LiveTV

Live

Entertainment

ടോവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് റിലീസിന് മുന്നേ ചോര്‍ന്നു; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കോവിഡ് 19 രോഗവ്യാപനത്തെയും ലോക്ഡൗണിനെയും തുടര്‍ന്ന് ഈ ചിത്രത്തിന്‍റെ റിലീസ് മാറ്റിവെച്ചിരിക്കുകയായിരുന്നു.

ടോവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് റിലീസിന് മുന്നേ ചോര്‍ന്നു; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

തീയേറ്ററില്‍ റിലീസ് ചെയ്ത ഉടനെ സിനിമകള്‍ ചോരുന്നതായിരുന്നു കോവിഡിന് മുമ്പ് സിനിമാ മേഖലയുടെ വലിയ തലവേദന. മിക്ക ബിഗ്‍ബജറ്റ് ചിത്രങ്ങളും ഇങ്ങനെ ചോരുകയും സോഷ്യല്‍മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. ഈ അടുത്ത ദിവസം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത സൂഫിയും സുജാതയും റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ചോര്‍ന്നിരുന്നു. ഇപ്പോഴിതാ റിലീസിന് മുമ്പു തന്നെ ചിത്രം ചോര്‍ന്നിരിക്കുകയാണ്.

ടോവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് ആണ് ചോര്‍ന്നത്. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലെ ഗ്രൂപ്പിലാണ് ചിത്രം വന്നത്. വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കോവിഡ് 19 രോഗവ്യാപനത്തെയും ലോക്ഡൗണിനെയും തുടര്‍ന്ന് ഈ ചിത്രത്തിന്‍റെ റിലീസ് മാറ്റിവെച്ചിരിക്കുകയായിരുന്നു. ചിത്രം മാര്‍ച്ച് 12ന് തീയറ്ററില്‍ എത്തിക്കാനായിരുന്നു തീരുമാനം. റിലീസ് മാറ്റിയ വിവരം ടോവിനോ തോമസ് തന്നെയായിരുന്നു ഫേസ്‍ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

വെള്ളിയാഴ്ചയാണ് ചിത്രം ചോര്‍ന്ന വിവരം നിര്‍മ്മാതാവിനും അണിയറ പ്രവര്‍ത്തകര്‍ക്കും ലഭിച്ചത്. ചിത്രം മുഴുവനും ചോര്‍ന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സിനിമയുടെ പകുതിയോളം ഭാഗങ്ങള്‍ ചില ലിങ്കുകളില്‍ ലഭ്യമാകുകയായിരുന്നു. നിര്‍മ്മാതാവ് ആന്‍റോ ജോസഫാണ് ചോര്‍ച്ച സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഐ.ജി എ ശ്രീജിത്തിന് പരാതി നല്‍കിയത്. രണ്ട് പെൺകുട്ടികൾ, കുഞ്ഞു ദൈവം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ഡയലോഗില്‍നിന്നുമാണ് ചിത്രത്തിന്‍റെ പേര് ഉരുത്തിരിഞ്ഞതെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തതും മോഹന്‍ലാലായിരുന്നു.

കേരളത്തിലെത്തുന്ന ഒരു വിദേശ വനിതയും ടൂറിസ്റ്റ് ഗൈഡും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ ഇതിവൃത്തം. ബുള്ളറ്റില്‍ ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്ന് എത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയുടെ കഥയാണ് കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്. കാതറിനായി ജാര്‍വിനാണ് വേഷമിടുന്നത്. കാതറിനെ സഹായിക്കാനെത്തുന്ന ജോസ് മോന്‍ എന്ന കഥാപാത്രമാണ് ടോവിനോയുടേത്.

ടൊഗോറാസിയുടെ ബാനറില്‍ ടൊവിനോയും ആന്‍റേ ജോസഫും അഹമ്മദ് റംഷിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനു സിദ്ധാര്‍ത്ഥാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സുരജ് എസ് കുറുപ്പ് ആണ് സംഗീതം.