക്യുമെന്‍ററി റിലീസ് ചെയ്തത്. നേരത്തെ സിനിമാ താരം അപർണ ബാലമുരളിയുടെ ഫേ‌സ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടിരുന്നു.

രണ്ട് ലോകമഹായുദ്ധങ്ങൾക്ക് സാക്ഷിയായ കെ. പി. കേശവമേനോന്‍റെ ഇന്ത്യയിലും വിദേശത്തുമുള്ള രാഷ്ട്രീയ ജീവിതം ദൃശ്യവൽക്കരിക്കുന്ന ഡോക്യുമെന്‍ററി 'സ്വാതന്ത്ര്യത്തിന്‍റെ തിരയിളക്കം' എന്നപേരിലാണ് പുറത്തിറങ്ങിയത്. 20 വർഷത്തോളം അദ്ദേഹത്തിന്‍റെ സഹായിയായി പ്രവർത്തിച്ച എൻ. ശ്രീനിവാസനെ കൂടാതെ മുൻ ഗവർണർ കെ. ശങ്കരനാരായണൻ, എം. ടി. വാസുദേവൻ നായർ, എം. പി. വീരേന്ദ്രകുമാർ, ചരിത്രകാരൻ എം. ജി. എസ്. നാരായണൻ, അബ്‍ദുല്‍ സമദ് സമദാനി, മേയർ തോട്ടത്തിൽ രവീന്ദ്രൻ, കെ. പി. സുധീര തുടങ്ങി സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ കേശവമേനോനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുന്നുണ്ട്. കേശവമേനോന്‍റെ ജന്മസ്ഥലമായ പാലക്കാട്ടെ തരൂർ ഗ്രാമത്തിലും ചിത്രീകരണം നടന്നിരുന്നു. 47 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്‍ററിക്ക് ശബ്‌ദ വിവരണം നൽകിയിരിക്കുന്നത് ദേശീയ പുരസ്‌കാര ജേതാവായ പ്രഫ: അലിയാർ ആണ്. പാലക്കാട്‌ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കെ. പി. കേശവമേനോൻ സ്മാരക ട്രസ്റ്റുമായി സഹകരിച്ചുകൊണ്ടാണ് നിർമ്മാണം. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ടെലിവിഷൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന രാഹുൽ അയനിയാണ്. രാജേഷ് രവിയാണ് ഛായാഗ്രഹണം.