LiveTV

Live

Entertainment

ഒന്നും എവിടെയും അവസാനിക്കുന്നതല്ലല്ലോ, അതും 'സിനിമ': സുനാമി ടീമിന് നന്ദി പറഞ്ഞ് ലാല്‍

ലോക്ഡൗണിനു ശേഷം പുനരാരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രീകരണം പൂർത്തീകരിച്ച മലയാള ചിത്രമായിരിക്കുകയാണ് ലാൽ, മകൻ ലാൽ ജൂനിയർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സുനാമി.

ഒന്നും എവിടെയും അവസാനിക്കുന്നതല്ലല്ലോ, അതും 'സിനിമ': സുനാമി ടീമിന് നന്ദി പറഞ്ഞ് ലാല്‍

ലോക്ഡൗണിനു ശേഷം പുനരാരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രീകരണം പൂർത്തീകരിച്ച മലയാള ചിത്രമായിരിക്കുകയാണ് ലാൽ, മകൻ ലാൽ ജൂനിയർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സുനാമി. മലയാള സിനിമാ ചരിത്രത്തിലാദ്യമായിതന്നെ ഒരച്ഛനും മകനും ഒരുമിച്ച് ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകയുള്ള ചിത്രം കൂടിയാണ് സുനാമി. ചിത്രത്തിന്‍റെ കഥയും തിരക്കഥയും നടനും സംവിധായകനുമായ ലാൽ ആണ്. ലാൽ, മകന്‍ ജീൻ പോൾ ലാലും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയുന്നത്.

ഒരു നിഷ്കളങ്ക സത്യകഥ എന്ന ടാഗ് ലൈനോട് കൂടിയാണ് സുനാമി പ്രേക്ഷകരിലേക്കെത്തുക. ബാലു വർഗീസ്‌ നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഇന്നസെന്‍റ് , മുകേഷ്, അജു വർഗീസ്, സുരേഷ്‌ കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഇപ്പോഴിതാ ലോക്ക്ഡൌണിന് ശേഷം പുനരാരംഭിച്ച സുനാമിയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ലാല്‍. ചിത്രം പൂര്‍ത്തികരിക്കാന്‍ തന്‍റെ കൂടെ കൂടിയവര്‍ക്കെല്ലാം നന്ദി പറയുന്നു ലാല്‍ ഈ കുറിപ്പിലൂടെ. ഇരട്ടിയിലധികം പേർ വേണ്ടിടത്താണ് കേവലം 50 പേരെ കൊണ്ട് ചിത്രം പൂർത്തിയാക്കിയതെന്ന് ലാൽ പറയുന്നു. ഈ ചിത്രത്തിനായി ഒപ്പം നിന്ന എല്ലാവർക്കും ലാൽ നന്ദി അറിയിക്കുന്നു.

View this post on Instagram

Tsunami - Pack Up A Lal & Junior Cinema #malayalamcinema

A post shared by LAL (@lal_director) on

ലാലിന്‍റെ കുറിപ്പ്:

അങ്ങനെ പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കും ഒടുവിൽ ഇന്ന് ഞങ്ങൾ, 'സുനാമി' എന്ന ഞങ്ങളുടെ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുകയാണ്. 2020 ഫെബ്രുവരി അവസാനം തൃശൂരിൽ ഷൂട്ടിംഗ് ആരംഭിക്കുമ്പോൾ ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നത് മാർച്ച് അവസാനം വരെ നീണ്ട് നിൽക്കുന്ന വേണ്ടപ്പെട്ട കുറേപേർ ഒന്നിച്ചുള്ള ഒരു ആഘോഷം എന്നതായിരുന്നു. പക്ഷേ അപ്രതീക്ഷിതമായി വന്ന കൊറോണ വൈറസിന്‍റെ ആഘാതം ഈ ലോകത്തെ തന്നെ പ്രതിസന്ധിയുടെ ഇരുട്ടിലേയ്ക്കു തള്ളിവിട്ടപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കാനേ ഞങ്ങൾക്കും കഴിഞ്ഞുള്ളൂ. അങ്ങനെ ഷൂട്ടിംഗ് തീരാൻ 12 ദിവസം ബാക്കി നിൽക്കേ 2020 മാർച്ച് പകുതിയോടെ ഞങ്ങൾ സുനാമിയുടെ ചിത്രീകരണം നിർത്തിവെച്ചു. പിന്നീട് നടന്നതും സംഭവിച്ചതുമെല്ലാം നമ്മൾ ഓരോരുത്തർക്കും അറിയാവുന്നതാണ്. പക്ഷേ ഒന്നും എവിടെയും അവസാനിക്കുന്നതല്ലല്ലോ, അതും 'സിനിമ'. തിരിച്ചടികൾക്കും പ്രതിസന്ധികൾക്കും ഇടയിൽ നിന്ന് പോരടിച്ചു തന്നെയാണ് എന്നും സിനിമ വിജയക്കൊടി പാറിച്ചിട്ടുള്ളത്

ആ ധൈര്യത്തിൽ നിന്നു കിട്ടിയ ചങ്കൂറ്റം കൊണ്ടു തന്നെയാണ് കോറോണ ഭീതി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ തന്നെ സർക്കാർ നിർദേശങ്ങൾ പാലിച്ചുകൊണ്ട് വീണ്ടും ഷൂട്ടിംഗ് പുനരാരംഭിക്കാൻ ഞങ്ങൾ തയ്യാറായതും. വാക്കുകളിൽ ഒതുക്കുന്നില്ല, എല്ലാവരോടും ഉള്ള കടപ്പാടും നന്ദിയും. ആശയക്കുഴപ്പങ്ങളുടെയും ഭീതിയുടെയും നിഴലിൽ നിൽക്കുന്ന ഈ സമയത്ത് സ്വന്തം കുടുംബത്തെ വിട്ടു മാറി നിന്ന് വന്ന് ഈ സിനിമയ്ക്കു വേണ്ടി രാപ്പകലുകൾ അദ്ധ്വാനിച്ചതിന്, നൂറോ നൂറ്റിയൻപതോ പേർ ചേർന്ന് ചെയ്യേണ്ട ജോലികൾ വെറും അമ്പത് പേരായി ചേർന്ന് നിന്നു ചെയ്ത് തീർത്ത് ചരിത്രം സൃഷ്ടിച്ചതിന്. നന്ദി , നന്ദി, നന്ദി.

ഇതൊരു തുടക്കം ആവട്ടെ, ഏത് മഹാമാരിക്കു മുന്നിലും തളരാതെ, തോറ്റുകൊടുക്കാത്ത അദ്ധ്വാനത്തിന്റെ വിലയറിയുന്ന ഒരു സമൂഹത്തിന്റെ തുടക്കം. പ്രതീക്ഷകളോടെ

ടീം സുനാമി.