LiveTV

Live

Entertainment

പ്രളയകാലത്തെ സഹായം ഓര്‍ക്കുന്നു; സുശാന്തിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

പ്രളയകാലത്ത് കേരളത്തിന് നൽകിയ സഹായധനത്തെക്കുറിച്ച് ഓർത്തുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഓര്‍മക്കുറിപ്പ്.

പ്രളയകാലത്തെ സഹായം ഓര്‍ക്കുന്നു; സുശാന്തിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

യുവതാരം സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള കുറിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. കലാ-കായിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം നടനെ അനുസ്മരിച്ച് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും നടനെ അനുസ്മരിച്ചു.

പ്രളയകാലത്ത് കേരളത്തിന് നൽകിയ സഹായധനത്തെക്കുറിച്ച് ഓർത്തുകൊണ്ടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഓര്‍മക്കുറിപ്പ്. "സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ മരണവിവരം അതീവദുഃഖത്തോടെയാണ് കേൾക്കുന്നത്. അദ്ദേഹത്തിന്‍റെ അകാലമരണം ഇന്ത്യൻ സിനിമാലോകത്തിന് വലിയ നഷ്ടമാണ് വരുത്തിവച്ചിരിക്കുന്നത്. അദ്ദേഹത്തിന്‍റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കുമൊപ്പം നിൽക്കുന്നു. കേരളം പ്രളയത്തിൽ വലിയ ദുരിതത്തിലൂടെ കടന്ന് പോയപ്പോൾ അദ്ദേഹം നൽകിയ പിന്തുണ ഓർക്കുന്നു, മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

2018 ഓഗസ്റ്റില്‍ ഒരു ആരാധകന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് മറുപടിയായാണ് സുശാന്ത് സിങ് ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. ശുഭംരഞ്ജന്‍ എന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിന്നും സുശാന്തിനെ മെന്‍ഷന്‍ ചെയ്ത് നല്‍കിയ കമന്‍റിലാണ് താരം സഹായം നല്‍കിയത്. 'എന്‍റെ കൈയ്യില്‍ കേരളത്തിന് നല്‍കാന്‍ പണമില്ല, കുറച്ച് ഭക്ഷണമെങ്കിലും നല്‍കണമെന്നുണ്ട്, എന്ത് ചെയ്യാനാകും'; എന്നായിരുന്നു ചോദ്യം. 'നിങ്ങളുടെ പേരില്‍ ഒരു കോടി രൂപ ഞാന്‍ നല്‍കാം, ആവശ്യക്കാരിലേക്ക് ആ തുക എത്തുന്നു എന്നുറപ്പാക്കാമോ' എന്നായിരുന്നു സുശാന്തിന്‍റെ മറുപടി.

പിന്നീട് വാഗ്ദാനം ചെയ്ത പോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയെന്ന് ഓണ്‍ലൈന്‍ രസീതിന്‍റെ സ്‌ക്രീന്‍ ഷോട്ട് സഹിതം സുശാന്ത് മറുപടി പങ്കുവെച്ചു.