'പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകള്’; ഹൃദയത്തില്‍ തൊട്ട് ആശംസ നേര്‍ന്ന് മമ്മൂട്ടി

മലയാളത്തിന്റെ മഹാനടന് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. എന്റെ ലാലിന് എന്ന കുറിപ്പോടെ പങ്കുവെച്ച ജന്മദിനാശംസ വിഡിയോയില്‍ മോഹന്‍ലാലുമായുള്ള സിനിമാ-ജീവിതാനുഭവങ്ങള്‍ മമ്മൂട്ടി ഓര്‍ത്തെടുത്തു. മോഹന്‍ലാലുമൊത്തുള്ള അപൂര്‍വ ഓര്‍മ്മകള്‍ പേറുന്ന ഫോട്ടോകളും മമ്മൂട്ടി വീഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്.
മമ്മൂട്ടിയുടെ വാക്കുകൾ:
‘ലാലിന്റെ ജന്മദിനമാണിന്ന്. ഞങ്ങൾ തമ്മിൽ പരിചയമായിട്ട് 39 വർഷങ്ങൾ കഴിഞ്ഞു. പടയോട്ടത്തിന്റെ സെറ്റിലാണ് ആദ്യം കാണുന്നത്. ആ പരിചയം, ദാ ഇന്നു വരെ. എന്റെ സഹോദരങ്ങള്‍ വിളിക്കുന്നതുപോലെയാണ് ലാൽ എന്നെ സംബോധനെ ചെയ്യുന്നത്. ‘ഇച്ചാക്കാ’. പലരും അങ്ങനെ ആലങ്കാരികമായി വിളിക്കുമ്പോളും എനിക്ക് അത്ര സംതൃപ്തി തോന്നാറില്ല. ലാൽ വിളിക്കുമ്പോൾ ഒരു പ്രത്യേക സുഖം. എന്റെ സഹോദരങ്ങളിൽ ഒരാളെന്ന തോന്നൽ. സിനിമയിൽ വരുമ്പോൾ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരു പേരായിരുന്നു, രണ്ടുപേരുടെയും കൂടെ ചേർത്തുവച്ച് ഒരുപേര്.’
‘അന്ന് സിനിമയോട് ഗൗരവമായ സമീപനമുണ്ടായിരുന്നെങ്കിലും ജീവിതത്തോട് അങ്ങനെയൊരു സമീപനമായിരുന്നില്ല. പരീക്ഷ വരുമ്പോള്‍ മാത്രം പഠിക്കുന്ന വിദ്യാർഥികളെപ്പോലെ തൊഴിലിൽ മാത്രമാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. അങ്ങനെയുള്ള പരീക്ഷകളില്‍ സാമാന്യം നല്ല മാർക്കും കിട്ടി. അതുകൊണ്ടാണ് ഇപ്പോഴും ആളുകൾ സ്നേഹിക്കുന്ന നടന്മാരായി മാറിയത്. അതിനു ശേഷമുള്ള യാത്ര വളരെ നീണ്ടതായിരുന്നു. ചില്ലറ പരിഭവങ്ങളും പിണക്കങ്ങളും നേരിട്ട് കാണുമ്പോൾ ഐസ് പോലെ അലിഞ്ഞുപോകുന്നത് നേരിട്ട് അനുഭവിച്ചിട്ടുണ്ട്. എന്റെ മകളും മകന്റെയും വിവാഹം ലാൽ, സ്വന്തം വീട്ടിലെ വിവാഹം പോലെ നടത്തി. അപ്പുവിനെ ആദ്യമായി സിനിമയിലേക്ക് അവതരിപ്പിക്കും മുമ്പ് എന്റെ വീട്ടിൽ വന്ന് അനുഗ്രഹം വാങ്ങി, എന്റെ സ്നേഹം വാങ്ങി, പ്രാർഥനകൾ കൊണ്ടുപോയി. അതിനപ്പുറത്തേക്ക് നമ്മൾ തമ്മിൽ സിനിമയേക്കാള്‍ വലിയ സൗഹൃദം വളർന്നിരുന്നു.’
‘ഈ യാത്ര നമുക്ക് തുടരാം. പുഴയൊഴുകുന്നത് പോലെ, കാറ്റ് വീശുന്നത് പോലെ. നമ്മുടെ ജീവിതപാഠങ്ങള്‍ നമുക്ക് ശേഷം വരുന്നവര്‍ക്ക് അറിഞ്ഞ് മനസിലാക്കാനുള്ള പാഠങ്ങളാകട്ടെ, മലയാളത്തിന്റെ അത്ഭുത കലാകാരന്, ലാലിന് മലയാളികളുടെ ലാലേട്ടന്, മലയാള സിനിമ കണ്ട മഹാനായ നടന്, പ്രിയപ്പെട്ട മോഹന്‍ലാലിന് ജന്മദിനാശംസകള്.’