LiveTV

Live

Entertainment

സമൂഹമാധ്യമങ്ങളില്‍ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കലാപകാരിയായും വർഗീയവാദിയായും ചിത്രീകരിക്കുന്നു: നിയമനടപടിക്കൊരുങ്ങി കുടുംബം

മലബാർ കലാപത്തിന്‍റെ നൂറാം വാർഷികത്തിന്‍റെ പശ്ചാത്തലത്തിൽ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള നാല് സിനിമകളാണ് ഒരേ ദിവസം പ്രഖ്യാപിക്കപ്പെട്ടത്.

സമൂഹമാധ്യമങ്ങളില്‍ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കലാപകാരിയായും വർഗീയവാദിയായും ചിത്രീകരിക്കുന്നു: നിയമനടപടിക്കൊരുങ്ങി കുടുംബം

വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുന്നുവെന്ന ഒന്നിലധികം പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ഉയർന്ന വിവാദം നിയമ നടപടിയിലേക്ക്. സമൂഹ മാധ്യമങ്ങളിലടക്കം വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരെ നടക്കുന്ന അപകീർത്തി പ്രചാരണങ്ങൾ തടയണമെന്നാവശ്യപ്പെട്ടാണ് കുടുംബം നിയമനടപടിക്കൊരുന്നത്.

മലബാർ കലാപത്തിന്‍റെ നൂറാം വാർഷികത്തിന്‍റെ പശ്ചാത്തലത്തിൽ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള നാല് സിനിമകളാണ് ഒരേ ദിവസം പ്രഖ്യാപിക്കപ്പെട്ടത്. പിന്നാലെ കുഞ്ഞഹമ്മദ് ഹാജിയെ കലാപകാരിയായും വർഗീയവാദിയായും ചിത്രീകരിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളിലടക്കം വലിയ പ്രചാരണങ്ങളാണ് നടന്നത്. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ കുടുംബമായ ചക്കിപ്പറമ്പൻ ഫാമിലി നിയമനടപടികൾക്ക് തയാറെടുക്കുന്നത്.

സിനിമ ആര്‍ക്കു വേണമെങ്കിലും എടുക്കാം. എന്നാല്‍ ആ സിനിമകൾ കുഞ്ഞഹമ്മദ് ഹാജിയെയും അത് വഴി തങ്ങളുടെ കുടുംബത്തെയും തേജോവധം ചെയ്യുന്നതാവരുതെന്നാവശ്യപ്പെട്ടാണ് കുടുംബം നിയമനടപടി സ്വീകരിക്കുക. വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് നിരവധി ചരിത്രപുസ്തകങ്ങള്‍ തങ്ങളുടെ കയ്യിലുണ്ടെന്നും അതൊന്നുംതന്നെ അദ്ദേഹത്തെ മോശമമായി ചിത്രീകരിക്കുന്നതല്ലെന്നും ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷന്‍റെ ജില്ലാ സെക്രട്ടറി ഇബ്രാഹിം പറയുന്നു. കുഞ്ഞഹമ്മദ് ഹാജിയുടെ കൂടെ സമരത്തില്‍ പങ്കെടുത്തവരെല്ലാം ഹിന്ദുക്കളായിരുന്നു. അങ്ങനെയെങ്കില്‍ അവരും മോശക്കാരാവില്ലേ. ബ്രിട്ടീഷ് ഭരണത്തിലെ ക്രൂരതകള്‍ക്കെതിരെയായിരുന്നു അന്ന് അവര്‍ സമരം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രൃഥ്വിരാജ് നായകനായി ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയുടെ അണിയറ പ്രവർത്തകർ സിനിമ ചിത്രീകരിക്കുന്നതുമായി തങ്ങളെ ബന്ധപ്പെട്ടിരുന്നതായും മറ്റുള്ളവര്‍ സിനിമ എടുക്കുന്നതിനെ കുറിച്ചൊന്നും തങ്ങള്‍ക്ക് അറിയില്ലെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കി.

വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് എടുക്കുന്ന സിനിമ ചരിത്രത്തോട് നീതി പുലര്‍ത്തുന്നതാവണം എന്നാണ് കുടുംബം എന്ന നിലയില്‍ തങ്ങള്‍ക്ക് പറയാനുള്ളത്. അത് നാല് ചിത്രമായാലും നാല്‍പത് ചിത്രമായാലും തങ്ങള്‍ക്ക് പ്രശ്നമില്ല. തങ്ങള്‍ സിനിമയെടുക്കുന്നതിന് എതിരല്ലെന്നും കുടുംബം പറഞ്ഞു. നിയമനടപടിയുടെ വിശദാംശങ്ങൾ ഉടൻ പുറത്തു വിടുമെന്നും ചക്കിപ്പറമ്പൻ ഫാമിലി അസോസിയേഷൻ അംഗങ്ങൾ പറഞ്ഞു.