LiveTV

Live

Entertainment

സുശാന്തിന്‍റെ മരണം: ബോളിവുഡിലെ പോരിനെ കുറിച്ചും അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി

പ്രൊഫഷനിലെ സ്പര്‍ധ അദ്ദേഹത്തെ വിഷാദത്തിലേക്ക് നയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ മുംബൈ പൊലീസ് അന്വേഷിക്കുമെന്നാണ് അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തത്.

സുശാന്തിന്‍റെ മരണം: ബോളിവുഡിലെ പോരിനെ കുറിച്ചും അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി

ബോളിവുഡിലെ കിടമത്സരം നടന്‍ സുശാന്ത് സിങിനെ മാനസിക സമ്മര്‍ദത്തിലേക്ക് നയിച്ചോ എന്ന് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ്. പ്രൊഫഷനിലെ സ്പര്‍ധ അദ്ദേഹത്തെ വിഷാദത്തിലേക്ക് നയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ മുംബൈ പൊലീസ് അന്വേഷിക്കുമെന്നാണ് അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തത്.

ബോളിവുഡില്‍ നിന്നുള്ള അവഗണനയും സിനിമകള്‍ മുടങ്ങിയതുമാണ് സുശാന്തിനെ വിഷാദ രോഗിയാക്കിയതെന്നാണ് ആരോപണം. സുശാന്തിന്‍റെ അഞ്ച് സിനിമകള്‍ മുടങ്ങിപ്പോയെന്നും റിപ്പോര്‍ട്ടുണ്ട്. കുറച്ച് വര്‍ഷങ്ങളായി സുശാന്ത് പ്രശ്നങ്ങളിലൂടെയാണ് കടന്നുപോയിരുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് സഹപ്രവര്‍ത്തകയും ഹെയര്‍ സ്റ്റൈലിസ്റ്റുമായ സ്വപ്ന ഭവാനി ട്വീറ്റ് ചെയ്യുകയുണ്ടായി. ബോളിവുഡിലെ ആരും സുശാന്തിന്‍റെ കൂടെ നിന്നിരുന്നില്ലെന്നും സ്വപ്ന ട്വീറ്റില്‍ പറഞ്ഞു.

സുശാന്തിന്‍റെ കഴിവിനെ ബോളിവുഡ് അംഗീകരിച്ചിരുന്നില്ലെന്ന് നടി കങ്കണ റണാവത്ത് പറഞ്ഞു. അദ്ദേഹത്തിന് ഗോഡ്​ഫാദർമാരില്ലായിരുന്നു. അഭിനയിച്ച സിനിമകൾ കാണാൻ അദ്ദേഹം അപേക്ഷിക്കുകയുണ്ടായി​. പ്രേക്ഷകർ കൂടി കയ്യൊഴിഞ്ഞാൽ ബോളിവുഡിൽ നിന്നും പുറത്തേക്ക്​ വലിച്ചെറിയപ്പെടുമെന്ന് പറയേണ്ടിവന്ന സാഹചര്യം പോലുമുണ്ടായെന്നും കങ്കണ ആരോപിച്ചു.

വിഷമഘട്ടത്തിൽ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോൾ സുശാന്തിനോട് സഹതാപം കാണിക്കുന്നത് കാണിക്കുമ്പോൾ ദേഷ്യം തോന്നുന്നുവെന്നായിരുന്നു നടന്‍ നിഖില്‍ ദ്വിവേദിയുടെ പ്രതികരണം. ബോളിവുഡിന്‍റെ കാപട്യം തനിക്കിപ്പോൾ മനസിലായെന്നും നിഖില്‍ പറഞ്ഞു. നിഖിലിന്റെ ഈ ആരോപണം സംവിധായകന്‍ കരൺ ജോഹറിനെതിരെയാണെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുശാന്തിനോട് അടുപ്പം പുലർത്താതിരുന്നതിൽ താൻ ഖേദിക്കുന്നുവെന്നായിരുന്നു സുശാന്ത് മരിച്ചപ്പോള്‍ കരണ്‍ ജോഹറിന്‍റെ പ്രതികരണം. കരണും ആലിയ ഭട്ടും കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയ്ക്കിടെ സുശാന്തിനെ പരിഹസിച്ചത് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടുന്നു.

ചാറ്റ് ഷോയില്‍ സുശാന്ത് സിങ് രാജ്‌പുത്, രൺവീർ സിങ്, വരുൺ ധവാൻ എന്നിവരെ റേറ്റ് ചെയ്യാൻ കരൺ ജോഹർ ആവശ്യപ്പെട്ടപ്പോൾ ‘സുശാന്ത് സിങ് രാജ്‌പുത്, അതാരാ?’ എന്നായിരുന്നു ആലിയയുടെ മറുചോദ്യം. സുശാന്തിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ആലിയയുടെയും കരണിന്റെയും ട്വീറ്റിന് താഴെ ഇക്കാര്യം ഓര്‍മിപ്പിച്ചുകൊണ്ടുള്ള നിരവധി കമന്‍റുകള്‍ കാണാം.