LiveTV

Live

Entertainment

അന്ന് സുശാന്തില്‍ ആത്മവിശ്വാസം കണ്ടില്ല, ഒന്നും ചോദിക്കാതിരുന്നതില്‍ ഖേദിക്കുന്നു: ശുഐബ് അക്തര്‍

'തല കുനിച്ച് എന്റെ അരികിലൂടെ സുശാന്ത് നടന്നു നീങ്ങി. അപ്പോൾ എന്റെ സുഹൃത്താണ് പറഞ്ഞത് അദ്ദേഹമാണ് എം.എസ് ധോണിയായി അഭിനയിക്കുന്നതെന്ന്’ അക്തർ പറഞ്ഞു.

അന്ന് സുശാന്തില്‍ ആത്മവിശ്വാസം കണ്ടില്ല, ഒന്നും ചോദിക്കാതിരുന്നതില്‍ ഖേദിക്കുന്നു: ശുഐബ് അക്തര്‍

നടന്‍ സുശാന്ത് സിങ് രാജ്പുതുമായുള്ള അവസാന കൂടിക്കാഴ്ച ഓർത്തെടുത്ത് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ശുഐബ് അക്തർ. 2016ലാണ് സുശാന്തിനെ അവസാനമായി കണ്ടത്. അന്ന് സുശാന്തിനോട് സംസാരിക്കാതിരുന്നതില്‍ ഇന്ന് ഖേദിക്കുന്നുവെന്നും അക്തർ പറഞ്ഞു.

‘ഇന്ത്യൻ പര്യടനം കഴിഞ്ഞു തിരിച്ചു പോകാൻ നിൽക്കവേയാണ് മുംബൈയിലെ ഒലീവ് ഹോട്ടലിൽ വച്ച് സുശാന്തിനെ അവസാനമായി കാണുന്നത്. അന്ന് അദ്ദേഹം അത്ര ആത്മവിശ്വസമുള്ളയാളായി കാണപ്പെട്ടില്ല. തല കുനിച്ച് എന്റെ അരികിലൂടെ സുശാന്ത് നടന്നു നീങ്ങി. അപ്പോൾ എന്റെ സുഹൃത്താണ് പറഞ്ഞത് അദ്ദേഹമാണ് എം.എസ് ധോണിയായി അഭിനയിക്കുന്നതെന്ന്’ അക്തർ പറഞ്ഞു.

സുശാന്തിനോട് ജീവിതത്തെ കുറിച്ച് സംസാരിച്ചിരുന്നെങ്കില്‍, തന്‍റെ അനുഭവങ്ങള്‍ പങ്ക് വെച്ചിരുന്നെങ്കില്‍ അത് അദ്ദേഹത്തിന് സഹായകരമായേനെ. ഒരുപക്ഷേ ജീവിതത്തെ കുറിച്ച് ഒരു വിശാലമായ കാഴ്ചപ്പാട് അദ്ദേഹത്തിന് കിട്ടിയേനെ. അന്ന് അദ്ദേഹത്തെ തടഞ്ഞ് നിർത്താത്തതിലും ഒരു വാക്ക് ജീവിതത്തെ കുറിച്ച് ചോദിക്കാത്തതിലും ഖേദിക്കുന്നുവെന്ന് അക്തര്‍ പറഞ്ഞു. ഇപ്പോൾ അദ്ദേഹത്തിന്റെ അഭിനയം കാണാൻ താൻ ആഗ്രഹിക്കുന്നു. സാധാരണ നിലയിൽ നിന്ന് ഉയർന്നുവന്ന ആളാണ് അദ്ദേഹം. നല്ല ചിത്രങ്ങളുടെ ഭാഗമായി. സിനിമകള്‍ വിജയമായി മാറിയെന്നും അക്തര്‍ പറഞ്ഞു.

ജീവിതം അവസാനിപ്പിക്കുന്നത് ഒന്നിനും പരിഹാരമല്ല. തിരിച്ചടികൾ ജീവിതത്തിന്റെ സ്വത്താണ്. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങളത് മറ്റൊരാളുമായി പങ്കുവയ്ക്കണം. ബ്രേക് അപ്പിനു ശേഷം വിഷാദത്തിലായ ദീപിക പദുക്കോൺ അതിൽ നിന്നു പുറത്തുവന്നയാളാണ്. അവർക്ക് സഹായം ആവശ്യമായിരുന്നു. സുശാന്തിനും അത്തരത്തിൽ ഒരു സഹായം ആവശ്യമായിരുന്നെന്ന് താൻ കരുതുന്നുവെന്ന് അക്തർ പറഞ്ഞു.

സുശാന്തിന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ സൽമാൻ ഖാൻ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ചും അക്തർ തന്‍റെ അഭിപ്രായം പറഞ്ഞു. തെളിവുകളില്ലാതെ ആരെയും വിലയിരുത്തുന്നത് ശരിയല്ലെന്നാണ് അക്തര്‍ പറഞ്ഞത്.