LiveTV

Live

Entertainment

സിനിമാക്കാരായാൽ എന്ത് വായിലേറ്റവും പറഞ്ഞു കളയാമെന്നു ചില സിനിമാക്കാർക്കെങ്കിലും വിചാരമുണ്ട്; ശ്രീനിവാസന് മറുപടിയുമായി സംവിധായിക വിധു വിന്‍സെന്‍റ്

ഇനി ശ്രീനിവാസൻസാർ പറഞ്ഞ ജപ്പാന്‍റെ കാര്യം. ജപ്പാനിലെ ഒരു പ്രീ പ്രൈമറി സ്കൂളിൽ ടീച്ചിംഗ് അസിസ്റ്റന്‍റായി കുറച്ചു നാൾ ജോലി ചെയ്ത ഒരു പരിചയം കൊണ്ട് പറയുകയാണ്

സിനിമാക്കാരായാൽ എന്ത് വായിലേറ്റവും പറഞ്ഞു കളയാമെന്നു ചില സിനിമാക്കാർക്കെങ്കിലും വിചാരമുണ്ട്; ശ്രീനിവാസന് മറുപടിയുമായി സംവിധായിക വിധു വിന്‍സെന്‍റ്

അംഗനവാടി അധ്യാപികമാര്‍ക്കെതിരായെ നടന്‍ ശ്രീനിവാസന്‍റെ പരാമര്‍ശത്തിന് മറുപടിയുമായി സംവിധായിക വിധു വിന്‍സെന്‍റ്. സിനിമാക്കാരായാൽ എന്തുവായിലേറ്റവും പറഞ്ഞു കളയാമെന്നു ചില സിനിമാക്കാർക്കെങ്കിലും ഒരു വിചാരമുണ്ട്. അംഗനവാടി ടീച്ചർമാരെ കുറിച്ചുള്ള ശ്രീനിവാസന്‍റെ പ്രസ്താവന കേട്ടപ്പഴാ അങ്ങനെ തോന്നിയതെന്നും വിധു ഫേസ്ബുക്കില്‍ കുറിച്ചു.

നടന്‍ ശ്രീനിവാസനെതിരെ വനിതാകമ്മീഷന്‍ കേസെടുത്തു
Also Read

നടന്‍ ശ്രീനിവാസനെതിരെ വനിതാകമ്മീഷന്‍ കേസെടുത്തു

വിധുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

സിനിമാക്കാരായാൽ എന്തുവായിലേറ്റവും പറഞ്ഞു കളയാമെന്നു ചില സിനിമാക്കാർക്കെങ്കിലും ഒരു വിചാരമുണ്ട്. അംഗനവാടി ടീച്ചർമാരെ കുറിച്ചുള്ള ശ്രീ. ശ്രീനിവാസന്‍റെ പ്രസ്താവന കേട്ടപ്പഴാ അങ്ങനെ തോന്നിയത്. 1998-99 കാലത്താണ് കേരളത്തിലെ അംഗനവാടികളെ കുറിച്ച് ഒരു പരിപാടി ചെയ്യാൻ സി ഡിറ്റ് വഴി സോഷ്യൽ വെൽഫയർ ഡിപ്പാർട്ട്മെന്‍റ് ചുമതലപ്പെടുത്തിയത്.ഇന്‍റഗ്രേറ്റഡ് ചൈൽഡ് ഡവലപ്മെന്‍റ് എന്ന കേന്ദ്രാവിഷ്കൃത പദ്ധതിക്ക് കീഴിൽ കേരളത്തിൽ മാത്രം പ്രവർത്തിക്കുന്ന 15,500 ൽ അധികം അംഗനവാടികളെ കുറിച്ചും ആ സംവിധാനത്തെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് സ്ത്രീകളെയും കുട്ടികളെയും കുറിച്ചുമൊക്കെ വിശദമായി പഠിച്ചതും അറിഞ്ഞതും അന്നാണ്. മോണ്ടിസോറി സ്കൂളുകളിലോ ഡെ കെയർ സെന്‍ററുകളിലോ ഫീസ് കൊടുത്ത് പോകാൻ കഴിയാത്ത, അധികവും കൂലിത്തൊഴിലാളികളായ മാതാപിതാക്കളുടെ മക്കൾ എത്തുന്ന, അങ്ങനെയുള്ള 20 ,25 കുട്ടികളുള്ള, ചെറിയ ഒരു കെട്ടിടത്തിൽ കളികളും വർത്തമാനങ്ങളും ഉച്ചഭക്ഷണവും ഉറക്കവുമൊക്കെയായി നടത്തുന്ന ഒരു 'തുക്കടാ കലാ പരിപാടി 'ആണിതെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ അതവരുടെ അറിവില്ലായ്മയോ വിവരക്കേടോ കൊണ്ടാണെന്ന് നമ്മള് വിചാരിച്ചേക്കാം. അവർക്ക് വേണ്ടിയാണീ കുറിപ്പ്.

ഗ്രാമ-നഗര പ്രദേശങ്ങളെ പ്രത്യേകംതരം തിരിച്ച് ,1000 ആളുകൾക്ക് ഒരു അംഗൻവാടി എന്ന കണക്കിൽ 152 lCDട ബ്ലോക്കുകളുടെ കീഴിലാണ് കേരളത്തിൽ ഓരോ അംഗൻവാടിയും പ്രവ'ത്തിക്കുന്നത്. പ്രീ-പ്രൈമറി സ്കൂൾ എന്നതിനേക്കാൾ ഇന്ത്യൻ സാഹചര്യത്തിൽ നമ്മുടെ സോഷ്യൽ ഫാബ്രിക്കിലെ അടിസ്ഥാന യൂണിറ്റുകളിലൊന്നായാണ് ഈ സംവിധാനമുള്ളത് . PHC കൾ പോലെ, അയൽക്കൂട്ടങ്ങൾ പോലെ ഒരു പക്ഷേ ഈ സംവിധാനങ്ങളെയൊക്കെ പരസ്പരം കണക്ട് ചെയ്ത് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്ന ഒരു പോയിൻ്റാണ് അംഗൻവാടികൾ. അതു കൊണ്ട് തന്നെ അംഗനവാടി ടീച്ചർമാരായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിരവധി പരിശീലനങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്. മൂന്നാം ലോകരാജ്യമായ ഇന്ത്യയുടെ, പ്രത്യേകിച്ചും കേരളത്തിൻ്റെ വികേന്ദ്രീകരണമാതൃകയിൽ ഏറ്റവും അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന സമഗ്ര ആരോഗ്യ സംവിധാനം കൂടിയാണ് അംഗൻവാടികൾ. കുട്ടികൾക്കും ഗർഭിണികൾക്കും വേണ്ട പോഷകാഹാര കിറ്റുകൾ വിതരണം ചെയ്യുക, പകർച്ചവ്യാധികൾക്കെതിരെയുള്ള ബോധവല്ക്കരണം,PHC കളുമായി ചേർന്ന്‌ മരുന്ന് വിതരണം, വാക്സിനേഷൻ പോയിൻ്റ് എന്നിങ്ങനെ അംഗൻവാടികളുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികൾ അനവധിയാണ്. ഓരോ അംഗൻവാടിയുടെയും പരിധിയിൽ വരുന്ന വീടുകൾ കയറിയിറങ്ങി ആളുകളുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുന്നതും ആരോഗ്യ ബോധവല്കരണ പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നതും സർക്കാരിന് വേണ്ട സോഷ്യോ എക്കണോമിക് സർവ്വെകൾ വോളണ്ടറിയായി ചെയ്യുന്നതു മടക്കമുള്ള ഇവരുടെ സേവന പ്രവർത്തനങ്ങൾ ഒരു പ്രദേശത്തിൻ്റെ സാമൂഹികാരോഗ്യത്തെ പരിപാലിക്കുന്നതിന് എത്രകണ്ട് വിലപ്പെട്ടതാണെന്നന്നുള്ളതിൽ ഒരു തർക്കവുമില്ല.96-97 കാലത്തെ CDS ൻ്റെ ഒരു പഠന പ്രകാരം കേരളത്തിൽ മാത്രം 10.32 ലക്ഷം സ്ത്രീകളും കുട്ടികളുമാണ് ഈ സംവിധാനത്തെ ആശ്രയിച്ച് കഴിയുന്നത്. നമ്മൾ അവകാശപ്പെടുന്ന "കേരള മാതൃക" ക്കായി അംഗൻവാടി പ്രവർത്തകർ നല്കുന്ന സംഭാവന എത്രത്തോളമുണ്ടെന്നും താല്പര്യമുള്ളവർക്ക് ഒന്നന്വേഷിക്കാവുന്നതാണ്.

ഇനി ശ്രീനിവാസൻസാർ പറഞ്ഞ ജപ്പാന്‍റെ കാര്യം. ജപ്പാനിലെ ഒരു പ്രീ പ്രൈമറി സ്കൂളിൽ ടീച്ചിംഗ് അസിസ്റ്റന്‍റായി കുറച്ചു നാൾ ജോലി ചെയ്ത ഒരു പരിചയം കൊണ്ട് പറയുകയാണ് . ഇന്ത്യയിലിത് സാമൂഹികാരോഗ്യ സംവിധാനങ്ങളുടെ പ്രധാന ചാലകശക്തിയായി പ്രവർത്തിക്കുമ്പോൾ ജപ്പാനിൽ അത് അങ്ങനെയൊരു സംവിധാനമല്ല. എലമെൻററി സ്കൂളിംഗിന് മുമ്പ് പ്രീ പ്രൈമറി വിദ്യാഭ്യാസം സർക്കാർ നേരിട്ട് നല്കുന്നില്ല, ഉള്ളത് പ്രൈവറ്റ് മേഖലയിലുള്ള പ്രീ പ്രൈമറി സ്കുളുകളാണ്. ചിലതൊക്കെ സർക്കാർ സബ്സിഡിയോടെ പ്രവർത്തിക്കുന്നു. അവിടെ ടീച്ചർമാരുടെ ശമ്പളം രണ്ട് മുതൽ രണ്ടര ലക്ഷം യെൻ വരെ (ഇന്ത്യൻ രൂപാ കണക്കിൽ 178,000 ലക്ഷം) കിട്ടും .ഒരു പ്രീ-പ്രൈമറി സ്കൂളിൽ 10മുതൽ 15 വരെ അദ്ധ്യാപകരും അനദ്ധ്യാപകരും ഉണ്ടാവും. (നമ്മുടെ അംഗൻവാടികളിൽ ടീച്ചറും ഹെൽപ്പറും മാത്രമേയുള്ളൂ എന്നോർക്കണം ). പാഠപുസ്തകങ്ങൾക്കപ്പുറത്ത് ഓരോ വിദ്യാർത്ഥിയുടേയും മാനസികവും ശാരീരികവുമായ വളർച്ച ലക്ഷ്യമിട്ട് സംവിധാനം ചെയ്തിരിക്കുന്ന പാഠ്യേതര പ്രവർത്തനങ്ങൾക്കാണ് പ്രീ-പ്രൈമറി തലത്തിൽ അവിടെ മുൻതൂക്കം. വെറും 170 US dollar മാത്രം G NP യുള്ള കേരളവും 35490 USD GNP യുള്ള ജപ്പാനും ( 95 -ലെവേൾഡ് ഡെവലപ്മെൻ്റ് റിപ്പോർട്ട് )അവരവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ചെലവഴിക്കുന്ന തുകകൾ ഒരുതരത്തിലും താരതമ്യ വിധേയമാക്കാൻ പറ്റുന്നതല്ല .

പറഞ്ഞു വന്നത് ഇതാണ്, മിനിമം പ്ലസ് 2 പാസ്സ് യോഗ്യതയായിരിക്കുമ്പോഴും BA യുംMA യും വരെ വിദ്യാഭ്യാസമുള്ള സ്ത്രീകൾ 9262 രൂപാ മാത്രം ശമ്പളം പറ്റുന്ന, ചിലപ്പോൾ ഇപ്പോൾ ഒടിഞ്ഞു വീണേക്കാം എന്ന് തോന്നിപോകുന്ന കൂരയിലിരുന്നു കൊണ്ട് ചെത്തുതൊഴിലാളികളുടെയും കശുവണ്ടി തൊഴിലാളികളുടെയുമൊക്കെ മക്കൾക്ക് സാമൂഹ്യ ജീവിതത്തിന്‍റെ പ്രാഥമിക പാഠങ്ങൾ പറഞ്ഞു കൊടുക്കയും അതേ സമയം അവർ ഒരു പ്രദേശത്തിന്‍റെ സാമൂഹികാരോഗ്യത്തിന്‍റെ നട്ടെല്ലാവുന്നതും എങ്ങനെയെന്ന് 'ചെറുതായൊന്ന് ' വിശദീകരിച്ചുവെന്ന് മാത്രം' ആരെയും അപമാനിക്കാനല്ലാ ഇത്രയും പറഞ്ഞത്. ദാരിദ്ര്യം യാഥാർത്ഥ്യമായുള്ള ഒരു രാജ്യത്താണ് ശ്രീനിവാസൻ സാറും ഞാനുമൊക്കെ ജീവിക്കുന്നത്. G NP യും GDP യുമൊക്കെ വളരെ താഴെ നില് ക്കുമ്പോഴും വികസന സൂചികകളിൽ ചിലതിലെങ്കിലും നമ്മള് ജപ്പാനോടൊക്കെ കിടപിടിച്ചു നില്ക്കുന്നത് ഏറ്റവും പ്രാഥമികത്തട്ടിലുള്ള അംഗൻവാടി ടീച്ചർമാരടക്കമുള്ളവർ ഒഴുക്കുന്ന വിയർപ്പ് കൊണ്ടാണ്. അതിനെ കാണാതെ പോകരുത്. ആദരിച്ചില്ലെങ്കിലും അപമാനിക്കരുത് .