'ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ, എവിടെ, ഏത് സിനിമ പ്രദര്‍ശിപ്പിക്കണമെന്ന് നിർമാതാക്കളും തിയേറ്റേഴ്സും തീരുമാനിക്കട്ടെ'; ലിജോ ജോസ് പെല്ലിശ്ശേരി

ജയസൂര്യ നായകനായ മലയാള ചലച്ചിത്രം സൂഫിയും സുജാതയും ഓണ്‍ലൈനില്‍ റിലീസ് ചെയ്യാനുള്ള തീരുമാനത്തിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. തങ്ങളുടെ സിനിമ എവിടെ എപ്പോള്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍മാതാക്കളും തിയേറ്റര്‍ ഉടമകളും തീരുമാനിക്കട്ടെയെന്നും അത് എവിടെ എപ്പോള്‍ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ച്ചക്കാരനുമുണ്ടെന്ന് ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു. നിലവിൽ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുകയെന്നത് എല്ലാവര്ക്കും ഒരു പോലെ പ്രായോഗികമല്ലെന്നും ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ടെന്നും ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ജയസൂര്യ നായകനായ സൂഫിയും സുജാതയും ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശിപ്പിക്കുന്ന കാര്യം ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് നിര്‍മാതാവ് വിജയ് ബാബുവിന്റെ പ്രതികരണം പുറത്തുവന്നിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആമസോണ്‍ വഴിയുള്ള റിലീസ് ഇത് പോലെയുള്ള ചെറിയ ബജറ്റ് ചിത്രങ്ങള്‍ക്ക് ആശ്വാസമാണെന്നും കൊറോണ കഴിഞ്ഞാല്‍ നിരവധി സിനിമകളാണ് പുറത്തിറങ്ങാന്‍ കാത്തിരിക്കുന്നതെന്നും അതിനിടയില്‍ തിയേറ്ററുകളില്‍ നിയന്ത്രണം കൂടി വരുന്നതോടെ വലിയ വിജയം പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും വിജയ് ബാബു പറഞ്ഞു. ആമസോണ്‍ പ്രൈം വഴിയുള്ള വരുമാനം ചെറിയ രീതിയില്ലെങ്കിലും സൂഫിയും സുജാതയും എന്ന സിനിമക്ക് ലാഭകരമാണെന്നും വിജയ് ബാബു പറഞ്ഞു.
അതെ സമയം നിര്‍മാതാവ് വിജയ് ബാബുവിനും നടന് ജയസൂര്യക്കുമെതിരെ എക്സിബിറ്റേഴ്സ് ഫെഡറേഷനും തിയേറ്റര്‍ ഉടകളുടെ സംഘടനയായ ഫിയോക്കും രംഗത്തുവന്നിട്ടുണ്ട്. വിജയ് ബാബുവിന്റെ സിനിമകള്‍ കൊറോണ കഴിഞ്ഞാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് സംഘടനാ തീരുമാനം.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ്
തങ്ങളുടെ സിനിമകൾ എവിടെ പ്രദര്ശിപ്പിക്കണമെന്നു നിർമാതാക്കളും ഏതു സിനിമ പ്രദര്ശിപ്പിക്കണമെന്നു തീയേറ്റേഴ്സും തീരുമാനിക്കട്ടെ. ഇനി അതെങ്ങനെ എവിടെ എപ്പോൾ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ട്. നിലവിൽ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവര്ക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത് പരമമായ സത്യം മാത്രം.
ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ എന്നൊരഭിപ്രായം കൂടിയുണ്ട്