LiveTV

Live

Entertainment

“അതായിരുന്നു എല്ലാത്തിനും തുടക്കം...” ഇസ്‌ലാം മതം സ്വീകരിച്ചതിനെക്കുറിച്ച് യുവൻ ശങ്കർ രാജ

2014 ലാണ് താൻ ഇസ്‍ലാം മതം സ്വീകരിച്ചതായും അബ്ദുൾ ഖാലിക് എന്ന പേര് സ്വീകരിച്ചതായും യുവൻ വ്യക്തമാക്കിയത്

“അതായിരുന്നു എല്ലാത്തിനും തുടക്കം...” 
ഇസ്‌ലാം മതം സ്വീകരിച്ചതിനെക്കുറിച്ച് യുവൻ ശങ്കർ രാജ

ഇളയരാജയുടെ മകനും സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍രാജ മതം മാറിയത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. നിര്‍ബന്ധിച്ചു മതം മാറ്റിയതാണ് എന്നുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഭാര്യ സാഫ്റൂണിന്റെ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് യുവൻ എന്തുകൊണ്ടാണ് താൻ ഇസ്ലാം മതം സ്വീകരിച്ചതെന്ന് വ്യക്തമാക്കി രം​ഗത്ത് വന്നത്. 2014 ലാണ് താൻ ഇസ്‍ലാം മതം സ്വീകരിച്ചതായും അബ്ദുൾ ഖാലിക് എന്ന പേര് സ്വീകരിച്ചതായും യുവൻ വ്യക്തമാക്കിയത്. 2015 ല്‍ സാഫ്റൂണ്‍ നിസാറിനെ വിവാഹം കഴിച്ച യുവന് സിയ എന്ന മകളുമുണ്ട്.

"ഞാന്‍ ഇസ്‌ലാം മതം സ്വീകരിച്ചതിനു പിന്നിലുള്ള കാരണമെന്താണെന്ന് ധാരാളം ആളുകള്‍ ചോദിക്കുന്നു. അതിന് പിന്നില്‍ ഒരു കാരണം മാത്രമായിരുന്നില്ല, കാരണം അതൊരു യാത്രയായിരുന്നു. ഞാന്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നതിനു മുമ്പ്, അതായത് എന്റെ അമ്മ ജീവിച്ചിരുന്നപ്പോള്‍ ലോകാവസാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്ന സമയത്ത്, ഇസ്‌ലാം മതത്തില്‍ എന്താണ് ഇതിനെക്കുറിച്ചെല്ലാം പറഞ്ഞിരിക്കുന്നതെന്ന് പഠിക്കുകയായിരുന്നു ഞാന്‍. കാരണം ഞാന്‍ പഠിച്ചിരുന്നത് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിലായിരുന്നു. അതായിരുന്നു എല്ലാത്തിനും തുടക്കം.

സത്യം പറയട്ടെ, എനിക്കത് കഠിനമായാണ് അനുഭവപ്പെട്ടത്. പിന്നീട് എന്റെ അമ്മ മരിച്ച സമയത്ത് (2011), എന്റെ ഒരു സുഹൃത്ത് മക്കയില്‍ നിന്നും ഒരു നിസ്‌കാരപ്പായ കൊണ്ടുവന്നു നല്‍കി. എപ്പോഴൊക്കെ മനസിനു വിഷമമനുഭവപ്പെടുന്നുവോ അപ്പോഴെല്ലാം ആ പായ വിരിച്ച് അതിലിരിക്കാന്‍ സുഹൃത്ത് ആവശ്യപ്പെട്ടു.

യുവന്‍ ശങ്കര്‍രാജ  ഇളയരാജക്കൊപ്പം
യുവന്‍ ശങ്കര്‍രാജ ഇളയരാജക്കൊപ്പം

ഒരിക്കല്‍ എന്റെ ഒരു ബന്ധു വീട്ടില്‍ വരികയും അമ്മയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അപ്പോള്‍ എനിക്കു മനസ്സില്‍ വല്ലാത്ത വിഷമം തോന്നി. മുഖം കഴുകുമ്പോള്‍ യഥാര്‍ഥത്തില്‍ ഞാന്‍ കരയുകയായിരുന്നു. അതുവരെ നിസ്‌കാരപ്പായയെകുറിച്ച് ചിന്തിക്കാതിരുന്ന ഞാന്‍ അന്ന് എന്റെ മുറിയില്‍ കയറിയപ്പോള്‍ ആദ്യം കണ്ടത് ആ പായയാണ്.

അന്ന് വളരെ അപ്രതീക്ഷിതമായി എനിക്കൊരു സുഹൃത്തിന്റെ സന്ദേശവും ലഭിച്ചു. ഒരു ചിത്രത്തില്‍ 'മനോഹരമായ ആകാശം' എന്നെഴുതിയ സന്ദേശമായിരുന്നു അത്. ഇസ്‌ലാം മതവിശ്വാസികളായ ധാരാളം സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവരില്‍ ഒരാള്‍ക്ക് ഈ സന്ദേശം കൈമാറിയ ശേഷം അതില്‍ എന്തെങ്കിലും കാണാന്‍ സാധിക്കുന്നുണ്ടോ എന്നു ഞാന്‍ ചോദിച്ചു. 'അത് അല്ലാഹു' ആണ് എന്നായിരുന്നു അവന്റെ മറുപടി. ആ ചിത്രത്തിലെ മേഘക്കൂട്ടങ്ങള്‍ അറബി ഭാഷയില്‍ 'അല്ലാഹു' എന്നെഴുതി വച്ചതു പോലെയാണെന്ന് അവന്‍ എനിക്ക് വിശദീകരിച്ചു തന്നു. അതു കേട്ടപ്പോള്‍ എനിക്ക് അദ്ഭുതം തോന്നി.

“അതായിരുന്നു എല്ലാത്തിനും തുടക്കം...” 
ഇസ്‌ലാം മതം സ്വീകരിച്ചതിനെക്കുറിച്ച് യുവൻ ശങ്കർ രാജ

ഞാന്‍ നിസ്‌കാരപ്പായ വിരിച്ച് അതിലിരുന്നു. എന്റെ അമ്മയെ നഷ്ടപ്പെട്ടതിന്റെ വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു ഞാനപ്പോള്‍. എന്റെ നെറ്റി പായയില്‍ മുട്ടിയപ്പോള്‍ ഞാന്‍ കരഞ്ഞുകൊണ്ട് പറഞ്ഞു 'അല്ലാഹുവേ എന്റെ പാപങ്ങള്‍ പൊറുക്കണേ' എന്ന്. അതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്. ആ രാത്രി ഞാന്‍ എന്റെ ഫോണില്‍ ഖുറാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. അന്ന് എനിക്കതു ബുദ്ധിമുട്ടായി അനുഭവപ്പെട്ടുവെങ്കിലും പിന്നീടതിനെ ഇഷ്ടപ്പെട്ടു. ലോകസൃഷ്ടാവ് വിശുദ്ധ ഗ്രന്ഥങ്ങളിലൂടെ ആളുകളുമായി സംസാരിക്കുമ്പോള്‍ അത് കഠിനമായി തന്നെ അനുഭവപ്പെടേണ്ടതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കാരണം നമുക്കറിയാത്ത എത്രയോ കാര്യങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ട്"