LiveTV

Live

Entertainment

'മമ്മൂട്ടിയെ ജാടക്കാരൻ എന്ന് പലരും വിളിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം സില്‍ബന്ധികൾ'

മമ്മൂട്ടിയെ വളരെ അടുത്തറിഞ്ഞ, അദ്ദേഹത്തിൻറെ നന്മതിന്മകൾ തിരിച്ചറിഞ്ഞ, പുതുതലമുറയോട് അദ്ദേഹം കാണിക്കുന്ന കരുതൽ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് താനെന്ന് ഷമ്മി തിലകന്‍

'മമ്മൂട്ടിയെ ജാടക്കാരൻ എന്ന് പലരും വിളിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം സില്‍ബന്ധികൾ'

സൂപ്പർതാര പദവിയിൽ എത്തിയ മമ്മൂട്ടിയെ പലരും ജാടക്കാരൻ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം അദ്ദേഹത്തിൻറെ കൂടെ പിൽക്കാലത്ത് വന്ന സിൽബന്ധികൾ ആണെന്ന് നടന്‍ ഷമ്മി തിലകന്‍. മമ്മൂട്ടിയെ വളരെ അടുത്തറിഞ്ഞ, അദ്ദേഹത്തിൻറെ നന്മതിന്മകൾ തിരിച്ചറിഞ്ഞ, പുതുതലമുറയോട് അദ്ദേഹം കാണിക്കുന്ന കരുതൽ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് താനെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

കഥയ്ക്ക് പിന്നില്‍ എന്ന സിനിമയിലാണ് താന്‍ ആദ്യമായി മമ്മൂട്ടിയോടൊപ്പം പ്രവര്‍ത്തിച്ചതെന്ന് ഷമ്മി പറയുന്നു. സഹായികൾ ആരുമില്ലാതെ, വണ്ടി സ്വയം ഡ്രൈവ് ചെയ്ത് വന്നിരുന്ന മമ്മൂക്ക യാതൊരുവിധ ജാടയും ആരോടും കാട്ടിയിട്ടുള്ളതായി ഓർമ്മയിലില്ല. ആ സെറ്റിൽ അദ്ദേഹം "ഡയറക്ടർ സാറേ" എന്ന് സ്നേഹത്തോടെ കളിയാക്കി വിളിച്ചിരുന്ന താൻ അദ്ദേഹത്തിൻറെ സഹായിയായും മറ്റും ഒപ്പം തന്നെ ഉണ്ടായിരുന്നു. ഈ സ്നേഹവും കരുതലും തന്നോട് അദ്ദേഹം പില്‍ക്കാലത്ത് കാട്ടിയിട്ടില്ല എന്നത് ഒരു ദുഃഖ സത്യമാണ്. എന്നാല്‍ സിൽബന്ധികൾ ആരും ഇല്ലാതെ കണ്ടുമുട്ടിയ അപൂർവ്വം ചില വേളകളിൽ പഴയ മമ്മൂക്കയെ വീണ്ടും കാണാനും അടുത്തിടപഴകാനും സാധിച്ചെന്നും ഷമ്മി തിലകന്‍ ഫേസ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

ഷമ്മി തിലകന്‍റെ ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

സിനിമയിലെ എൻറെ ഗുരുസ്ഥാനീയരിൽ പ്രഥമ സ്ഥാനത്തുള്ള കെ.ജി ജോർജ് സാറിൻറെ കൂടെ ഇരകൾ എന്ന ചിത്രത്തിന് ശേഷം വർക്ക് ചെയ്ത സിനിമയാണ് കഥയ്ക്കു_പിന്നിൽ. ശ്രീ. ഡെന്നിസ് ജോസഫിന്റെ രചനയിൽ ഇന്നത്തെ മെഗാസ്റ്റാർ മമ്മൂക്കയോടൊപ്പം എൻറെ പിതാവ്, ലാലു അലക്സ്, ദേവിലളിത തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1987ൽ റിലീസ് ചെയ്ത ചിത്രത്തിൽ സഹസംവിധായകൻ ആയിരുന്നു ഞാൻ.

ഈ സിനിമയ്ക്ക് മുമ്പേ തന്നെ മമ്മൂക്കയെ പരിചയവും അടുപ്പവും ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്ത ആദ്യ സിനിമയാണ് കഥയ്ക്കു_പിന്നിൽ. ആ ലൊക്കേഷനിൽ എനിക്ക് ഏറ്റവും സപ്പോർട്ട് നൽകിയിരുന്നതും എന്നെ ചേർത്ത് നിർത്തിയിരുന്നതും മമ്മൂക്കയായിരുന്നു.

ഇപ്പോഴുള്ള താരപരിവേഷമൊന്നും അദ്ദേഹത്തിന് അന്നായിട്ടില്ല. സഹായികൾ ആരുമില്ലാതെ വണ്ടി സ്വയം ഡ്രൈവ് ചെയ്ത് വന്നിരുന്ന മമ്മൂക്ക യാതൊരുവിധ ജാടയും ആരോടും കാട്ടിയിട്ടുള്ളതായി എന്റെ ഓർമ്മയിലില്ല.

എന്നാൽ പിന്നീട് സൂപ്പർതാര പദവിയിൽ എത്തിയ അദ്ദേഹത്തെ പലരും ജാടക്കാരൻ എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അതിന് കാരണം അദ്ദേഹത്തിൻറെ കൂടെ പിൽക്കാലത്ത് വന്ന "സിൽബന്ധികൾ" തന്നെയാണെന്ന് നിസ്സംശയം എനിക്ക് പറയാൻ പറ്റും. കാരണം അദ്ദേഹത്തിനെ വളരെ അടുത്തറിഞ്ഞ അദ്ദേഹത്തിൻറെ നന്മ തിന്മകൾ തിരിച്ചറിഞ്ഞ പുതുതലമുറയോട് അദ്ദേഹം കാണിക്കുന്ന കരുതൽ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ ആ സെറ്റിൽ അദ്ദേഹം "ഡയറക്ടർ സാറേ" എന്ന് സ്നേഹത്തോടെ കളിയാക്കി വിളിച്ചിരുന്ന ഞാൻ അദ്ദേഹത്തിൻറെ സഹായിയായും മറ്റും ഒപ്പം തന്നെ ഉണ്ടായിരുന്നു എപ്പൊഴും. അന്ന് അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്ന സ്നേഹത്തിൻറെയും കരുതലിന്റേയും ആഴം.. അദ്ദേഹത്തിൻറെ തന്നെ നിർബന്ധ പ്രകാരം എടുത്ത ഈ ഫോട്ടോയിൽ കാണാം.

എന്നാൽ പിൽക്കാലത്ത് ഞാൻ ഒരു നടനായി മാറിയതിനു ശേഷം ഈ സ്നേഹവും കരുതലും എന്നോട് അദ്ദേഹം കാട്ടിയിട്ടില്ല എന്നത് ഒരു ദുഃഖ സത്യമാണ്. പക്ഷേ സിൽബന്ധികൾ ആരും ഇല്ലാതെ കണ്ടുമുട്ടിയ അപൂർവ്വം ചില വേളകളിൽ പഴയ മമ്മൂക്കയെ വീണ്ടും കാണാനും അടുത്തിടപഴകാനും സാധിച്ചു എന്ന വസ്തുത കൂടി ഓർമ്മിപ്പിക്കാതിരുന്നാൽ ഞാൻ എന്നോട് തന്നെ കാട്ടുന്ന ആത്മവഞ്ചനയാകും എന്നതും പറയാതെ വയ്യ.

ഒപ്പം ഞങ്ങളെയൊക്കെ തമ്മിലടിപ്പിച്ച് ഇടയ്ക്ക് നിന്ന് ചോരകുടിക്കുന്ന ആട്ടിൻതോലിട്ട ചെന്നായ്ക്കൾ ആയ താര സിൽബന്ധി സമൂഹത്തിന്റെ അറിവിലേക്കായി ഒരു പഴങ്കഥ കുറിക്കുന്നു.

ഒരിക്കൽ പരമശിവന്റെ കഴുത്തിൽ ചുറ്റിക്കിടക്കുന്ന പാമ്പ് ഗരുഢനോട് ചോദിച്ചു. "ഗരുഢാ സൗഖ്യമോ" എന്ന്. അപ്പോൾ ഗരുഢൻ പറഞ്ഞു- "ഇരിക്കേണ്ടിടത്ത് ഇരുന്നാൽ എല്ലാവർക്കും എപ്പോഴും സൗഖ്യം തന്നെയായിരിക്കും".

തുടരും....

#കുത്തിപ്പൊക്കൽ_പരമ്പര. (Kadhakku Pinnil-1987. Script : Dennis Joseph. Direction : K.G.George. സിനിമയിലെ എൻറെ ഗുരു...

Posted by Shammy Thilakan on Sunday, May 31, 2020