LiveTV

Live

Entertainment

ആ കുടിയേറ്റ തൊഴിലാളി കുഞ്ഞിന് പേരിട്ടു, സോനു സൂദ്

ഈ ലോക്ഡൗണ്‍ കാലത്ത് ബോളിവുഡ് നടന്‍ സോനു സൂദിനെ അതിഥി തൊഴിലാളികളാരും മറക്കാനിടയില്ല, ബന്ധപ്പെട്ട സര്‍ക്കാറുകള്‍ മറന്നിടത്ത് നിന്നായിരുന്നു സോനു സൂദിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍.

ആ കുടിയേറ്റ തൊഴിലാളി കുഞ്ഞിന് പേരിട്ടു, സോനു സൂദ്

ഈ ലോക്ഡൗണ്‍ കാലത്ത് ബോളിവുഡ് നടന്‍ സോനു സൂദിനെ കുടിയേറ്റ തൊഴിലാളികളാരും മറക്കാനിടയില്ല, ബന്ധപ്പെട്ട സര്‍ക്കാറുകള്‍ മറന്നിടത്ത് നിന്നായിരുന്നു സോനു സൂദിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍. ഒടുവില്‍ ടോള്‍ ഫ്രീ നമ്പര്‍ വരെ താരം പുറത്തുവിട്ടിട്ടിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് വല്ല ബുദ്ധിമുട്ടുകളുമുണ്ടെങ്കില്‍ ഈ നമ്പറില്‍ ബന്ധപ്പെടാം. എന്നാല്‍ താന്‍ ചെയ്യുന്ന ഈ പ്രവൃത്തിക്ക് വിവിധയിടങ്ങളില്‍ നിന്ന് അഭിനന്ദനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് നടന്‍ തന്നെ വ്യക്തമാക്കുന്നു.

അതിലൊന്നാണ് താന്‍ സഹായിച്ച യുവതി തന്റെ കുഞ്ഞിന് സോനു സൂദ് എന്ന പേരിട്ടത്. നടന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാട്ടിലേക്ക് അയക്കുമ്പോള്‍ ഈ യുവതി ഗര്‍ഭിണിയായിരുന്നു. നാട്ടിലെത്തിയ ശേഷം ഈ യുവതിയുടെ കുടുംബം തന്നെ വിളിച്ചെന്നും കുഞ്ഞിന് തന്റെ പേരിട്ടെന്നും സോനു സൂദ് പറഞ്ഞു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള കുടിയേറ്റ തൊഴിലാളികളുടെ പലായനത്തില്‍ അതീവ ദു:ഖിതനെന്ന് നേരത്തെ സോനു സൂദ് വ്യക്തമാക്കിയിരുന്നു. വീടണയാന്‍ പ്രയാസപ്പെടുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കെല്ലാം സൗകര്യം ചെയ്തുകൊടുക്കുമെന്നും നടന്‍ വ്യക്തമാക്കിയിരുന്നു.

രാജ്യം ലോക്ക്ഡൗണിലൂടെ കടന്നുപോവുമ്പോൾ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വിഷമിക്കുന്ന കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയിൽ തനിക്ക് വേദനയുണ്ടെന്നും അവർക്ക് ഗതാഗതം ക്രമീകരിക്കുന്നതിന് താൻ ആവുന്നതെല്ലാം ചെയ്യുമെന്നും സോനു പറയുന്നു. അവസാനത്തെ തൊഴിലാളിയും അവരുടെ വീടിന്റെ സുരക്ഷിതത്വത്തിലേക്ക് തിരിച്ചെത്തും വരെ സർവീസുകൾ തുടരുമെന്നും താരം വ്യക്തമാക്കി.നേരത്തെ കര്‍ണാടക, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങളിലേക്കും നടന്‍ ബസ് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു.