LiveTV

Live

Entertainment

സംവിധായകനില്‍ നിന്നും ഛായാഗ്രഹണത്തിലേക്ക്!; കാരണം വെളിപ്പെടുത്തി ആഷിഖ് അബു

ഉണ്ടയുടെ തിരക്കഥക്ക് ശേഷം ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ഹാഗറില്‍ ഷറഫുദ്ദീനും റിമ കല്ലിങ്കലുമാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.

സംവിധായകനില്‍ നിന്നും ഛായാഗ്രഹണത്തിലേക്ക്!; കാരണം വെളിപ്പെടുത്തി ആഷിഖ് അബു

ഹാഗര്‍ എന്ന ഏറ്റവും പുതിയ ചിത്രത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സംവിധായകന്‍ ആഷിഖ് അബു. ഉണ്ടയുടെ തിരക്കഥക്ക് ശേഷം ഹര്‍ഷദ് സംവിധാനം ചെയ്യുന്ന ഹാഗറില്‍ ഷറഫുദ്ദീനും റിമ കല്ലിങ്കലുമാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ പ്രതികരണത്തിലാണ് ആഷിഖ് അബു ഛായാഗ്രഹണം നിര്‍വ്വഹിക്കാനുള്ള കാരണം തുറന്നുപറയുന്നത്.

‘ഒരു ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കണം എന്നത് കുറെയായുള്ള ആഗ്രഹമാണ്. ശ്യാം പുഷ്‌ക്കരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ക്യാമറാമാന്‍ ആവാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതിനിയും നീളും. അത് കൊണ്ട് ഈ പ്രതിസന്ധിക്കിടയില്‍ അത് ചെയ്യാമെന്ന് വെച്ചു. അത്രേയുള്ളൂ’, ആഷിഖ് അബു പറഞ്ഞു.

മറ്റ് കച്ചവട ചിത്രങ്ങളെ പോലെ വളരെയധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ടല്ല ഈ ചിത്രം ചിത്രീകരിക്കുന്നത്. ഞങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ നിന്നുകൊണ്ടും, ബഡ്ജറ്റില്‍ നിന്നുകൊണ്ടുമാണ് ജോലി ചെയ്യുന്നത്. വളരെ ചെറിയ ചിത്രങ്ങള്‍ ചെയ്യാനുള്ള ശേഷിയെ ഞങ്ങള്‍ക്കുള്ളൂ. ഞങ്ങളുടെ ശക്തി ഞങ്ങളുടെ ഉള്ളടക്കമാണ്. അ്ത് കൊണ്ട് ഞങ്ങള്‍ ചിത്രങ്ങള്‍ ചെയ്യുന്നൂ. പ്രതിസന്ധിയുടെ ഈ സമയം പുതിയ അന്വേഷണങ്ങള്‍ക്ക് ഉള്ളതുകൂടിയാണ്. ഇപ്പോള്‍, ഞങ്ങളെല്ലാവരും ഒരു ചിത്രം ചെയ്യുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. എപ്പോഴാണ്, എവിടെയാണ് റിലീസ് ചെയ്യുന്നതെന്ന് ഞങ്ങള്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല. പക്ഷെ ഒരു ചിത്രമൊരുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്'; ആഷിഖ് അബു പറഞ്ഞു.

ഒ.പി.എമ്മിന്‍റെ ബാനറില്‍ ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹര്‍ഷദും രാജേഷ് രവിയും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് സൈജു ശ്രീധരന്‍. സംഗീതം യാക്സന്‍ ഗാരി പെരേര, നേഹ നായര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിനു പപ്പു.