'ഇതാണാ ചിത്രം'; റോഷന് മാത്യു - അനുരാഗ് കശ്യപ് ചിത്രം ജൂണ്‍ അഞ്ചിന് റിലീസ് ചെയ്യും
ഒരു സ്ക്രിപ്റ്റ് മെയിൽ അയക്കുന്നുണ്ടെന്നും ഒരുപാട് നാളുകളായി ചെയ്യാൻ ആഗ്രഹിച്ച ചിത്രമാണെന്നും അതില്‍ ഭാഗമാകാന്‍ താല്പര്യമുണ്ടെങ്കില് അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു

മൂത്തോന് എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ രാജ്യാന്തര അംഗീകാരം നേടിയ മലയാളി താരം റോഷന് മാത്യുവിന്റെ ആദ്യ ബോളിവുഡ് ചിത്രം റിലീസിനൊരുങ്ങുന്നു. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന 'ചോക്ഡ്' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. നെറ്റ്ഫ്ലിക്സ് റിലീസ് ആയി ജൂൺ അഞ്ചിന് ചിത്രം സ്ട്രീം ചെയ്തു തുടങ്ങും. റോഷന് തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
‘2018 നവംബർ മൂന്നിനാണ് അനുരാഗ് കശ്യപ് എന്നെ വിളിക്കുന്നത്. മൂത്തോൻ സിനിമയുടെ എഡിറ്റിനിടെ എന്റെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞു. ആകാംക്ഷയാൽ എനിക്ക് പറയാൻ മറുപടി കിട്ടുന്നില്ലായിരുന്നു. ഒരു സ്ക്രിപ്റ്റ് മെയിൽ അയക്കുന്നുണ്ടെന്നും ഒരുപാട് നാളുകളായി ചെയ്യാൻ ആഗ്രഹിച്ച ചിത്രമാണെന്നും അതില്‍ ഭാഗമാകാന്‍ താല്പര്യമുണ്ടെങ്കില് അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതാണ് ചോക്ഡ്.’ ജൂണ്‍ അഞ്ച് മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ ഏവരിലേക്കും. റോഷൻ കുറിച്ചു.
'മിര്‍സ്യ' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സയാമി ഖേര്‍ ആണ് ചിത്രത്തിലെ മറ്റൊരു കേന്ദ്ര കഥാപാത്രം. തന്റെ അടുക്കളയില്‍ നിന്നും അവിചാരിതമായി ഒരു വലിയ തുക കണ്ടെത്തുന്ന ഒരു ബാങ്ക് കാഷ്യറുടെ കഥയാണ് ചിത്രം പറയുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനില്‍ മികച്ച പ്രകടനമാണ് റോഷന് നടത്തിയത്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയത് അനുരാഗ് കശ്യപായിരുന്നു. കൂടാതെ, ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അനുരാഗ് കശ്യപ്.