'സിനിമ പിടിക്കാന്‍ പോകുവാ'ന്ന് വെറുതെ പറഞ്ഞതല്ല ലിജോ ജോസ് പെല്ലിശ്ശേരി; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു, ജൂലൈ 1ന് ചിത്രീകരണവും തുടങ്ങും
'എ' എന്ന് എഴുതിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടത്.

'ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാൻ' എന്ന് ചോദിച്ചതിന് പിന്നാലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. 'എ' എന്ന് എഴുതിയ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടത്. ജൂലൈ 1ന് സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും വ്യക്തമാക്കി. ആരൊക്കെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നോ അണിയറയില്‍ ആരൊക്കെയാണെന്നോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പുതിയ സിനിമകളുടെ ചിത്രീകരണത്തെയും റിലീസിനെയും താരങ്ങളുടെ പ്രതിഫലത്തെയും ചൊല്ലി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ലിജോ ജോസ് താന്‍ സിനിമ പിടിക്കാന്‍ പോവുകയാണെന്ന് ഫേസ് ബുക്കില്‍ പ്രഖ്യാപിച്ചത്. പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിക്കുന്നതിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്ത് വന്നിരുന്നു. നിർദേശം മറികടന്ന് ചിത്രീകരണം ആരംഭിച്ചാൽ സഹകരിക്കില്ലെന്നും തിയേറ്റർ റിലീസ് അനുവദിക്കില്ലെന്ന മുന്നറിയിപ്പും നിർമാതാക്കൾ നൽകി. മുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ടിങ് ആരംഭിക്കാതെ പുതിയ സിനിമകൾ തുടങ്ങരുതെന്നാണ് അസോസിയേഷന് പറയുന്നത്. 60ഓളം സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളതിനാല്‍ പുതിയ സിനിമ തുടങ്ങേണ്ടെന്നാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തീരുമാനം.
സിനിമകളുടെ ഓണ്‍ലൈന്‍ റിലീസിനെ ചൊല്ലിയും തര്‍ക്കങ്ങളുണ്ട്. ആഷിഖ് അബു ഹാഗര്‍ എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള കാര്യങ്ങൾ തീർപ്പുകൽപ്പിക്കാനുള്ള അവകാശം നിർമ്മാണ കമ്പനിക്ക് മാത്രം നിക്ഷിപ്തമാണ്, അത് വേറെ ആരെയും ഏല്‍പിച്ചിട്ടില്ലെന്നാണ് ആഷിഖ് അബു വ്യക്തമാക്കിയത്. പിന്നാലെയാണ് താനും സിനിമ എടുക്കാന്‍ പോവുകയാണെന്ന് ലിജോ ജോസ് വ്യക്തമാക്കിയത്. അടുത്ത ദിവസം തന്നെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടു.