LiveTV

Live

Entertainment

മലപ്പുറത്തല്ല, പാലക്കാട് വെച്ച്; ആനക്കേറ്റ അതിക്രമത്തില്‍ വസ്തുതകള്‍ പങ്കുവെച്ച് താരങ്ങള്‍

മലപ്പുറം ജില്ലയുടെ പേരെടുത്ത് പറഞ്ഞുള്ള വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെയാണ് താരങ്ങളായ ടോവിനോ തോമസ്, പൃഥിരാജ് എന്നിവര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

മലപ്പുറത്തല്ല, പാലക്കാട് വെച്ച്; ആനക്കേറ്റ അതിക്രമത്തില്‍ വസ്തുതകള്‍ പങ്കുവെച്ച് താരങ്ങള്‍

പാലക്കാട് സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തില്‍ വസ്തുതകള്‍ പങ്കുവെച്ച് താരങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. മലപ്പുറം ജില്ലയുടെ പേരെടുത്ത് പറഞ്ഞുള്ള വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെയാണ് താരങ്ങളായ ടോവിനോ തോമസ്, പൃഥിരാജ് എന്നിവര്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. മലപ്പുറത്ത് എന്ന് പ്രചരിപ്പിക്കുന്ന ആനക്കെതിരായ അതിക്രമം യഥാര്‍ത്ഥത്തില്‍ പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴില്‍ കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ എന്ന സ്ഥലത്താണ് നടന്നിട്ടുള്ളത്. അതെ സമയം ഗര്‍ഭിണിയായ ആനക്ക് അറിഞ്ഞ് കൊണ്ടല്ല സ്ഫോടക വസ്തു നിറച്ച് നല്‍കിയതെന്നും, പൈനാപ്പിള്‍ കര്‍ഷകര്‍ വന്യമൃഗങ്ങള്‍ക്കെതിരെ സ്ഥാപിച്ച പ്രതിരോധ സംവിധാനത്തില്‍ നിന്നാണ് അപകടം സംഭവിച്ചതെന്നും അധികൃതര്‍ അറിയിച്ചു. ആനക്ക് സംഭവിച്ച ദുരന്തത്തില്‍ വര്‍ഗീയമായ ഒരു ഉള്ളടക്കവുമില്ലെന്നും പൊലീസും വനം വകുപ്പും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും അറിയിച്ചു. ആനക്ക് സംഭവിച്ച് ദുരന്തം അറിഞ്ഞയുടനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷാശ്രമം വിഫലമായി മാറുകയായിരുന്നു. ആന ചരിഞ്ഞത് ഇന്നലെയാണ് എന്ന വ്യാജ പ്രചരണത്തെയും വസ്തുതകള്‍ വെച്ച് പൊളിക്കുന്നുണ്ട്. ഇക്കഴിഞ്ഞ മാസം 27ാം തിയ്യതിയാണ് ആന ചരിഞ്ഞത്. മലപ്പുറം ജില്ല ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട ജില്ലയാണെന്ന ആരോപണങ്ങളെയും വസ്തുതകള്‍ വെച്ച് തുറന്നുകാട്ടുന്നുണ്ട്.

മലപ്പുറം ജില്ല ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ്, മലപ്പുറത്തുകാര്‍ റോഡിലേക്ക് വിഷം എറിഞ്ഞ് 300 മുതല്‍ 400 വരെ പക്ഷികളെയും നായ്ക്കളെയും ഒറ്റയടിക്ക് കൊന്നിട്ടുണ്ടെന്നടങ്ങുന്ന വംശീയ വിദ്വേഷ പ്രചരണമാണ് ട്വിറ്ററിലും ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലും മനേക ഗാന്ധി നടത്തിയത്. മനേക ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.