LiveTV

Live

Entertainment

'സുശാന്തിന്‍റേത് ആത്മഹത്യയോ ആസൂത്രിത കൊലപാതകമോ?' ബോളിവുഡിനെതിരെ പൊട്ടിത്തെറിച്ച് കങ്കണ

സുശാന്ത് മാനസിക രോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും പ്രചരിപ്പിക്കുകയാണെന്ന് കങ്കണ

'സുശാന്തിന്‍റേത് ആത്മഹത്യയോ ആസൂത്രിത കൊലപാതകമോ?' ബോളിവുഡിനെതിരെ പൊട്ടിത്തെറിച്ച് കങ്കണ

നടൻ സുശാന്ത്​ സിങ്​ രാജ്​പുത്​ ആത്മഹത്യ ചെയ്​ത സംഭവത്തിൽ ബോളിവുഡിനെ രൂക്ഷമായി വിമർശിച്ച്​ നടി കങ്കണ റണാവത്​. മികച്ച സിനിമകള്‍ ചെയ്തിട്ടും സുശാന്തിന് അംഗീകാരം ലഭിച്ചില്ല. മരണ ശേഷം ചില മാധ്യമങ്ങളെ വിലക്കെടുത്ത്​ സുശാന്ത് മാനസിക രോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും പ്രചരിപ്പിക്കുകയാണെന്നും കങ്കണ ആരോപിച്ചു.

അഭിനയിച്ച ചില ചിത്രങ്ങളുടെ പ്രതിഫലം പോലും സുശാന്തിന് ലഭിച്ചിട്ടില്ല. സുശാന്തിന്​ ബോളിവുഡിൽ ഗോഡ്​ഫാദർമാരില്ല. ഇപ്പോഴുള്ള ചിലരെ പോലെ പിൻവാതിലിലൂടെയല്ല അദ്ദേഹം സിനിമയിൽ എത്തിയത്​. അദ്ദേഹത്തിന്‍റെ അവസാന കാലത്തെ സമൂഹ മാധ്യമങ്ങളിലെ ചില സന്ദേശങ്ങള്‍ നോക്കൂ. താന്‍ അഭിനയിച്ച സിനിമകൾ കാണാൻ അപേക്ഷിക്കുകയാണ്​. പ്രേക്ഷകർ കൂടി കയ്യൊഴിഞ്ഞാൽ ബോളിവുഡിൽ നിന്നും പുറത്തേക്ക്​ വലിച്ചെറിയപ്പെടുമെന്ന് പറയേണ്ടിവന്ന സാഹചര്യം പോലുമുണ്ടായെന്നും കങ്കണ ആരോപിച്ചു.

സുശാന്ത് മനോരോഗിയാണെന്നും മയക്കുമരുന്നിന് അടിമയാണെന്നും പ്രചരിപ്പിക്കുകയാണ്. സഞ്ജയ് ദത്ത് മയക്കുമരുന്ന് ഉപയോഗിച്ചു എന്ന് കേള്‍ക്കുമ്പോള്‍ മനോഹരം എന്ന് പറയുന്നവരാണ് സുശാന്തിനെ കുറിച്ച് ഇങ്ങനെ എഴുതിപ്പിടിപ്പിക്കുന്നത്. അവർക്ക്​ മാപ്പ്​ നൽകാൻ ആവില്ല. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ സ്കോളര്‍ഷിപ്പ് നേടിയ ആളെയാണ് മാനസികമായി ദുര്‍ബലനായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നത്. സുശാന്തിന്‍റെ ആദ്യ ചിത്രമായ കൈ പോ ചെക്കും എം.എസ്​ ധോണിക്കും ചിച്ചോരെക്കുമൊന്നും ഒരു പുരസ്കാരവും ലഭിച്ചില്ല. എന്നാൽ ഗള്ളി ബോയ്​ പോലുള്ള മോശം സിനിമകൾക്ക്​ അംഗീകാരം​ ലഭിച്ചന്നും കങ്കണ പറഞ്ഞു.

സെലിബ്രിറ്റികൾ മാനസികമായി സംഘർഷം അനുഭവിക്കുന്നുണ്ടെങ്കിൽ അവരോട് അനുതാപത്തോടെ പെരുമാറണം. തന്നെ കഴിവില്ലാത്തവന്‍ എന്ന് വിളിച്ചവരുടെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കാന്‍ പോയതാണ് സുശാന്തിന് പറ്റിയ ഒരേയൊരു തെറ്റ്. ഇതൊരു ആത്മഹത്യയാണോ അതോ ആസൂത്രിത കൊലപാതകമാണോ എന്ന് ചോദിച്ചുണ്ടാണ് കങ്കണ വീഡിയോ അവസാനിപ്പിച്ചത്.

സുശാന്തിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും ആരോപിക്കുകയുണ്ടായി. അതേസമയം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ബോളിവുഡില്‍ നിന്നുള്ള അവഗണനയും സിനിമകള്‍ മുടങ്ങിയതുമാണ് സുശാന്തിനെ വിഷാദ രോഗിയാക്കിയതെന്ന ആരോപണവും ഉയരുന്നുണ്ട്. വിഷമഘട്ടത്തിൽ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോൾ സുശാന്തിനോട് സഹതാപം കാണിക്കുന്നത് കാണിക്കുമ്പോൾ ദേഷ്യം തോന്നുന്നുവെന്ന് നടന്‍ നിഖില്‍ ദ്വിവേദി പറയുകയുണ്ടായി. ബോളിവുഡിന്‍റെ കാപട്യം തനിക്കിപ്പോൾ മനസിലായെന്നും നിഖില്‍ പറഞ്ഞു. നിഖിലിന്റെ ഈ ആരോപണം സംവിധായകന്‍ കരൺ ജോഹറിനെതിരെയാണെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുശാന്തിനോട് അടുപ്പം പുലർത്താതിരുന്നതിൽ താൻ ഖേദിക്കുന്നുവെന്നായിരുന്നു സുശാന്ത് മരിച്ചപ്പോള്‍ കരണ്‍ ജോഹറിന്‍റെ പ്രതികരണം.

കോഫി വിത്ത് കരൺ ചാറ്റ് ഷോയ്ക്കിടെ സുശാന്ത് രാജ്‌പുതിനെ പരിഹസിച്ച കരൺ ജോഹറിനും ആലിയ ഭട്ടിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. ചാറ്റ് ഷോയില്‍ സുശാന്ത് സിങ് രാജ്‌പുത്, രൺവീർ സിങ്, വരുൺ ധവാൻ എന്നിവരെ റേറ്റ് ചെയ്യാൻ കരൺ ജോഹർ ആവശ്യപ്പെട്ടപ്പോൾ ‘സുശാന്ത് സിങ് രാജ്‌പുത്, അതാരാ?’ എന്നായിരുന്നു ആലിയയുടെ മറുചോദ്യം. സുശാന്തിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ആലിയയുടെയും കരണിന്റെയും ട്വീറ്റിന് താഴെ ഇക്കാര്യം ഓര്‍മിപ്പിച്ചുകൊണ്ടുള്ള നിരവധി കമന്‍റുകള്‍ കാണാം.