LiveTV

Live

Entertainment

'വിനായകനെതിരായ വിവാദം ബാധിച്ചു, നിര്‍മാതാക്കള്‍ ഒഴിഞ്ഞു'; കരിന്തണ്ടന്‍ വൈകുന്നതിലെ കാരണം വെളിപ്പെടുത്തി ലീല സന്തോഷ്

മലയാള സിനിമയില്‍ കീഴാളരായ ആളുകള്‍ക്ക് വിവേചനം നേരിടുന്നതായും ലീല പറയുന്നു

'വിനായകനെതിരായ വിവാദം ബാധിച്ചു, നിര്‍മാതാക്കള്‍ ഒഴിഞ്ഞു'; കരിന്തണ്ടന്‍ വൈകുന്നതിലെ കാരണം വെളിപ്പെടുത്തി ലീല സന്തോഷ്

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസമായിരുന്നു ആദിവാസി വിഭാഗത്തില്‍ നിന്നുമുള്ള ആദ്യ സംവിധായിക ലീല സന്തോഷ് തന്‍റെ ആദ്യ മലയാള ചലച്ചിത്രം പ്രഖ്യാപിച്ചത്. വിനായകനെ നായകനാക്കി വയനാടിന്‍റെയും കൂടെ താമരശ്ശേരി ചുരം പാത യാഥാര്‍ഥ്യമാവാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച കരിന്തണ്ടന്‍ മൂപ്പന്‍റെ ജീവിതം പറയുന്ന കരിന്തണ്ടന്‍ സിനിമ പക്ഷേ പ്രതീക്ഷിച്ച പോലെ പെട്ടെന്ന് തിരശ്ശിലയിലെത്തിക്കാനായില്ല. കഴിഞ്ഞ വര്‍ഷം ഉണ്ടായ വെള്ളപ്പൊക്കവും അനുബന്ധ പ്രതികൂലസാഹചര്യങ്ങളുമായിരുന്നു കരിന്തണ്ടന്‍ വൈകുന്നതിലേക്ക് നയിച്ച ഒന്നാമത്തെ കാരണമെന്ന് ലീല സന്തോഷ് പറയുന്നു. ഒന്നിപ്പ് ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് ലീല സന്തോഷ് സിനിമക്ക് പിന്നിലെ അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നത്.

രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കലക്ടീവ് ഫേസ് എന്ന പ്രൊഡക്ഷന്‍ ടീമിന്‍റെ ബാനറിലാണ് ഇത് ചെയ്യാന്‍ പദ്ധതിയിട്ടിരുന്നത്. പിന്നീട് സാങ്കേതികമായി ഈ സിനിമ ചെയ്യുന്നതിന് ബിഗ്ബഡ്ജറ്റ് തന്നെ വേണ്ടിവരുമെന്ന തിരിച്ചറിവ് പ്രൊഡക്ഷന്‍ കമ്പനി മാറുന്നതിന് കാരണമായി. പലരെയും സമീപിച്ചിരുന്നുവെങ്കിലും ഉദ്ദേശിച്ച ബഡ്ജറ്റ് ഏറ്റെടുക്കാവുന്നവര്‍ ഉണ്ടാവാത്തതിനാലും ഒരു ലോബഡ്ജറ്റില്‍ ചെയ്തുതീര്‍ക്കാന്‍ താല്‍പര്യമില്ലാത്തതിനാലും ചിത്രം നീണ്ടുപോവുകയായിരുന്നുവെന്ന് ലീല സന്തോഷ് പറഞ്ഞു.

നടന്‍ വിനായകനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും സിനിമ വൈകാന്‍ കാരണമായതായി ലീല പറയുന്നു.

'വിനായകനെ ചുറ്റിപ്പറ്റി ഒരു വിവാദം ആ സമയത്ത് ഉണ്ടായിരുന്നു. അത്തരമൊരു വ്യക്തിയെ മുന്‍നിര്‍ത്തി സിനിമയെടുക്കുന്നത് ശരിയാണോ, അത് പുനരാലോചിക്കേണ്ടതില്ലേ എന്നെല്ലാം ചിലര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഈ സിനിമ നീളാനുള്ള മറ്റൊരു കാരണം ഇതു കൂടിയാണ്. ഈ പദ്ധതി വലിയ ആത്മവിശ്വാസത്തോടെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ വിഷയം വരുന്നത്. അത് ഞങ്ങള്‍ക്ക് വലിയ ആശയക്കുഴപ്പമുണ്ടായി. പ്രൊഡക്ഷന്‍ ടീം ഇതില്‍ നിന്ന് പിന്‍മാറുന്ന സാഹചര്യങ്ങള്‍ വരെയുണ്ടായി'; ലീല സന്തോഷ് പറഞ്ഞു.

അതെ സമയം വിനായകന് മാത്രമേ ഈ കഥാപാത്രം അതിന്‍റെ പൂര്‍ണതയില്‍ ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് ലീല അഭിപ്രായപ്പെട്ടു.

'വിനായകന്‍ എന്ന നടന്‍ തന്നെയാണ് ഞാന്‍ ഉദ്ദേശിക്കുന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കാന്‍ ഏറ്റവും അനുയോജ്യന്‍ എന്നതില്‍ എനിക്ക് സംശയമില്ലായിരുന്നു. ആ കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കാന്‍ മാത്രം സ്വാഭാവികമായ അഭിനയമികവുള്ള നടനാണ് അദ്ദേഹം. പലപ്പോഴും അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്ന തോന്നല്‍ ഉണ്ടാക്കിയിട്ടുള്ളയാളാണ് വിനായകന്‍. അതുകൊണ്ട് അദ്ദേഹത്തെ മാറ്റാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. എന്തൊക്കെയായിരുന്നാലും ഈ സിനിമ എന്‍റെ സ്വപ്നമാണ്. എന്‍റെ ജീവിതം കൂടിയാണ്. അതെന്തായാലും മുന്നോട്ടുകൊണ്ടുപോകണം എന്നു തന്നെയാണ് ഇപ്പോള്‍ ഞാന്‍ വിചാരിക്കുന്നത്, അതും വിനായകനെ വെച്ചുകൊണ്ടു തന്നെ'; ലീല പറഞ്ഞു.

മലയാള സിനിമയില്‍ കീഴാളരായ ആളുകള്‍ക്ക് വിവേചനം നേരിടുന്നതായും ലീല പറയുന്നു.

'നമ്മളെ സപ്പോര്‍ട്ടു ചെയ്യുന്നവര്‍ സിനിമയിലുണ്ട് എന്നു ഞാന്‍ വിശ്വസിച്ചിരുന്നു. അതില്ലാതെ വന്നപ്പോഴൊക്കെ വിഷമം തോന്നിയിട്ടുണ്ട്. സ്വന്തം ചിന്തയിലൂടെയും പ്രവര്‍ത്തിയിലൂടെയും അതിനെല്ലാമുള്ള സൊലൂഷന്‍ കണ്ടെത്തുന്നതിലൂടെയാണ് ഞാന്‍ അതിനെ മറികടന്നത്. ഇന്ന് എന്നെ ഇതൊന്നും അലട്ടുന്നില്ല. നമ്മുടെ പ്രതീക്ഷകളെയും സമൂഹത്തെയും യാഥാര്‍ത്ഥ്യബോധത്തോടെ സമീപിക്കുക എന്നതാണ് ഞാന്‍ പഠിച്ച പാഠം. സമൂഹത്തില്‍ നമ്മള്‍ വിജയിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്, നമ്മളെ വച്ച് മുതലെടുപ്പ് നടത്തണമെന്ന് വിചാരിക്കുന്നവരുമുണ്ട്. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടു തന്നെയാണ് മുന്നോട്ടുപോകുന്നത്'; ലീല പറഞ്ഞു.

സംവിധായകന്‍ രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കലക്ടീവ് ഫേസ് വണ്‍ ആണ് ചിത്രം ആദ്യം നിര്‍മ്മിക്കാമെന്നേറ്റിരുന്നത്. വയനാട്ടിലെ ആദിവാസി ജീവിതം പശ്ചാത്തലമാക്കി സംവിധാനം ചെയ്ത നിഴലുകള്‍ നഷ്ടപ്പെട്ട ഗോത്രഭൂമി എന്ന ലീലയുടെ ഡോക്യുമെന്‍ററി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പയ്ക്കിഞ്ചന ചിരി എന്ന പേരില്‍ ഒരു ചെറുചിത്രവും ലീല സംവിധാനം ചെയ്തിട്ടുണ്ട്.