LiveTV

Live

Entertainment

സൽമാൻ ഖാൻ എന്‍റെ കരിയർ തകർത്തു,കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി ദബാംഗ് സംവിധായകന്‍

പണവും രാഷ്ട്രീയവും അധോലോകബന്ധങ്ങളും ഉപയോഗിച്ച് ആരെയും ഭീഷണിപ്പെടുത്താനും ഇല്ലാതാക്കാനും സൽമാൻഖാന് മടിയില്ലെന്നാണ് അഭിനവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്

സൽമാൻ ഖാൻ എന്‍റെ കരിയർ തകർത്തു,കൊല്ലുമെന്ന് വരെ ഭീഷണിപ്പെടുത്തി; വെളിപ്പെടുത്തലുമായി ദബാംഗ് സംവിധായകന്‍

ബോളിവുഡിലെ പടലപ്പിണക്കങ്ങളും ചേരിതിരിവും കുപ്രസിദ്ധമാണ്. നിരവധി പേര്‍ അതിനെതിരെ പല തവണ ശബ്ദമുയര്‍ത്തിയിട്ടുണ്ട്. നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തോടെ വീണ്ടും അതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബി ടൌണില്‍ സജീവമായിട്ടുണ്ട്. കങ്കണ റണൌട്ട്, വിവേക് ഒബ്റോയി തുടങ്ങിയ താരങ്ങള്‍ ഹിന്ദി സിനിമാ ലോകത്തിലെ കപടമുഖങ്ങള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ദബാംഗ് സംവിധായകന്‍ അഭിനവ് കശ്യപും തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. സൂപ്പര്‍താരം സല്‍മാന്‍ ഖാനെതിരെയാണ് അഭിനവിന്‍റെ ആരോപണം.

പണവും രാഷ്ട്രീയവും അധോലോകബന്ധങ്ങളും ഉപയോഗിച്ച് ആരെയും ഭീഷണിപ്പെടുത്താനും ഇല്ലാതാക്കാനും സൽമാൻഖാന് മടിയില്ലെന്നാണ് അഭിനവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കഴിഞ്ഞ പത്തു വർഷങ്ങളായി താൻ ഇത് അനുഭവിക്കുന്നതാണ് എന്നും തന്‍റെ കയ്യിൽ നിരവധി തെളിവുകൾ ഉണ്ടെന്നും അഭിനവിന്‍റെ കുറിപ്പില്‍ പറയുന്നു. എന്‍റെ ശത്രുക്കാളാരാണെന്ന് എനിക്കറിയാം. സലിം ഖാന്‍, സല്‍മാന്‍ ഖാന്‍, അര്‍ബാസ് ഖാന്‍, സൊഹാലി ഖാന്‍ എന്നിവരാണ് അവരെന്നും അഭിനവ് വ്യക്തമാക്കുന്നു.

സൽമാൻ ഖാൻ നായകനായ ദബങ് സംവിധാനം ചെയ്തത് അഭിനവ് ആയിരുന്നു. എന്നാൽ ആ ചിത്രത്തിന് ശേഷം സ്വതന്ത്രമായി ഒരു ചിത്രം ചെയ്യാൻ തയ്യാറായ അഭിനവിനെതിരെ നിരന്തരമായ പീഡനങ്ങൾ ആയിരുന്നു സൽമാൻ ഖാന്‍റെ കുടുംബത്തിൽ നിന്നും ഉണ്ടായത്. മറ്റ് നിർമാണ കമ്പനികളുമായി ഇദ്ദേഹം കരാർ ഒപ്പിടാൻ തയ്യാറായെങ്കിലും സൽമാൻ ഖാന്റെ ഭീഷണിക്ക് മുമ്പിൽ അവരെല്ലാം വഴങ്ങി. ഒടുവില്‍ റിലയന്‍സുമായി സഹകരിച്ച് ‘ബേശരം’ എന്ന സിനിമ സംവിധാനം ചെയ്യാന്‍ അഭിനവിനായി. എന്നാല്‍ ആ ചിത്രത്തിനെതിരെ മോശം പ്രചാരണമാണ് സല്‍മാന്‍റെ ഏജന്‍സി അഴിച്ചുവിട്ടതെന്ന് അഭിനവ് ആരോപിച്ചു. ചിത്രത്തിന്‍റെ റിലീസ് മുടക്കാൻ സൽമാൻഖാൻ ശ്രമിച്ചുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. ട്രോളുകളും പ്രചാരണങ്ങളും നടത്തി സൽമാൻ ഖാൻ ചിത്രത്തെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു എങ്കിലും ബോക്സ് ഓഫീസില്‍ ചിത്രം പരാജയപ്പെട്ടെങ്കിലും 58 കോടി നേടാന്‍ സിനിമയ്ക്കു കഴിഞ്ഞു. പിന്നീട് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിൽക്കുവാൻ ശ്രമിച്ചപ്പോഴും സൽമാൻ ഖാന്‍റെ കുടുംബത്തിൽ നിന്നും ഭീഷണിയും എതിർപ്പുകളും ഉണ്ടായിരുന്നു. തന്‍റെ കരിയർ മാത്രമല്ല വ്യക്തിജീവിതവും തകർക്കുവാൻ ഇവർ ശ്രമിച്ചെന്നും അഭിനവിന്‍റെ കുറിപ്പില്‍ വ്യക്തമാക്കുന്നു.

കുടുംബാംഗങ്ങളെ അപകടപ്പെടുത്തുമെന്നും ബലാത്സംഗം ചെയ്യുമെന്നും വരെ ഭീഷണികൾ നേരിട്ടു. ഇതിന്‍റെ ഭാഗമായി വിവാഹബന്ധം വരെ നടത്തേണ്ടിവന്നു എന്നും അഭിനവ് പറയുന്നു. സല്ലുവിന്‍റെ ഇഷ്ടങ്ങൾക്ക് മുമ്പിൽ മുട്ടുമടക്കാത്തതിന്‍റെ പേരിൽ ആണ് ഇത്രയും പീഡനങ്ങൾ ഏൽക്കേണ്ടി വന്നത് എന്നും അദ്ദേഹത്തിന്‍റെ ഇഷ്ടത്തിനനുസരിച്ച് മാറുവാൻ തനിക്ക് സാധിക്കില്ല എന്നും അഭിനവ് പറയുന്നു. മീ ടൂ, ബോയ്കോട്ട് സല്‍മാന്‍ ഖാന്‍ എന്നീ ഹാഷ്‍ടാഗുകളോടെ അഭിനവ് പങ്കുവച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

My appeal to the Government to launch a detailed investigation. Rest in peace Sushant Singh Rajput… Om Shanti.. But...

Posted by Abhinav Singh Kashyap on Monday, June 15, 2020