LiveTV

Live

Entertainment

'പ്രിയപ്പെട്ടവരെ സെറ്റ് ആക്രമിച്ചത് രാഷ്ട്രീയ ബജ്റംഗദള്‍ എന്ന ഹൈന്ദവ വർഗീയ തീവ്രവാദ സംഘടനയാണ്'; പേര് തുറന്നു പറയാതെയുള്ള വിമര്‍ശനത്തില്‍ സംവിധായകന്‍ ഡോ. ബിജു

'പ്രിയപ്പെട്ടവരെ സെറ്റ് ആക്രമിച്ചത് രാഷ്ട്രീയ ബജ്റംഗദള്‍ എന്ന ഹൈന്ദവ വർഗീയ തീവ്രവാദ സംഘടനയാണ്';  പേര് തുറന്നു പറയാതെയുള്ള വിമര്‍ശനത്തില്‍ സംവിധായകന്‍ ഡോ. ബിജു

ടോവിനോ തോമസ് നായകനായ മിന്നല്‍ മുരളി സിനിമയുടെ കാലടിയിലെ ചിത്രീകരണ സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ വിമര്‍ശനമുന്നയിക്കുന്ന പലരും അക്രമം നടത്തിയ ആളുകളുടെ പേരും പാര്‍ട്ടിയും മറച്ചു പിടിക്കുന്നതില്‍ പ്രതികരണവുമായി സംവിധായകന്‍ ഡോ. ബിജു. കാലടിയിലെ സിനിമാ സെറ്റ് ആക്രമിച്ചത് രാഷ്ട്രീയ ബജ്റംഗദള്‍ എന്ന ഹൈന്ദവ വർഗീയ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തകരാണെന്നും ആ പേര് തുറന്നു പറയാതെ നടത്തുന്ന ഡെക്കറേഷനും ഞാണിന്മേൽ കളിയും ഉറക്കം നടിക്കലും ഒക്കെ കാണുമ്പോൾ സത്യത്തിൽ ലജ്ജ തോന്നുന്നതായും ഡോ. ബിജു ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു. വർഗ്ഗീയ തീവ്രവാദികളേക്കാൾ കേരളം സൂക്ഷിക്കേണ്ടത് ഈ ബാലൻസിങ് പുരോഗമന കാപട്യവും നിശ്ശബ്ദ പിന്തുണകളും ആണെന്നും ഡോ. ബിജു കുറിപ്പില്‍ കുറ്റപ്പെടുത്തി.

'അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ, ഈ പണി പാറമടയില്‍ ചെയ്തിരുന്നെങ്കില്‍ നാല് കാശ് കിട്ടിയേനെ'
Also Read

'അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ, ഈ പണി പാറമടയില്‍ ചെയ്തിരുന്നെങ്കില്‍ നാല് കാശ് കിട്ടിയേനെ'

ടോവിനോ തോമസ് പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് രാഷ്ട്രീയ ബജ്റംഗദള്‍, എ.എച്ച്.പി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് പൊളിച്ച് നീക്കിയത്. കാലടി മണപ്പുറത്ത് നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റ് മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് പൊളിച്ച് മാറ്റിയത്.

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന സിനിമാ ചിത്രീകരണം അനുമതി കിട്ടിയാലുടന്‍ തുടങ്ങാനിരിക്കെയാണ് സംഭവം. 50 ലക്ഷത്തോളം രൂപ മുടക്കി 100ലേറെ പേരുടെ ശ്രമഫലമായായിരുന്നു സെറ്റ് നിര്‍മാണം. എല്ലാ അനുമതിയോടും കൂടിയാണ് സെറ്റ് നിര്‍മിച്ചതെന്ന് സിനിമയുടെ നിർമാതാവ് സോഫിയ പോൾ വ്യക്തമാക്കി.

സിനിമാ സെറ്റ് തകര്‍ത്ത സംഭവം; മൂന്ന് പേര്‍ കൂടി പിടിയില്‍
Also Read

സിനിമാ സെറ്റ് തകര്‍ത്ത സംഭവം; മൂന്ന് പേര്‍ കൂടി പിടിയില്‍

സെറ്റ് തകര്‍ത്ത സംഭവത്തില്‍ ഇത് വരെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് ആറ് പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ആകെ പതിനൊന്ന് പ്രതികളാണ് കേസിലുള്ളത്. മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിയന്ത്രണങ്ങളുള്ളതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും പ്രതികളെ ഹാജരാക്കുക. പ്രതികളെ ഇന്ന് റിമാന്‍റ് ചെയ്യും. എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തികിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

ഡോ. ബിജുകുമാര്‍ ദാമോദരന്‍റെ ഫേസ്ബുക്ക് കുറിപ്പ്

സാമൂഹ്യ വിരുദ്ധർ, ഇക്കൂട്ടർ, അക്കൂട്ടർ....സിനിമാ ചിത്രീകരണത്തിനായി നിർമിച്ച പള്ളിയുടെ സെറ്റ് തകർത്ത ആളുകളെ പറ്റി സിനിമാ രംഗത്തെ തന്നെ സംഘടനകളും ചില പ്രധാന സിനിമാ പ്രവർത്തകരും വിശേഷിപ്പിക്കുന്ന ഡെക്കറേഷനുകൾ ആണ്...ചില പ്രധാന നടന്മാർ ആകട്ടെ ഇതുവരെയും ഉറക്കമുണർന്നിട്ടുമില്ല. പ്രിയപ്പെട്ടവരെ സെറ്റ് ആക്രമിച്ചത് രാഷ്ട്രീയ ബജ്രംഗദൾ എന്ന ഹൈന്ദവ വർഗ്ഗീയ തീവ്രവാദ സംഘടനയുടെ പ്രവർത്തകർ ആണ്. ആ പേര് തുറന്നു പറയാതെ നിങ്ങൾ നടത്തുന്ന ഈ ഡെക്കറേഷനും ഞാണിന്മേൽ കളിയും ഉറക്കം നടിക്കലും ഒക്കെ കാണുമ്പോൾ സത്യത്തിൽ ലജ്ജ തോന്നുന്നുണ്ട്. വർഗ്ഗീയ തീവ്രവാദികളേക്കാൾ കേരളം സൂക്ഷിക്കേണ്ടത് ഈ ബാലൻസിങ് പുരോഗമന കാപട്യവും നിശ്ശബ്ദ പിന്തുണകളും ആണ്....