LiveTV

Live

Entertainment

മാപ്പിളപ്പാട്ട് ഈണത്തിൽ 'കൊറോണ' ഗാനം; ഉമ്മയുടെയും മക്കളുടെയും പാട്ട് സൂപ്പര്‍ഹിറ്റ്

പഴയ മാപ്പിളപ്പാട്ടുകളുടെ ഈണങ്ങളിലാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിവിധ ഈണങ്ങളിലായി ഒരു ചെയിനായി ക്രമീകരിച്ച പാട്ടുകള്‍ കുടുംബത്തിലെ നാലു പേര്‍ ചേര്‍ന്നാണ് ആലപിച്ചത്.

മാപ്പിളപ്പാട്ട് ഈണത്തിൽ 'കൊറോണ' ഗാനം; ഉമ്മയുടെയും മക്കളുടെയും പാട്ട് സൂപ്പര്‍ഹിറ്റ്

ലോക്ക്ഡൌണില്‍ വെറുതെ വീട്ടിലിരിക്കുമ്പോള്‍ ഒരു കുടുംബത്തിന് തോന്നിയ ആശയം; അങ്ങനെ പിറന്നൊരു പാട്ടാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ തരംഗം. കൊറോണ പശ്ചാത്തലത്തില്‍ ഉമ്മ എഴുതിയ വരികള്‍ക്ക് ശബ്ദം നല്‍കാന്‍ മക്കള്‍കൂടി ചേര്‍ന്നപ്പോള്‍ യൂട്യൂബില്‍ ഒരുലക്ഷത്തിലേറെ പേര്‍ കണ്ട സൂപ്പര്‍ഹിറ്റായി ഈ കുടുംബത്തിന്റെ പാട്ട് വീഡിയോ.

പഴയ മാപ്പിളപ്പാട്ടുകളുടെ ഈണങ്ങളിലാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിവിധ ഈണങ്ങളിലായി ഒരു ചെയിനായി ക്രമീകരിച്ച പാട്ടുകള്‍ കുടുംബത്തിലെ നാലു പേര്‍ ചേര്‍ന്നാണ് ആലപിച്ചത്. കോവിഡ് കാലത്തെ പ്രതിസന്ധികള്‍, പ്രവാസത്തിനേറ്റ മുറിവുകള്‍, പരിസ്ഥിതി പാഠങ്ങള്‍ എല്ലാമാണ് അ‍ഞ്ചുമിനിറ്റ് പാട്ടിലൂടെ വിവരിക്കുന്നത്.

മലപ്പുറം അരീക്കോട് സ്വദേശികളാണ് ഈ കുടുംബം. അബ്ദുല്ല തിരൂര്‍ക്കാട് എന്ന പേരില്‍ അറിയപ്പെടുന്ന അബ്ദുല്ല ചെറുപ്പം മുതല്‍ തന്നെ ജനശ്രദ്ധ നേടിയിട്ടുണ്ട്. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മാപ്പിളപ്പാട്ട്, അറബിഗാനം എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ജാമിഅ മില്ലിയയില്‍ ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കി. മുന്നൂറിലധികം ആല്‍ബങ്ങളില്‍ ഗാനം അവതരിപ്പിച്ചു. ഖുര്‍ആന്‍ പൂര്‍ണമായി മനപ്പാഠമാക്കിയ അബ്ദുല്ല ആ മേഖലയിലും പ്രവര്‍ത്തിക്കുന്നു. മീഡിയ വണ്‍ നടത്തിയ ഫുര്‍ഖാന്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായിരുന്നു.

അബ്ദുല്ലയുടെ ഉമ്മ ഹസനയാണ് പാട്ടുകള്‍ എഴുതിയത്. അരീക്കോട് എസ്.എസ്.എ കോളജില്‍ പ്രൊഫസറാണ് ഹസന. ഇതിനകം നിരവധി ഗാനങ്ങളെഴുതിയിട്ടുണ്ട്. അറബിഗാന സമാഹാരവും പുറത്തിറക്കി. അബ്ദുല്ലയും ഉമ്മയും അബ്ദുല്ലയുടെ സഹോദരങ്ങളായ അബ്ദുറഹ്മാന്‍, അബ്ദുല്‍ വഹാബ് എന്നിവരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.