LiveTV

Live

Entertainment

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; ടൊവിനോയുടെ മിന്നല്‍ മുരളിയുടെ സെറ്റ് എ.എച്ച്.പി-രാഷ്ട്രീയ ബജ് രംഗ്ദൾ പ്രവര്‍ത്തകര്‍ പൊളിച്ചു

ലോക് ഡൗണിന് മുൻപാണ് സെറ്റ് ഇട്ടത്. സെറ്റിട്ടെങ്കിലും ഷൂട്ടിംഗ് നടന്നിരുന്നില്ല

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപണം; ടൊവിനോയുടെ മിന്നല്‍ മുരളിയുടെ സെറ്റ് എ.എച്ച്.പി-രാഷ്ട്രീയ ബജ് രംഗ്ദൾ പ്രവര്‍ത്തകര്‍ പൊളിച്ചു

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ടൊവിനോ തോമസ് നായകനാകുന്ന മിന്നല്‍ മുരളിയുടെ സെറ്റ് എഎച്ച്പി, രാഷ്ട്രീയ ബജ്‌റംഗ്ദൾ പ്രവർത്തകർ ‍ പൊളിച്ചു . കാലടി മണപ്പുറത്ത് കെട്ടിയ ക്രിസ്ത്യന്‍ പളളിയുടെ സിനിമാ സെറ്റാണ് ബജ്‌റംഗ്ദൾ ഭാഗികമായി പൊളിച്ച് നീക്കിയത്. ലോക് ഡൗണിന് മുൻപാണ് സെറ്റ് ഇട്ടത്. സെറ്റിട്ടെങ്കിലും ഷൂട്ടിംഗ് നടന്നിരുന്നില്ല. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

കാര രതീഷിന്റെ നേതൃത്വത്തിലാണ് പൊളിച്ചത്. രതീഷ് കാലടി സനൽ കൊലപാതകത്തിലെ ഒന്നാം പ്രതിയും ഇപ്പോൾ എ.എച്ച്.പി ജില്ല ഭാരവാഹിയുമാണ്. സെറ്റ് ക്ഷേത്രത്തിനു മുന്നിൽ ആണെന്നാണ് ഇവരുടെ ആരോപണം. എഎച്ച്പി സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹരി പാലോട് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കി.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളിയുടെ രണ്ടാംഘട്ട ഷൂട്ടിങിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കിനിര്‍‌മിച്ച സെറ്റാണ് ഇന്നലെ പൊളിച്ച് നീക്കിയത്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരുന്ന ചിത്രീകരണം അനുമതി കിട്ടിയാലുടന്‍ തുടങ്ങാനിരിക്കെയാണ് സംഭവം. കാലടി മണപ്പുറത്ത് ക്രിസ്തൃന്‍ പള്ളിയുടെ സെറ്റ് ഉണ്ടാക്കിയത് ഹിന്ദുവിന്റെ അഭിമാനത്തിന് കോട്ടം ഉണ്ടാക്കിയതിനാലാണ് സെറ്റ് പൊളിച്ചതെന്നാണ് രാഷ്ട്രീയ ബജ്റംഗ്ദള്‍ , എഎച്ച്പി പ്രവര്‍ത്തകരുടെ വിശദീകരണം.

50 ലക്ഷത്തോളം രൂപ മുടക്കി 100ലേറെ പേരുടെ ശ്രമഫലമായായിരുന്നു സെറ്റ് നിര്‍മാണം. എല്ലാ അനുമതിയോടും കൂടിയാണ് സെറ്റ് നിര്‍മിച്ചതെന്നു സിനിമയുടെ നിർമാതാവ് സോഫിയ പോൾ വ്യക്തമാക്കി. സെറ്റ് തകർത്തതിന് എതിരെ കാലടി ശിവരാത്രി ആഘോഷസമിതി പൊലീസിന് പരാതി നൽകി. സെറ്റ് തകർത്തത് അപലപനീയം ആണെന്നും കുറ്റക്കാർക്ക് എതിരെ കർശന നടപടി വേണമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു.

ഹരി പാലോടിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കാലടി മണപ്പുറത്ത് മഹാദേവൻ്റെ മുന്നില്‍, ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്, പാടില്ല എന്ന്. പരാതികൾ നൽകിയിരുന്നു. യാചിച്ച് ശീലം ഇല്ല. ഞങ്ങള്‍ പൊളിച്ച് കളയാൻ തീരുമാനിച്ചു. സ്വാഭിമാനം സംരക്ഷിക്കുക തന്നെ വേണം. സേവാപ്രവർത്തനത്തിൽ പങ്കെടുത്ത എല്ലാ രാഷ്ട്രീയ ബജ്റംഗദൾ പ്രവർത്തകർക്കും, മാതൃകയായി പ്രവർത്തകർക്ക് ഒപ്പം നേതൃത്വം നൽകിയ രാഷ്ട്രീയ ബജ്റംഗദൾ എറണാകുളം വിഭാഗ് പ്രസിഡൻ്റ് മലയാറ്റൂർ രതീഷിനും അഭിനന്ദനങ്ങൾ. മഹാദേവൻ അനുഗ്രഹിക്കട്ടെ.

ഹരി പാലോട്, ജനറൽ സെക്രട്ടറി,AHPകേരളം,94 00 86 00 04

കാലടി മണപ്പുറത്ത് മഹാദേവൻ്റെ മുന്നില്‍,ഇത്തരത്തിൽ ഒന്ന് കെട്ടിയപ്പോൾ ഞങ്ങള്‍ പറഞ്ഞതാണ്,പാടില്ല എന്ന്,പരാതികൾ...

Posted by Hari Palode on Sunday, May 24, 2020

ഗോദക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോയും ഒന്നിക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. ജസ്റ്റിന്‍ മാത്യു, അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സമീര്‍ താഹിറാണ് ക്യാമറ. നിര്‍മ്മാണ് സോഫിയ പോള്‍.

ടൊവിനോ ഇനി നാടന്‍ സൂപ്പര്‍ ഹീറോ ‘മിന്നല്‍ മുരളി’
Also Read

ടൊവിനോ ഇനി നാടന്‍ സൂപ്പര്‍ ഹീറോ ‘മിന്നല്‍ മുരളി’