LiveTV

Live

Entertainment

രണ്ടാം വരവിലും മഹാഭാരതം സൂപ്പര്‍ഹിറ്റായി ഓടുമ്പോള്‍ ‘ദേവേന്ദ്രന്‍’ ഭക്ഷണത്തിനും മരുന്നിനുമായി വലയുകയാണ്

ഒരു കാലത്ത് പഞ്ചാബി സിനിമകളിലും സീരിയലുകളിലും നിറഞ്ഞുനിന്ന താരമായിരുന്നു സതീഷ് കൌള്‍

 രണ്ടാം വരവിലും മഹാഭാരതം സൂപ്പര്‍ഹിറ്റായി ഓടുമ്പോള്‍ ‘ദേവേന്ദ്രന്‍’ ഭക്ഷണത്തിനും മരുന്നിനുമായി വലയുകയാണ്

ലോക്ഡൌണില്‍ വീട്ടിലിരുന്ന മടുത്ത ജനങ്ങളുടെ ബോറടി മാറ്റാനാണ് ദൂരദര്‍ശന്‍ മഹാഭാരതം പരമ്പര വീണ്ടും സംപ്രേക്ഷപണം ചെയ്തു തുടങ്ങിയത്. പഴയകാലത്തെ പോലെ രണ്ടാം വരവിലും സീരിയല്‍ ഹിറ്റായി. എന്നാല്‍ പരമ്പര റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുമ്പോഴും അതില്‍ ഇന്ദ്രനായി അഭിനയിച്ച സതീഷ് കൌള്‍(73) എന്ന നടന്‍ നിത്യച്ചെലവുകള്‍ക്കും മരുന്നിനുമായി ബുദ്ധിമുട്ടുകയാണ്.

ഒരു കാലത്ത് പഞ്ചാബി സിനിമകളിലും സീരിയലുകളിലും നിറഞ്ഞുനിന്ന താരമായിരുന്നു സതീഷ് കൌള്‍. പഞ്ചാബി സിനിമയിലെ അമിതാഭ് ബച്ചന്‍ എന്നായിരുന്നു കൌള്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ 2011 ഓടെ ഇദ്ദേഹം അഭിനയം നിര്‍ത്തുകയും പിന്നീട് ഒരു ആക്ടിംഗ് സ്കൂള്‍ തുടങ്ങുകയും ചെയ്തു. എന്നാല്‍ ഇതൊരു പരാജയമായിരുന്നു. സ്കൂളിന് വേണ്ടിയായിരുന്നു തന്റെ സമ്പാദ്യം മുഴുവന്‍ കൌള്‍ ചെലവഴിച്ചത്. സ്കൂള്‍ നഷ്ടമായതോടെ കൌളിന്റെ ജിവിതവും തകിടം മറിഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തു.

പാട്യാലയിലെ ഒരു കോളേജില്‍ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്തിരുന്നു. എന്നാൽ അഞ്ച് വർഷം മുൻപുണ്ടായ അപകടത്തില്‍ ഇടുപ്പെല്ല് തകര്‍ന്ന് കിടപ്പിലായതോടെ ആ വരുമാനവും നിലച്ചു. രണ്ടര വര്‍ഷത്തോളം ആശുപത്രിയില്‍ കിടപ്പിലായ സതീഷ് പിന്നീടാണ് ലുധിയാനയിലെ വിവേകാനന്ദ വൃദ്ധസദനത്തിലേയ്ക്ക് താമസം മാറ്റിയത്. ഭാര്യയുമായി വേര്‍പിരിഞ്ഞ ഇദ്ദേഹത്തിന് ഒരു മകനുണ്ട്.

പഞ്ചാബ് സര്‍ക്കാരിന്റെ സഹായം കൊണ്ട് ഇതുവരെ പിടിച്ചുനിന്നെങ്കിലും ലോക്ഡൌണ്‍ ആയതോടെ പ്രതിസന്ധിയിലായി. ഇപ്പോള്‍ ഭക്ഷണത്തിനും മരുന്നുകള്‍ക്കും വാടക കൊടുക്കാനുമായി ബുദ്ധിമുട്ടുകയാണ് സതീഷ്. ഇപ്പോഴും അഭിനയിക്കാന്‍ ഒരുക്കമാണെന്ന് സതീഷ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.